ബാർ കോഴ: കെ. ബാബുവിനെതിരേ കേസെടുക്കാമെന്നു വിജിലൻസ്
ബാർ കോഴ: കെ. ബാബുവിനെതിരേ കേസെടുക്കാമെന്നു വിജിലൻസ്
Thursday, July 21, 2016 12:02 PM IST
തിരുവനന്തപുരം: ചട്ടവിരുദ്ധമായി ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ടു മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വിജിലൻസ് എറണാകുളം റേഞ്ചിനു നിർദേശം നൽകി. ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹിയായ വി.എം. രാധാകൃഷ്ണൻ നൽകിയ പരാതിയിൽ നടത്തിയ ത്വരിത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നു വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയത്.

ഇഷ്ടക്കാർക്കു ബാർ ലൈസൻസ് അനുവദിക്കാൻ കെ. ബാബു വഴിവിട്ട് ഇടപെട്ടുവെന്നും ബാർ ലൈസൻസ് നൽകാനുള്ള അധികാരം എക്സൈസ് കമ്മീഷണറിൽനിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനായിരുന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളിൽ ചിലരെ ഇടനിലക്കാരാക്കി കെ. ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ചാണു ബാബുവിനെതിരേ കേസെടുക്കാമെന്ന് അന്വേഷണ സംഘം ശിപാർശ നൽകിയത്.


നേരത്തെ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ എറണാകുളം റേഞ്ച് എസ്പിയായിരുന്ന നിശാന്തിനി നടത്തിയ അന്വേഷണത്തിൽ ബാബുവിനെ കുറ്റവിമുക്‌തനാക്കിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണു പുതിയ അന്വേഷണ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.