മെഡിക്കൽ സെന്റർ– ലയൺസ് രക്‌തബാങ്ക് 25നു തുറക്കും
Friday, July 22, 2016 1:23 PM IST
കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ എസ്എച്ച് മെഡിക്കൽ സെന്ററിൽ ആരംഭിക്കുന്ന രക്‌തബാങ്ക് 25ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്എസ്എച്ച് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ലയൺസ് ഇന്റർനാഷണൽ ഫസ്റ്റ് വൈസ് പ്രസിഡന്റ് നരേഷ് അഗർവാൾ ഉദ്ഘാടനം നിർവഹിക്കും.

ബ്ലഡ് കളക്ഷൻ മൊബൈൽവാൻ ലയൺസ് ഡിസ്ട്രിക്ട് 318–ഡി ഗവർണർ വി.പി. നന്ദകുമാർ ഫ്ളാഗ് ഓഫ് ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആർ. മുരുകൻ, അമർ നാഥ്, ബിനു ജോർജ്, ജോയി തോമസ്, വി.എൻ. വാസവൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, ജി. വേണു കുമാർ, കെ.എ. തോമസ്, മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് ഷാജിലാൽ തുടങ്ങിയവർ പ്രസംഗിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ലയൺസ് ഡിസ്ട്രിക്ട് 318–ബിയുടെ ഓവർസീസ് ക്ലബ്ബുകളുടെയും മണപ്പുറം ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഒരുകോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ചതാണ് ബ്ലഡ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങൾ. ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റും മൂന്നുപേർക്ക് ഒരേസമയം രക്‌തപരിശോധന നടത്തി ദാനം ചെയ്യാവുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പൂർണമായും ശീതീകരിച്ച മൊബൈൽവാനും പദ്ധതിയുടെ ഭാഗമാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318–ബി യുടെ വിവിധ ക്ലബ്ബുകൾ, സാമൂഹികസേവന സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസസ്‌ഥാപനങ്ങൾ എന്നിവ മുഖേന സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പുകൾ വഴി ശേഖരിക്കുന്ന രക്‌തത്തിൽ 30 ശതമാനം നിർധനരായ രോഗികൾക്കു സൗജന്യമായി നൽകും. 70 ശതമാനം കുറഞ്ഞ നിരക്കിലും രോഗികൾക്ക് നൽകും.


ലയൺസ് ഡിസ്ട്രിക്ട് 318–ബിയുടെ മേൽനോട്ടത്തിൽ കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിനായിരിക്കും രക്‌തബാങ്ക് നടത്തിപ്പിന്റെയും രക്‌തശേഖരണത്തിന്റെയും ചുമതല. പത്രസമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോയി തോമസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ബിനു ജോർജ്, ട്രസ്റ്റംഗങ്ങളായ പി.എ. ദേവസ്യ, സെബാസ്റ്റ്യൻ മാർക്കോസ്, ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഷാജിലാൽ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.