കെ. ബാബു നൂറു കോടിയുടെ അഴിമതി നടത്തിയെന്നു വിജിലൻസ്
കെ. ബാബു നൂറു കോടിയുടെ അഴിമതി നടത്തിയെന്നു വിജിലൻസ്
Friday, July 22, 2016 1:37 PM IST
മൂവാറ്റുപുഴ: ബാറുടമകളെ സമ്മർദത്തിലാഴ്ത്തി മുൻ എക്സൈസ് മന്ത്രി കെ. ബാബു നൂറുകോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നു ചൂണ്ടിക്കാട്ടി എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻസ് ബ്യൂറോ എസ്പി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് നൽകി. മന്ത്രിപദവി ദുരുപയോഗം ചെയ്തു 2011 മുതൽ 2016 വരെയുള്ള കാലയളവിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ബാർ ലൈസൻസും ബിയർ ആൻഡ് വൈൻ ലൈസൻസും നൽകിയാണ് അഴിമതിനടത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു.

ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ നിർദേശങ്ങൾക്കനുസൃതമായി സർക്കാർ വിജ്‌ഞാപനങ്ങൾ അടിക്കടി മാറ്റിയതിലൂടെ കെ. ബാബു അനധികൃത നേട്ടങ്ങളുണ്ടാക്കി. ചില ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതു ക്രമമനുസരിച്ചല്ലെന്നും ചില ബാർ ഉടമകളുടെ താത്പര്യം സംരക്ഷിക്കുന്നതിനായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2014 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സർക്കാർ വിജ്‌ഞാപനത്തിലൂടെ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് നൽകുകയുള്ളൂവെന്ന മദ്യനയം മൂന്നു മാസത്തിനുള്ളിൽ തിരുത്തി. ബാർ ലൈസൻസുണ്ടായിരുന്ന ഹോട്ടലുകൾക്കു ബിയർ ആൻഡ് വൈൻ പാർലർ അനുവദിക്കാനുള്ള തിരുത്തൽ തീരുമാനം ഇത്തരത്തിലുള്ള ക്രമക്കേടുകൾക്കുള്ള ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


2014 ഡിസംബർ 18ലെ മന്ത്രിസഭാ യോഗത്തിലെത്തിയ അനധികൃതമായ ഒരു കത്തിന്റെ അടിസ്‌ഥാനത്തിലാണു മദ്യനയത്തിൽ മാറ്റമുണ്ടായത്. ഈ കത്ത് മന്ത്രി കെ. ബാബു തയാറാക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ കണ്ടെത്തിയിരിക്കുന്നത്. ഇതു എക്സൈസ് കമ്മീഷണർ അറിയാതെയായിരുന്നുവെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു.

ബിയർ ആൻഡ് വൈൻ ലൈസൻസ് നൽകുന്നതിൽ നിയമതടസങ്ങളും സങ്കീർണതകളും ഉണ്ടെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചുവെങ്കിലും മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ഇപ്പോൾതന്നെ സർക്കാർ വിജ്‌ഞാപനമിറക്കണമെന്നും മന്ത്രിയായിരിക്കെ കെ. ബാബു നിർദേശം നൽകിയതു സംശയകരമാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഹോട്ടൽ ഉടമകളുടെ സംഘടനയായ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി.എ. രാധാകൃഷ്ണൻ വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിലാണു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. എസ്പിക്കു വേണ്ടി വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.