മന്ത്രിമാർക്കുമേൽ സിപിഐയുടെ നിരീക്ഷണം: പ്രവർത്തനം വിലയിരുത്തുന്നതു സംസ്‌ഥാന എക്സിക്യുട്ടീവ്
Thursday, July 21, 2016 11:31 AM IST
തിരുവനന്തപുരം: സിപിഎമ്മിനു പിന്നാലെ പാർട്ടി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐയിലും പ്രത്യേക സംവിധാനം. സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവിനാണു ചുമതല. മാസത്തിലൊരിക്കൽ ഇതിനായി സംസ്‌ഥാന എക്സിക്യൂട്ടീവ് ചേരാനും നിർദേശങ്ങളും തിരുത്തലുകളും ആവശ്യമെങ്കിൽ മന്ത്രിമാർക്കു നൽകാനും ഇന്നലെ ചേർന്ന സിപിഐ സംസ്‌ഥാന എക്സിക്യുട്ടീവിൽ തീരുമാനമായി.

കഴിയുന്ന ദിവസങ്ങളിലെല്ലാം നാലു മന്ത്രിമാരും പാർട്ടി ആസ്‌ഥാനത്തെത്തണമെന്ന നിർദേശവും എക്സിക്യുട്ടീവ് നൽകി. വിവാദ പ്രസ്താവനകൾ നടത്തുകയോ വിവാദ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യരുതെന്നും മന്ത്രിമാർക്കു നിർദേശം നൽകി.

ഒരു മാസികയ്ക്കു നൽകിയ വിവാദ പ്രസ്താവനയുടെ പേരിൽ ഇ.എസ്. ബിജിമോൾ എംഎൽഎയോടു സിപിഐ നേതൃത്വം നേരത്തേ വിശദീകരണം ചോദിച്ചിരുന്നു. മന്ത്രിയാകാത്തതിനുള്ള കാരണം ചോദിച്ച ലേഖകനോടു തനിക്കു ഗോഡ്ഫാദർമാർ ഇല്ലെന്ന ബിജിമോളുടെ മറുപടിയാണു വിവാദത്തിനിടയാക്കിയത്. ഇതിന് അവർ പാർട്ടി നേതൃത്വത്തിനു മറുപടിയും നൽകി. തന്റെ വാക്കുകൾ ലേഖകൻ അസത്യമായി ഉപയോഗിക്കുകയായിരുന്നുവെന്നും ബോധപൂർവമല്ല താൻ അങ്ങനെയൊരു പരാമർശം നടത്തിയതെന്നുമായിരുന്നു ബിജിമോൾ വിശദീകരണം നൽകിയത്. ബിജിമോളുടെ വിശദീകരണം പരിശോധിച്ച പാർട്ടി സംസ്‌ഥാന എക്സിക്യുട്ടീവ് എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം സംസ്‌ഥാന കൗൺസിലിനു വിട്ടു.


ഇന്നും നാളെയുമാണു സംസ്‌ഥാന കൗൺസിൽ. ബോർഡ്–കോർപറേഷനുകളുടെ കാര്യത്തിൽ നേരത്തേയെടുത്ത തീരുമാനത്തിൽ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്നും ഉഭയകക്ഷി ചർച്ചയ്ക്കുശേഷം ചെയർമാൻമാരെ സംബന്ധിച്ചു തീരുമാനമെടുക്കാനും എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.