വിവാഹനിശ്ചയത്തിൽ പങ്കെടുത്തത് അടൂർ പ്രകാശ് ക്ഷണിച്ചിട്ടെന്ന് ഉമ്മൻ ചാണ്ടി
വിവാഹനിശ്ചയത്തിൽ പങ്കെടുത്തത് അടൂർ പ്രകാശ് ക്ഷണിച്ചിട്ടെന്ന് ഉമ്മൻ ചാണ്ടി
Friday, July 1, 2016 3:16 PM IST
തിരുവനന്തപുരം: അടൂർ പ്രകാശ് ക്ഷണിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹത്തിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അടൂർ പ്രകാശ് എംഎൽഎയുടെ മകനും ബാറുടമ ബിജു രമേശിന്റെ മകളും തമ്മിലുളള വിവാഹനിശ്ചയത്തിൽ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതു വിവാദമായ പശ്ചാത്തലത്തിലാണു വിശദീകരണം.

സർക്കാരിനെ അട്ടിമറിച്ച ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിനു പോയത് ഔചിത്യമായില്ലെന്ന കെപിസിസി അധ്യക്ഷന്റെ വിമർശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അന്നു കെപിസിസി ആസ്‌ഥാനത്തു നടന്ന പരിപാടിയിൽ നേതാക്കൾ ഒരുമിച്ചിരിക്കെയാണു വിവാഹ നിശ്ചയത്തിനു പോകുകയും വരുകയും ചെയ്തതെന്നായിരുന്നു മറുപടി. ഈ വിഷയത്തിൽ കേരള കോൺഗ്രസ്– എം ഉന്നയിച്ച വിമർശനത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

കേരള കോൺഗ്രസ്– എം ഇടതുമുന്നണിയിൽ എത്താതിരിക്കുന്നതിന്റെ ഭാഗമായിട്ടാണു ബാർ കോഴ വിവാദം ഉണ്ടാക്കിയതെന്ന ആരോപണത്തിന്, യുഡിഎഫിന്റെ പ്രവർത്തന ശൈലി അതല്ലെന്നായിരുന്നു മറുപടി. ബാർ കോഴയിൽ നീതിപൂർവമായ അന്വേഷണമാണു നടന്നത്. പുനരന്വേഷണം നടത്തുന്ന വിഷയത്തിൽ കേട്ടു കേഴ്വിയുടെ അടിസ്‌ഥാനത്തിൽ പ്രതികരിക്കുന്നില്ല. കഴിഞ്ഞസർക്കാരിന്റെ തീരുമാനങ്ങൾ പുതിയ സർക്കാർ പരിശോധിക്കുന്നതിൽ എതിർപ്പില്ല.

നികുതി വരുമാനം കുറഞ്ഞെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിൽ കഴമ്പില്ല. നികുതി, നികുതിയിതര വരുമാനങ്ങൾ ചേർന്നതാണു സംസ്‌ഥാന വരുമാനം. എന്നാൽ, ധവളപത്രത്തിൽ നികുതിയിതര വരുമാനം ബോധപൂർവം ഒഴിവാക്കി. നികുതിയിതര വരുമാനത്തിൽ 239 ശതമാനം വർധന യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായി. കേവലം 571 കോടി രൂപയായിരുന്ന ലോട്ടറി വിറ്റുവരവ് 6398 കോടി രൂപയാക്കി ഉയർത്തി. നികുതി ഇനത്തിലും വൻ വർധനയാണ് അഞ്ചുവർഷവും ഉണ്ടായത്.

ബജറ്റ് തയാറാക്കുമ്പോൾ കൂടുതൽ ലക്ഷ്യം നിശ്ചയിക്കാറുള്ളതു സ്വാഭാവികമാണ്. അപ്രകാരം നിശ്ചയിച്ച ലക്ഷ്യം നേടാനായില്ലെന്നു മാത്രമാണു വീഴ്ചയായി ഐസക് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ അഞ്ചു വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി പിരിവിൽ 92.58 ശതമാനം വർധന കൈവരിക്കാൻ തന്റെ സർക്കാരിനായി.

യുഡിഎഫ് അധികാരമൊഴിയുമ്പോൾ 1009.3 കോടി രൂപ ഖജനാവിൽ ഉണ്ടായിരുന്നു. കൊടുത്തുതീർക്കേണ്ട ബാധ്യതയുമുണ്ടായിരുന്നു. അധികാരമൊഴിയും മുമ്പു മുഴുവൻ ബാധ്യതകളും കൊടുത്തുതീർക്കാൻ ഒരു സർക്കാരിനും സാധ്യമല്ല. കഴിഞ്ഞ ഇടതുസർക്കാരിെൻറ ബാധ്യതകൾ കൊടുത്തുതീർത്തതു പിന്നാലെയെത്തിയ യുഡിഎഫ് ഭരണത്തിലാണ്. യുഡിഎഫ് സർക്കാർ വരുത്തിവച്ച ബാധ്യതകളുടെ കാര്യം പറയുന്ന ധനമന്ത്രി രണ്ടു ശമ്പള പരിഷ്കാര കമീഷനുകളുടെ ശിപാർശകൾ നടപ്പാക്കേണ്ടി വന്ന സർക്കാരാണ് അധികാരമൊഴിഞ്ഞതെന്ന കാര്യം വിസ്മരിക്കരുത്.


റവന്യൂ കമ്മി കൂടിയെന്ന ആരോപണവും വാസ്തവ വിരുദ്ധമാണ്. യുഡിഎഫ് സർക്കാരിനു പുതിയതായി 46,321 തസ്തികകൾ സൃഷ്‌ടിക്കാനും 1,67,096 പേർക്കു നിയമന ശിപാർശ നൽകാനും കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ക്ഷേമപെൻഷൻ ഇനത്തിൽ 592 കോടി രൂപ മാത്രമാണ് നൽകിയിരുന്നതെങ്കിൽ അധികാരമൊഴിയുമ്പോൾ ഈയിനത്തിൽ 3016 കോടി രൂപയാണു നൽകുന്നത്. കടബാധ്യതാ യുഡിഎഫ് കാലത്ത് 97 ശതമാനം വർധിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നതിലും കഴമ്പില്ല. കടം എടുക്കുന്നതിലല്ല എടുക്കുന്ന പണം എങ്ങനെ ചെലവഴിച്ചുവെന്നതാണു പ്രധാനം.

30,000 കോടിയുടെ അടിസ്‌ഥാന സൗകര്യ വികസന ഫണ്ട് രൂപീകരിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം ഐസക് പരിഗണിക്കുമെന്നാണ് വിശ്വാസം. സംസ്‌ഥാനത്തിന്റെ തനതുവരുമാനം മാത്രം ഉപയോഗിച്ച് ത്വരിത വികസനം സാധ്യമല്ലാത്തതിനാലാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

യുഡിഎഫ് ഭരണത്തിൽ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്ന വാദം അർഥമില്ലാത്തതാണ്. അഞ്ചുവർഷത്തിനിടെ ആറു തവണ മാത്രമാണ് ഓവർഡ്രാഫ്റ്റ് ആവശ്യമായി വന്നത്. വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുത്തത് 37 ദിവസം മാത്രമാണ്.

സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി അനുവദിച്ചതും പുതിയ കോളജുകൾ അനുവദിച്ചതും ധൂർത്താണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. ചെയ്തത് ശരിയെന്ന് എവിടെയും പറയാൻ തയാറാണ്. കോളജുകൾ ഇല്ലാത്ത അസംബ്ലി മണ്ഡലങ്ങളിലാണ് ആദ്യം കോളജുകൾ അനുവദിച്ചത്. അവയെല്ലാം സർക്കാർ ഉടമസ്‌ഥതയിലാണ്. തുടർന്നു പട്ടിക വിഭാഗക്കാരുടെ ഉടമസ്‌ഥതയിൽ ഒറ്റ കോളജും സംസ്‌ഥാനത്ത് ഇല്ലാത്ത സാഹചര്യം പരിഗണിച്ചു സാമൂഹികനീതി നടപ്പാക്കുന്നതിനു മൂന്നു എയ്ഡഡ് കോളജുകൾ അനുവദിച്ചു. തുടർന്നു ചില ചെറിയ സമുദായങ്ങളും കോളജിനായി സർക്കാരിനെ സമീപിച്ചപ്പോൾ അവർക്കും അനുവദിച്ചു നൽകിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.