പദവിയിൽനിന്നു നീക്കംചെയ്തതു നിയമപരമല്ല: മുൻ ഡിജിപി ടി.പി. സെൻകുമാർ
പദവിയിൽനിന്നു നീക്കംചെയ്തതു നിയമപരമല്ല: മുൻ ഡിജിപി ടി.പി. സെൻകുമാർ
Friday, July 1, 2016 3:16 PM IST
കൊച്ചി: സംസ്‌ഥാന ഡിജിപി പദവിയിൽ നിന്നു നീക്കം ചെയ്ത സർക്കാർ നടപടി നിയമപരമല്ലെന്നു മുൻ ഡിജിപി സെൻകുമാർ ട്രൈബ്യൂണലിൽ അറിയിച്ചു. ഡിജിപി സ്‌ഥാനത്തു നിന്നുതന്നെ മാറ്റിയതിനെതിരേ നൽകിയ ഹർജിയിൽ സെൻകുമാറിന്റെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണു വിശദീകരണം. ഇക്കാര്യത്തിൽ സർക്കാരിനു മറുപടി വാദമുണ്ടെങ്കിൽ ജൂലൈ നാലിനു സമർപ്പിക്കാമെന്നു നിർദേശിച്ച് ജസ്റ്റീസ് എൻ.കെ. ബാലകൃഷ്ണൻ, പദ്മിനി ഗോപിനാഥ് എന്നിവരുൾപ്പെട്ട സിഎടി ബെഞ്ച് ഹർജി അഞ്ചിലേക്കു മാറ്റി.

മൂന്നു സീനിയർ ഐപിഎസ് ഉദ്യോഗസ്‌ഥരിൽ നിന്ന് ഡിജിപിയെ തെരഞ്ഞെടുക്കണമെന്നും ഈ പദവിയിൽ രണ്ടു വർഷമെങ്കിലും തുടരാൻ അനുവദിക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണു തന്നെ ഡിജിപി സ്‌ഥാനത്തു നിന്നു മാറ്റിയതിലൂടെ ഉണ്ടായതെന്നും സെൻകുമാർ പറഞ്ഞു. കെ.എസ്. ബാലസുബ്രഹ്മണ്യം, ഡോ. അലക്സാണ്ടർ ജേക്കബ് എന്നിവർ വിരമിച്ചതിനെത്തുടർന്ന് ദിനേശ് കുമാർ ശർമ്മ, മഹേഷ് കുമാർ സിംഗ്ള, ടി.പി. സെൻകുമാർ എന്നിവരെയാണു ഡിജിപി പദവിയിലേക്ക് പരിഗണിച്ചത്. ദിനേശ് കുമാർ ശർമ്മ ഐബിയിലേക്കും സിംഗ്ള ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്കും പോയതിനാലാണ് തന്നെ ഡിജിപിയായി നിയമിച്ചത്. ഡിജിപി സ്‌ഥാനത്തു നിന്നു മാറ്റിയതോടെ നിലവിലെ തസ്തികയിൽ ശമ്പള സ്കെയിലിലും ഗ്രേഡിലും കുറവു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറലിനു നൽകിയ പരാതിയിൽ സർക്കാർ ഇനിയും മറുപടി നൽകിയിട്ടില്ല.

പുറ്റിംഗൽ വെടിക്കെട്ടപകടം ജിഷ വധക്കേസ് എന്നിവയുടെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. പുറ്റിംഗൽ കേസിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം കഴിഞ്ഞ ഏപ്രിൽ 12ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പക്ഷപാതപരമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോർട്ട് തേടി. ഇതു നൽകുകയും ചെയ്തു. ഈ റിപ്പോർട്ടാണു കഴിഞ്ഞ സർക്കാർ അംഗീകരിച്ചത്. പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം പോലീസിന്റെ മാത്രം വീഴ്ചയല്ല, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും സംഭവത്തിൽ ബാധ്യതയുണ്ട്.

കേസിൽ സർക്കാർ ഉത്തരവിട്ട ജുഡീഷൽ അന്വേഷണവും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കുന്നുമുണ്ട്. കേസിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിയെടുത്തില്ലെന്ന വാദം തെറ്റാണ്. സിഐ വരെയുള്ള ഉദ്യോഗസ്‌ഥർക്കെതിരേ മാത്രമേ ഡിജിപിക്ക് നടപടിയെടുക്കാനാവൂ. ഇതിനു മുകളിലുള്ളവർക്കെതിരേ നടപടിയെടുക്കേണ്ടതു സർക്കാരാണ്.


ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ താത്പര്യത്തിനു വഴങ്ങി പോലീസ് ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്യുന്ന നടപടി ഡിജിപിയിൽ നിന്നു പ്രതീക്ഷിക്കരുത്. പുറ്റിംഗലിൽ ദുരന്തമുണ്ടായപ്പോൾ സ്‌ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പിന്നീടു പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികളുടെ സന്ദർശനങ്ങളിലും മേൽനോട്ടം വഹിച്ചു. ക്രൈം എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാന പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു. ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസുകാരെ വെള്ള പൂശിയെന്ന വാദം നിഷേധിക്കുന്നു.

ഈ കേസിൽ ഡിഎൻഎ, വിരലടയാളം, തലമുടിയുടെ സാമ്പിൾ, ചെരുപ്പ് എന്നിവ ശേഖരിച്ചു. ഫോറൻസിക് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധന പ്രതിയുടെ അറസ്റ്റിനും വിജയകരമായ പ്രോസിക്യൂഷൻ നടപടിക്കും ആവശ്യമാണ്. ഒരു കൊലക്കേസിന്റെ അന്വേഷണത്തിലെ ദൈനംദിന പുരോഗതി ഡിജിപി സർക്കാരിനെ അറിയിക്കുന്ന കീഴ്വഴക്കമില്ല. ഈ കേസിൽ ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചോദിച്ച 15 ചോദ്യങ്ങൾക്കും കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവ് മറുപടി നൽകിയിരുന്നു.

കൂടാതെ, സ്റ്റേറ്റ് ഇന്റലിജൻസ് വിഭാഗം ദൈനംദിന വിവരങ്ങൾ നൽകുന്നുമുണ്ട്. ജിഷയുടെ മൃതദേഹം രാത്രിയിലാണ് കണ്ടെത്തിയതെന്നതിനാൽ പൈശാചികമായി മുറിവേറ്റതൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. മാത്രമല്ല, ജിഷ ഈഴവ സമുദായാംഗമാണെന്നാണ് അമ്മ പോലീസിനോടു പറഞ്ഞത്. അടുത്ത ദിവസമാണ് ഈ കേസിൽ കൊലക്കുറ്റത്തോടൊപ്പം വീടുകയറി ആക്രമിക്കൽ, പീഡനക്കുറ്റം തുടങ്ങിയവ ചുമത്തിയത്. ജിഷ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്‌തിയാണെന്ന് വ്യക്‌തമായതും അടുത്ത ദിവസമാണ്.

അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ കോൾ രേഖകൾ, വിരലടയാളങ്ങൾ, സിസി ടിവി ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ചു. പ്രതിയെന്നു സംശയിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ ഇത്തരം പരിശോധനകളിലൂടെയാണ് ഒഴിവാക്കിയത്. ഇതര സംസ്‌ഥാന തൊഴിലാളികളുടെ പങ്കും പരിശോധിച്ചു. തെരഞ്ഞെടുപ്പു കാലമായതിനാൽ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള കെട്ടുകഥകളും രൂപപ്പെട്ടു. മാധ്യമങ്ങളുടെ സെൻസേഷണലിസത്തിന് അന്വേഷണസംഘം വഴങ്ങരുതെന്ന് ഹൈക്കോടതി തന്നെ വ്യക്‌തമാക്കിയിരുന്നു.

കോടതി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോൾ ഡേറ്റ റിക്കാർഡു പരിശോധനകളും ചെരിപ്പും ഉൾപ്പെട്ട തെളിവുകളാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്. അറസ്റ്റ് ഒഴികെയുള്ള തെളിവുശേഖരണമൊക്കെ ആദ്യ അന്വേഷണ സംഘമാണു നടത്തിയത്. ഈ ഘട്ടത്തിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ല: സത്യവാങ്മൂലം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.