പത്തുലക്ഷം രോഗികൾ; 170 ഡോക്ടർമാർ
പത്തുലക്ഷം രോഗികൾ; 170 ഡോക്ടർമാർ
Friday, July 22, 2016 1:23 PM IST
<ആ>കെ.എസ്. ഫ്രാൻസിസ്

ഇടുക്കി ജില്ലയിൽ സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന രോഗികളുടെ എണ്ണം പ്രതിവർഷം പത്തു ലക്ഷത്തിലധികമാണ്. ഒപിയിൽ എത്തുന്നവരുടെ മാത്രം കണക്കാണിത്. ഐപിയിൽ തുടർചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വേറെ.

ജില്ലയിലെ ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ മറ്റു ഓഫീസുകളിലുമായി 235 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. രേഖകൾ പ്രകാരം ഇടുക്കിയിൽ 170 ഡോക്ടർമാർ ജോലിചെയ്യുന്നുണ്ട്.

65 ഡോക്ടർമാരുടെ കുറവ്. നഴ്സുമാരുൾപ്പെടെ ജീവനക്കാരുടെ തസ്തിക 1730 ആണ്. ഇതിൽ നിയമനം നൽകിയിട്ടുള്ളത് 1200 പേർക്കു മാത്രം.

ആശുപത്രികളും മറ്റു ആരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടെ 63 ആതുര ശുശ്രൂഷാ സ്‌ഥാപനങ്ങളുണ്ട്. 30 പ്രാഥമികാകാരോഗ്യ കേന്ദ്രങ്ങളും 12 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും നാല് താലൂക്ക് ആശുപത്രികളും ഒരു ജില്ലാ ആശുപത്രിയും ഒരു ജനറൽ ആശുപത്രിയും മൂന്നു സഞ്ചരിക്കുന്ന ആശുപത്രികളും ഉൾപ്പെടെ 51 ആതുരസേവന കേന്ദ്രങ്ങളും ടിബി സെന്റർ, ഡിഎംഒ ഓഫീസ് തുടങ്ങിയ 12 ആരോഗ്യകേന്ദ്രങ്ങളുമാണ് ജില്ലയിൽ സർക്കാരിന്റേതായുള്ളത്.

ഇടുക്കിയിൽ നിയമനം ലഭിക്കുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരിൽ ഭൂരിപക്ഷവും ചാർജെടുക്കുന്ന അന്നുതന്നെ ലീവെടുത്തു പോകുകയാണ് പതിവ്. യാത്രാദുരിതവും കാലാവസ്‌ഥയും അവർക്കു സഹിക്കാനാവുന്നില്ലത്രേ!

ഒഴിവുകളിൽ സംവരണ ലിസ്റ്റിലുള്ളവർ വരാതിരിക്കുന്നതും പകരം ജനറൽ വിഭാഗത്തിൽനിന്ന് ഒഴിവു നികത്താനാകാത്തതും തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ കാരണമാണ്.

<ആ>ഇടുക്കി അന്യദേശമോ?

ചില ജനപ്രതിനിധികളുടെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും സമീപനം കണ്ടാൽ ഇടുക്കി പാക്കിസ്‌ഥാനോ, ചൈനയോ ആണെന്നു തോന്നും. ജില്ലയ്ക്കുള്ളിലാണെങ്കിൽ ഉടുമ്പൻചോല, ദേവികുളം, പീരുമേട്, ഇടുക്കി അസംബ്ലി നിയോജകമണ്ഡലങ്ങൾ ഓരോ നാട്ടുരാജ്യങ്ങളാണെന്നും തോന്നും. തൊടുപുഴ ഇടുക്കി ജില്ലയിലാണെങ്കിലും മറ്റേതോ പ്രത്യേക പ്രവിശ്യയുടെ കീഴിലാണെന്ന പോലെയാണ്.

അഞ്ച് അസംബ്ലി നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളജിന്റെ കാര്യത്തിൽ മെഡിക്കൽ കോളജ് ഇടുക്കി അസംബ്ലി മണ്ഡലത്തിന്റെ സ്വന്തം കാര്യമെന്ന നിലയിലാണ് കാര്യങ്ങളു–ടെ പോക്ക്.

<ആ>ഇഴഞ്ഞ് ഇഴഞ്ഞൊരു നിർമാണം

മെഡിക്കൽ കോളജ് ആശുപത്രിയുടെയും മെഡിക്കൽ വിദ്യാർഥികളുടെയും പഠനസൗകര്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയും നിർമാണം ഒച്ചിഴയുന്നതുപോലെയാണ് പുരോഗമിക്കുന്നത്.

ആശുപത്രിയിൽ കിടത്തിചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഏറ്റവുമാദ്യമുണ്ടാകേണ്ടത് ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സാണ്. അതിനായി സ്‌ഥാപിച്ച കോൺക്രീറ്റ് പില്ലറുകൾ പായലുപിടിച്ചുതുടങ്ങി. നിർമാണ ഏജൻസിയായ കിറ്റ്കോയ്ക്ക് ലഭിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതാണു നിർമാണം ഇഴയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കിടക്കകളുടെ എണ്ണം മുന്നൂറാക്കാനുള്ള കെട്ടിടം പൂർത്തിയാക്കുകയും ആവശ്യമായ ഉപകരണങ്ങൾ മുഴുവനായും കിറ്റ്കോ എത്തിച്ചിരുന്നു.

എന്നാൽ ഈ ഉപകരണങ്ങൾ ഏറ്റെടുക്കാൻ സൂപ്രണ്ടോ പ്രിൻസിപ്പലോ തയാറാകാതെവന്നതോടെ കരാറുകാർക്ക് ലഭിക്കേണ്ടിയിരുന്ന തുക ലഭിക്കാതെവന്നു. ഇതേത്തുടർന്നാണ് ഓപ്പറേഷൻ തിയറ്ററിന്റെ നിർമാണം കരാറുകാർ മരവിപ്പിച്ചതെന്നു പറയുന്നു.




<ആ>പഠനസൗകര്യങ്ങൾ പൂർത്തിയായിട്ടും പ്രവേശനം തടഞ്ഞു

മെഡിക്കൽ കോളജിലെ പഠനസൗകര്യങ്ങൾ ഭാഗികമായി പൂർത്തിയായിരുന്നു. രണ്ടാംവർഷ വിദ്യാർഥികൾക്കുള്ള പതോളജി, മൈക്രോബയോളജി ലാബുകൾ തയാറായിട്ടുണ്ട്. ഇതിലേക്കാവശ്യമായ ഉപകരണങ്ങളും എത്തിയിട്ടുണ്ട്.

രണ്ടു ലക്ചർ ഹാളുകളുമുണ്ട്. റഫറൻസ് ലൈബ്രറി, മെഡിക്കൽ ലൈബ്രറി, നൂറുപേർക്കുള്ള ഹോസ്റ്റൽ സൗകര്യം എന്നിവയുമുണ്ട്. 50 പേർക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുമുണ്ട്.

ഇത്രയൊക്കെയായെങ്കിലും മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു ക്ലിനിക്കൽ പഠനത്തിനുള്ള സൗകര്യം ഒരുങ്ങിയില്ല. 131 കിടക്കകളുള്ള ജില്ലാ ആശുപത്രിയിൽ 180 കിടക്കകൾകൂടി അധികമായി സ്‌ഥാപിച്ചു. എന്നാൽ ഇവിടേക്ക് രോഗികളെ മാറ്റാൻ സാധിക്കുന്നില്ല.

<ആ>ജീവനക്കാരുടെ കുറവും കെട്ടിടങ്ങളുടെ പോരായ്മയും

മെഡിക്കൽ കോളജിനെ പ്രതിസന്ധിയിലാക്കുന്നതു പ്രധാനമായും ജീവനക്കാരുടെ കുറവാണ്. ആവശ്യമുള്ള പ്രഫസർമാരെയും ക്ലിനിക്കൽ പരിശീലനം നൽകുന്ന മറ്റു ഡോക്ടർമാരെയും നിയമിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.

ആശുപത്രിയിൽ രോഗികളില്ലാത്തതല്ല, രോഗികളെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ കിടത്തി ചികിത്സിക്കാനാവാത്തതാണ് പഠനത്തിനു തടസമാകുന്നത്. ഡോക്ടർമാരെ നിയമിക്കേണ്ട സർക്കാർ മറ്റു മെഡിക്കൽ കോളജുകളിലുള്ളവരെ ഇടുക്കിയിലേക്കു മാറ്റി മെഡിക്കൽ കൗൺസിലിന്റെ കണ്ണിൽ പൊടിയിടുകയായിരുന്നെന്നും ആക്ഷേപമുണ്ട്.ഇടുക്കിക്കു സ്‌ഥലംമാറ്റം നൽകുന്ന ഡോക്ടർമാർക്ക് ഒരുവർഷമെങ്കിലും കഴിയാതെ മാറ്റം അനുവദിക്കാതിരുന്നാലും പ്രശ്നത്തിനു പരിഹാരം കാണാനാകുമായിരുന്നു. ഇടുക്കിപോലുള്ള ജില്ലകളിൽ ജോലിചെയ്യാൻ തയാറാകുന്ന ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതും ഗുണകരമായേനെ. ഒന്നരവർഷം ഇടുക്കിയിൽ ജോലിചെയ്യുന്നവർക്ക് ഇവർ ആവശ്യപ്പെടുന്ന സ്‌ഥലങ്ങളിൽ ജോലി നൽകാൻകൂടി ശ്രമിച്ചാൽ ഇവിടേക്ക് ഡോക്ടർമാരും മറ്റു പ്രഫസർമാരും വരാൻ താത്പര്യം കാണിക്കുമായിരുന്നു. ഇതിനുപകരം ജീവനക്കാർക്ക് താമസിക്കാൻ യാതൊരു സംവിധാനവുമൊരുക്കാതെ ഇടുക്കിപോലുള്ള സ്‌ഥലങ്ങളിലേക്ക് നിയമിക്കുന്നത് ശിക്ഷണ നടപടിക്കു തുല്യമായാണ് ഇവർ കാണുന്നത്.

<ആ>കെട്ടിടങ്ങൾ പണിയുന്നതിനു തടസങ്ങളില്ല

ഇടുക്കി മെഡിക്കൽ കോളജിനാവശ്യമായ കെട്ടിടസമുച്ചയം നിർമിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. ചെറുതോണി അണക്കെട്ടിനു മുന്നിലുള്ള സ്‌ഥലമായതിനാലും പാരിസ്‌ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും മുൻകരുതൽ സ്വീകരിച്ചാണ് കെട്ടിട നിർമാണം ആരംഭിച്ചത്.കിറ്റ്കോ തയാറാക്കിയ മാസ്റ്റർ പ്ലാനിൽ ബഹുനില മന്ദിരങ്ങളില്ല. ബഹുനില മന്ദിരങ്ങൾക്ക് ഇഎസ്എയുടെ നിബന്ധനകൾ ബാധകമായേനെ. കൂടാതെ 20000 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള കെട്ടിടങ്ങളാണ് മാസ്റ്റർ പ്ലാനിലുണ്ടായിരുന്നത്. ജീവിക്കാൻ ആവശ്യമായത് വാങ്ങിച്ചെടുക്കാൻ ഇടുക്കിക്കാർക്ക് പണ്ടേ വൈമുഖ്യമാണ്. ഇടുക്കിയിൽ മെഡിക്കൽ കോളജ് അനുവദിച്ചത് ആരാണെന്നതിനെക്കുറിച്ച് ചിന്തിച്ചുവശാകാതെ അനുവദിച്ചുകിട്ടിയ ആതുര ശുശ്രൂഷാസ്‌ഥാപനം സംരക്ഷിച്ചുനിർത്താനുള്ള ആർജവമാണ് ഉണ്ടാകേണ്ടത്.

(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.