ഛായാഗ്രഹണ മേഖലയിലെ പ്രശ്നം പരിഹരിക്കും: സ്പീക്കർ
ഛായാഗ്രഹണ മേഖലയിലെ പ്രശ്നം പരിഹരിക്കും: സ്പീക്കർ
Friday, July 22, 2016 1:00 PM IST
അങ്കമാലി: ഛായാഗ്രഹണ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്കു പരിഹാരം കാണാനും സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ൺ.

ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫോട്ടോഫെസ്റ്റ് ഇന്ത്യ–2016 ട്രേഡ് ഫെയർ അങ്കമാലി കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോട്ടോഗ്രഫി– വീഡിയോഗ്രഫി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തു പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ എകെപിഎ സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സരവിജയികൾക്കുള്ള അവാർഡുകളും സ്പീക്കർ വിതരണം ചെയ്തു.
മേളയോടനുബന്ധിച്ച് നടക്കുന്ന ഫോട്ടോ പ്രദർശനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എംഎൽഎ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കു മെമെന്റോ സമ്മാനിച്ചു. എകെപിഎ സംസ്‌ഥാന പ്രസിഡന്റ് പി.വി. ബാലൻ അധ്യക്ഷത വഹിച്ചു.


കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് ബെന്നി പി. ഇമ്മട്ടി, വൈസ് പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, കർണാടക ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പ്രതിനിധി പരമേശ്വർ, കളർലാബ് അസോസിയേഷൻ മുൻ പ്രസിഡന്റ് നോബിൾ, ഫോട്ടോഫെസ്റ്റ് ചീഫ് കോ–ഓർഡിനേറ്റർ വിജയൻ മാറാഞ്ചേരി, എകെപിഎ സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രിമോസ് ബെൻ യേശുദാസ്, ട്രഷറർ പി.എസ്. ദേവദാസ് എന്നിവർ പ്രസംഗിച്ചു. 150–ൽ അധികം സ്റ്റാളുകളാണ് മേളയിൽ ഉള്ളത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള നാളെ വൈകുന്നേരം അഞ്ചിന് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.