സ്റ്റൈൽ മന്നൻ ആരാധകർ ഒഴുകിയെത്തി; തിയറ്ററുകളെ പൂരപ്പറമ്പാക്കി കബാലി
സ്റ്റൈൽ മന്നൻ ആരാധകർ ഒഴുകിയെത്തി; തിയറ്ററുകളെ പൂരപ്പറമ്പാക്കി കബാലി
Friday, July 22, 2016 1:37 PM IST
കൊച്ചി: ലോകമെമ്പാടുമുള്ള സ്റ്റൈൽ മന്നൻ ആരാധകർ കാത്തിരുന്ന ചിത്രം കബാലി തിയറ്ററുകളിലെത്തി. പതിവുപോലെ ആരവങ്ങളുമായി ആരാധകർ ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഇടിച്ചുകയറി.

ആദ്യദിനം തന്നെ ചിത്രം കാണാനായി വളരെ നേരത്തെ തന്നെ ആരാധകർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടായിരുന്നു ഇന്നലെ കബാലി ലോകമൊട്ടാകെ നാലായിരത്തിലധികം തിയറ്ററുകളിലെത്തിയത്.

കേരളത്തിൽ മാത്രം 306 തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. എറണാകുളത്തും ആരാധകർ തിയറ്ററുകളെ പൂരപ്പറമ്പാക്കി സ്റ്റൈൽ മന്നൻ രജനിയുടെ പുതിയ ചിത്രത്തെ വരവേറ്റു.

എറണാകുളത്ത് 37 ഇടങ്ങളിൽ കബാലി പ്രദർശനത്തിനെത്തിയിരുന്നു. പുലർച്ചെ മുതൽ തിരക്കായിരുന്നു. തിയറ്ററുകളും പരിസരങ്ങളും രജനി ആരാധകർ പോസ്റ്ററുകളും കട്ടൗട്ടുകളും കൊണ്ടുനിറച്ചിരുന്നു. എറണാകുളത്ത് സരിത, സവിത, സംഗീത, കവിത, പത്മ, ശ്രീധർ എന്നീ തിയറ്ററുകളിലും ഒബ്റോൺ മാളിലെ നാലു സ്ക്രീൻ, ഗോൾഡ് സൂക്കിലെ നാല്, ലുലു മാളിലെ പിവിആർ സിനിമാസിലെ ഒൻപത് സ്ക്രീൻ, സിനിപോളിസിൽ 11 സ്ക്രീൻ എന്നിവിടങ്ങളിലുമാണു കബാലി പ്രദർശനത്തിനെത്തിയത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ ആദ്യ പ്രദർശനം മുതൽ തന്നെ പ്രേക്ഷകർ നിറഞ്ഞിരുന്നു.


പടം കഴിഞ്ഞു പുറത്തുവന്ന ആളുകളുടെ മുഖത്തും സ്റ്റൈൽ മന്നൻ ചിത്രം കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രകടമായി. ആരാധകരെ നിരാശപ്പെടുത്തിയ ലിംഗ, കൊച്ചടിയാൻ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന രജനീകാന്ത് ചിത്രമെന്ന നിലയിലായിരുന്നു കബാലിയുടെ വരവ്. പ്രിയതാരത്തിന്റെ പ്രകടനം കാണാനെത്തിയ ആരാധകർക്കു നിരാശപ്പെടേണ്ടി വന്നില്ല എന്നുതന്നെയാണു ചിത്രത്തെക്കുറിച്ചുള്ള ആദ്യ ദിനത്തെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും തന്നെ ഹൗസ് ഫുള്ളായിരുന്നു. കേരളത്തിൽ കബാലി പ്രദർശിപ്പിച്ച എല്ലാ കേന്ദ്രങ്ങളിലും ആരാധകരുടെ തള്ളിക്കയറ്റമുണ്ടായി.

റിലീസ് ദിനമായ ഇന്നലെ തന്നെ കബാലിയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇത് ആരാധകരുടെ ആവേശത്തെ തെല്ലും കെടുത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.