തേവര കുണ്ടന്നൂർ പാലത്തിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു
തേവര കുണ്ടന്നൂർ പാലത്തിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു
Friday, July 1, 2016 2:58 PM IST
കൊച്ചി: തേവര കുണ്ടന്നൂർ പാലത്തിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു. കാലാവധി കഴിഞ്ഞും കരാറുകാരൻ ടോൾ പിരിക്കുന്നതിനെതിരേ ടോൾ വിരുദ്ധ സമര സഹായ സമിതി നൽകിയ ഹർജിയിൽ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണു ടോൾ പിരിവു തടഞ്ഞ് ഇടക്കാല ഉത്തരവു നൽകിയത്. 46 കോടി രൂപ ചെലവിട്ടു തേവര കുണ്ടന്നൂർ പാലം നിർമിച്ചതിനെത്തുടർന്ന് 2000 ഡിസംബറിലാണ് ഇവിടെ ടോൾ പിരിവ് ഏർപ്പെടുത്തിയത്. പാലം നിർമിച്ചു 15 വർഷത്തേക്കായിരുന്നു ടോൾ പിരിക്കാൻ കരാർ നൽകിയിരുന്നത്. ഈ കാലാവധി കഴിഞ്ഞിട്ടും ടോൾ പിരിവു തുടർന്നതോടെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ടോൾ പിരിവു നിർത്തണം, മരട് നിവാസികളെ ടോൾ പിരിവിൽനിന്ന് ഒഴിവാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. പാലം നിർമാണത്തിനു ചെലവാ യ തുകയുടെ പലയിരട്ടി ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടും ടോൾ തുടരുന്നതിനെ ഏറെ നാളുകളായി നാട്ടുകാർ എതിർത്തു വരികയായിരുന്നു.


എന്നാൽ, പതിനഞ്ചു വർഷം പിന്നിട്ടിട്ടും പാലം പണിക്കു ചെലവായ തുക പിരിഞ്ഞു കിട്ടിയില്ലെന്നാണ് ദേശീയ പാത അഥോറിറ്റി പറയുന്ന ന്യായം. അതേസമയം പാലം നിർമാണത്തിനു ചെലവായ തുക ലഭിച്ചതോടെ മെയിന്റനൻസ് ടോൾ എന്ന പേരിൽ കരാറുകാരൻ ടോൾ പിരിവ് തുടർന്നു. പാലത്തിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ, കത്താതായ വഴിവിളക്കുകൾ കത്തിക്കാനോ നടപടി സ്വീകരിക്കാതെയാണ് പിരിവു തുടർന്നത്.

ടോൾ ബൂത്തിന്റെ പരിസരവാസികളിൽനിന്നു ടോൾ പിരിക്കരുതെന്ന ദേശീയ പാത അഥോറിറ്റി ഡയറക്ടറുടെ നിർദേശവും കരാറുകാരൻ പാലിച്ചില്ല. ടോൾ പിരിക്കാൻ പുതുക്കി നൽകിയ കരാർ ജൂൺ 30ന് അവസാനിച്ചിട്ടും കരാറുകാരൻ പിരിവു തുടർന്നു. ഇത്തരത്തിൽ കരാർ പുതുക്കി നൽകിയിട്ടില്ലെന്ന് മരട് നഗരസഭയും വ്യക്‌തമാക്കി. ഇതോടെയാണ് ടോൾ പിരിവ് നിറുത്തി വയ്ക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.