മദ്യം ഏതു രംഗത്തെയും ദുഷിപ്പിക്കും: ബിഷപ് മാർ ഇഞ്ചനാനിയിൽ
മദ്യം ഏതു രംഗത്തെയും ദുഷിപ്പിക്കും:  ബിഷപ് മാർ ഇഞ്ചനാനിയിൽ
Friday, July 22, 2016 1:00 PM IST
പാലാ: നീതിയുടെയും ധർമത്തിന്റെയും കാവലാളുകളാകേണ്ടവർ അക്രമത്തിന്റെ ഭാഷ സ്വീകരിച്ചതിനു പിന്നിൽ മദ്യക്കുപ്പികളാണോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പാലാ രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് ഫെഡറേഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

വിദ്യാർഥി സമൂഹവും യുവതലമുറയും സമ്പൂർണ ലഹരിവിമുക്‌തമാകണം. മദ്യപാനത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും ഇരകളാകുന്നവരും ദുരിതം പേറുന്നവരുമാണു സംസ്‌ഥാനത്തെ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളും. സഹനത്തിന്റെ ഏറ്റവും വലിയ പ്രതീകവും ഇവർതന്നെ. ഇവരിൽനിന്നുമുള്ള വിവരശേഖരണം സംസ്‌ഥാനത്തിനു ഗുണകരമായ മദ്യനയം രൂപീകരിക്കാൻ വഴിതെളിക്കും. ആവശ്യമെങ്കിൽ ഡി–അഡിക്ഷൻ സെന്ററുകൾ, മെഡിക്കൽ കോളജുകൾ, മറ്റ് ആതുരാലയങ്ങൾ, ജയിലുകൾ, മാനസികരോഗാശുപത്രികൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽനിന്നുകൂടിയുമാകാം ഹിതപരിശോധന. നിരോധനവും നിയന്ത്രണവുമില്ലാതെയുള്ള വർജനം ഫലപ്രാപ്തിയിലെത്തുകയില്ല. സമീപകാലത്തു നടന്ന മുഴുവൻ അതിക്രമങ്ങളുടെയും പിന്നിൽ മദ്യമുൾപ്പെടെയുള്ള ലഹരിയായിരുന്നുവെന്നു നാം കണ്ടറിഞ്ഞതാണ് – ബിഷപ് പറഞ്ഞു.


ഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അധ്യക്ഷതവഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, പാലാ ഡിവൈഎസ്പി ഡി. സുനീഷ് ബാബു, സംസ്‌ഥാന സെക്രട്ടറി പ്രസാദ് കുരുവിള, അഡാർട്ട് പ്രോജക്ട് ഡയറക്ടർ എൻ.എം. സെബാസ്റ്റ്യൻ, സിസ്റ്റർ ഡോ.സെലിൻ ജോസഫ്, മാത്യു എം. കുര്യാക്കോസ്, സോയി തോമസ്, സിസ്റ്റർ റെനി എഫ്സിസി, സിബി ചെരുവിൽപുരയിടം, സാബു ഏബ്രഹാം, ജോസ് കവിയിൽ, ഡെയ്സി മാത്യു, മറിയാമ്മ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.