എൻജിനിയറിംഗ് സാധ്യതകളുമായി രാജഗിരിയിൽ സാവിഷ്കാർ
Friday, July 22, 2016 1:00 PM IST
കൊച്ചി: എൻജിനിയറിംഗ് മേഖലയിൽ ഭാവി സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഏകദിന ശില്പശാല “സാവിഷ്കാർ 2016” സംഘടിപ്പിക്കും.

26ന് കോളജ് കാമ്പസിലാണു പരിപാടി. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 3.30 വരെ നടക്കുന്ന ശില്പശാലയിൽ സാങ്കേതികവിദ്യയുടെ വിവിധ തലങ്ങളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തും. രാജഗിരിയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത വിവിധ ഉപകരണങ്ങളുടെ പ്രദർശനവും കോളജ് കാമ്പസിൽ നടക്കും. കൂടാതെ ഡിപ്പാർട്ടുമെന്റ് തലത്തിലുള്ള പ്രത്യേക പ്രദർശനങ്ങളും എൻജിനിയറിംഗ് രംഗത്തെ പ്രഗല്ഭരുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയെ ക്കുറിച്ചു വിദ്യാർഥികൾ നയിക്കുന്ന സംവാദങ്ങളും ശില്പശാലയിൽ അരങ്ങേറും.

വിദ്യാർഥികളുടെ കണ്ടെത്തലുകളാണു ശില്പശാലയുടെ മുഖ്യ ആകർഷണം. അപ്ലൈഡ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റിലെ വിദ്യാർഥികൾ ബൈക്ക് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർമിച്ച ‘മൾട്ടി അസിസ്റ്റഡ് ഹെൽമെറ്റ്, കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ നിർമിച്ച മൊബൈലിൽ നിയന്ത്രിക്കുന്ന ‘വീൽചെയർ, സ്പീഡ് ബ്രേക്കേഴ്സിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളുടെ കണ്ടെത്തൽ, രാത്രി നടത്തം സാധ്യമാക്കുന്നതിന് ഐടി വിഭാഗം വിദ്യാർഥികൾ നിർമിച്ച നൈറ്റ് വാക്കർ’, ഇഇഇ വിദ്യാർഥികൾ നിർമിച്ച ‘റോബോട്ടിക് കൈ, അന്ധർക്കു വഴി കാണിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിദ്യാർഥികൾ നിർമിച്ച ‘നാവിഗേഷൻ സിസ്റ്റം’ തുടങ്ങിയവയാണ് ഇതിൽ പ്രധാനം.


കൂടാതെ സന്ദർശകർക്കായി വിവിധ മത്സരങ്ങളും മറ്റു വിനോദ പരിപാടികളും കാമ്പസിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484–2660999 എന്ന നമ്പരിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.