ബാർ കോഴ: ചെന്നിത്തലയെ വിമർശിച്ചു വീണ്ടും ’പ്രതിച്ഛായ‘
Friday, July 22, 2016 1:23 PM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരേ കേരള കോൺഗ്രസ്–എം മുഖപത്രമായ പ്രതിച്ഛായയിൽ രൂക്ഷവിമർശനം. ബാർകോഴ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാൻ കേരള കോൺഗ്രസ്–എം നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളാണു പാർട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയിലൂടെ പുറത്തുവന്നത്.

പ്രതിച്ഛായയിലെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതു പാർട്ടി അന്വേഷണ റിപ്പോർട്ടിലെ ഭാഗങ്ങളാണെന്നു കേരള കോൺഗ്രസ്–എം മുൻ ജനറൽ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ ശ്രമങ്ങൾക്കു കൂട്ടുനിൽക്കാതിരുന്നതാണു ബാർകോഴയിൽ മാണിയെ പ്രതിയാക്കാൻ കാരണമായതെന്നു കെഎസ്സി–എം സംസ്‌ഥാന പ്രസിഡന്റ് രാഗേഷ് എഴുതിയ ലേഖനത്തിൽ പറയുന്നു.

രമേശ് ചെന്നിത്തലയ്ക്കൊപ്പം കൂട്ടുചേരാൻ കെ. ബാബുവിനെയും അടൂർ പ്രകാശിനെയും പ്രേരിപ്പിച്ചതു ചില അബ്കാരി താത്പര്യങ്ങളാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

സ്പീക്കറായിരുന്ന ജി. കാർത്തികേയന്റെ ചികിത്സാർഥം രമേശ് ചെന്നിത്തല അമേരിക്കയിലായിരിക്കെയാണു ബിജു രമേശ് കെ.എം. മാണിയെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം നെടുമ്പാശേരിയിൽ എത്തിയ രമേശ് ചെന്നിത്തല ആരോപണത്തിന്റെ നിജസ്‌ഥിതി അന്വേഷിക്കാതെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്നോണം കെ.എം. മാണിക്കെതിരേ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടു.

കൺസ്യൂമർ ഫെഡ്, കശുവണ്ടി വികസന കോർപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഇതിനേക്കാൾ ഗുരുതരമായ പല ആരോപണങ്ങളും മറ്റു ചിലർക്കെതിരേ ഉയർന്നപ്പോൾ മൗനം പാലിച്ചവരാണ് ഇതു ചെയ്തത്. രമേശ് ചെന്നിത്തല വിദേശയാത്രയ്ക്കു പോകുന്നതിനു മുമ്പ് തന്നെ കെ. എം. മാണിയെ കുടുക്കുന്നതിനുള്ള തിരക്കഥകൾ മുഴുവൻ തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്നും ലേഖനത്തിൽ പറയുന്നു.

ബാർ കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കു പങ്കുണ്ടെന്നു കേരള കോൺഗ്രസും കെ.എം. മാണിയും ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ഇതുവരെ ഒരു അന്വേഷണവും നടത്താൻ കെപിസിസി തയാറാകാത്തതു ഖേദകരവും സംശയാസ്പദവുമാണ്. ബാർ വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനിലെ പ്രധാന നിർദേശം നടപ്പിലാകണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട നടപടികളുടെ കരട് തയാറാക്കി നിയമവകുപ്പിന്റെ അനുവാദത്തോടെ വേണം അന്തിമതീരുമാനം എടുക്കാൻ. ഇതുമാത്രമാണ് നിയമമന്ത്രിക്ക് ബാർ കോഴയുമായുള്ള ബന്ധം. ബന്ധപ്പെട്ട ഫയൽ നിയമവകുപ്പുമായി ആലോചിച്ച് ഉടനടി തീരുമാനമെടുക്കണമെന്ന് എക്സൈസ് വകുപ്പ് കുറിപ്പു രേഖപ്പെടുത്തി.


എന്നാൽ, ഈ ഫയൽ 13 ദിവസം കഴിഞ്ഞിട്ടും നിയമവകുപ്പിൽ എത്തിയില്ല. ഇതു സംശയാസ്പദമാണ്.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇതറിയാം. ഇത്തരത്തിൽ ഫയൽ അയച്ചിട്ടില്ലെന്ന കാര്യം മറച്ചുവച്ചു കെ.എം. മാണി മനഃപൂർവം ഫയൽ പിടിച്ചുവച്ചതുകൊണ്ടാണ് മന്ത്രിസഭയിൽ എത്താതിരുന്നതെന്നും അതിനാലാണ് വി.എം. സുധീരന് ഇടപെടാൻ അവസരം ലഭിച്ചതെന്നും ചില മന്ത്രിമാർ ബിജു രമേശനെ ധരിപ്പിക്കുകയും ഇവർ ചേർന്ന് ആരോപണം ഉന്നയിക്കുകയുമായിരുന്നു. പലർക്കും കൊടുക്കാനെന്ന പേരിൽ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് കൊടുക്കേണ്ടി വന്നപ്പോഴാണു രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിച്ചത്.

എന്നാൽ, കെ.എം. മാണിയുടെ കാര്യത്തിൽ കാട്ടിയ താത്പര്യ വും ഉത്സാഹവും ബിജു രമേശ് മറ്റു മന്ത്രിമാർക്കെതിരേ കാട്ടിയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.എം. മാണിയുടെ രാജിക്കാര്യത്തിൽ സ്വീകരിച്ച നിലപാടല്ല മറ്റു മന്ത്രിമാർക്കെതിരേ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നടപടിയും അത്യന്തം സംശയം ജനിപ്പിക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.

ലേഖനത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വരും ദിവസങ്ങളിൽ യുഡിഎഫിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും കേരള കോൺഗ്രസും നേർക്കുനേർ പോരിനു വഴിതെളിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.