വഞ്ചനക്കേസിൽ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി പോലീസ് കേസ്
വഞ്ചനക്കേസിൽ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി പോലീസ് കേസ്
Thursday, July 21, 2016 12:02 PM IST
കായംകുളം(ആലപ്പുഴ): മൈക്രോ ഫിനാൻസ് വായ്പ കേസിൽ വിജിലൻസ് ഒന്നാംപ്രതിയാക്കി കേസെടുത്തതിനു പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വഞ്ചനക്കുറ്റത്തിനു പോലീസും കേസെടുത്തു. കായംകുളം പൊലീസാണു മൈക്രോ ഫിനാൻസ് വായ്പാ തുക ബാങ്കിൽ തിരികെ അടച്ചില്ലെന്ന മൂന്ന് എസ്എൻഡിപി ശാഖകൾ നൽകിയ പരാതിയിൻമേൽ വെള്ളാപ്പള്ളിക്കെതിരേ കേസെടുത്തിരിക്കുന്നത്.

എസ്എൻഡിപി ശാഖയിലെ കണ്ടല്ലൂർ ഗുരുസംഘം സായൂജ്യം, ആർ. ശങ്കർ മെമ്മോറിയൽ, കീരിക്കാട് വയൽവാരം സംഘം എന്നീ യൂണിറ്റുകളാണ് പരാതി നൽകിയത്. കഴിഞ്ഞ ആറുമാസമായി സംഘത്തിലെ അംഗങ്ങൾ യൂണിയൻ ഓഫീസിനു മുമ്പിൽ നിരന്തര പ്രതിഷേധത്തിലായിരുന്നു. സ്ത്രീകളടക്കം കായംകുളം എസ്എൻഡിപി യൂണിയൻ ഓഫീസിനുമുമ്പിൽ നിരവധിതവണ ഉപരോധസമരം നടത്തിയിട്ടുണ്ട്.


വായ്പ എടുത്ത തുക അംഗ ങ്ങൾ കൃത്യമായി യൂണിയൻ ഓഫീസിൽ അടച്ചിട്ടും പലർക്കും ബാങ്കിൽനിന്നു ജപ്തി നോട്ടീസ് വന്നു. ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇപ്പോൾ പരാതിക്കാരുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എൻഡിപി കായംകുളം യൂണിയൻ പ്രസിഡന്റ് വേലൻചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാൽ, അനിൽകുമാർ എന്നിവർക്കെതിരെയും കേസുണ്ട്.

വായ്പാതുക അംഗങ്ങൾ നേരിട്ട് ബാങ്കിലേക്കടക്കാതെ യൂണിയൻ ഓഫീസിൽ അടച്ച് രസീത് വാങ്ങുകയായിരുന്നു ഇത്തരത്തിൽ അടച്ച തുക ബാങ്കിൽ അടയ്ക്കാത്തതിനെത്തുടർന്നാണ് പലർക്കും ജപ്തി നോട്ടീസ് വരാൻ ഇടയാക്കിയത്. തുടർന്നാണ് വായ്പ എടുത്ത അംഗങ്ങൾ ആദ്യം പ്രതിഷേധവും പിന്നെ പോലീസിൽ പരാതിയുമായി എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.