ഹരിപ്പാട് മെഡിക്കൽ കോളജ് കരാർ: ചെന്നിത്തലയ്ക്കെതിരേ അമ്പതോളം കേസെടുക്കാമെന്നു മന്ത്രി ജി. സുധാകരൻ
ഹരിപ്പാട് മെഡിക്കൽ കോളജ് കരാർ: ചെന്നിത്തലയ്ക്കെതിരേ അമ്പതോളം കേസെടുക്കാമെന്നു മന്ത്രി ജി. സുധാകരൻ
Friday, July 1, 2016 2:49 PM IST
അമ്പലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളജിന്റെ വിവിധ കരാറുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരേ അമ്പതോളം കേസെടുക്കാമെന്നും എന്നാൽ അത്തരത്തിൽ രാഷ്ട്രീയ പകപോക്കലിന് ഈ സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി ജി. സുധാകരൻ.

പുന്നപ്ര പറവൂർ സാഗര സഹകരണ ആശുപത്രിയിലെ സ്റ്റാഫ് വെൽഫെയർ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാരിന്റെ കാലത്തു ആരംഭിച്ച സഹകരണ ആശുപത്രിയിൽ വിവിധ നിയമനവുമായി ബന്ധപ്പെട്ടു താൻ കൈക്കൂലി വാങ്ങിച്ചിട്ടുണ്ടോ എന്ന് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിച്ചതു ചെന്നിത്തലയാണ്. എന്നിട്ടും ഈ തെരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ട് കൂടുതൽ തനിക്കുകിട്ടി.

രാഷ്ട്രീയവും ഭരണവും അറിയാത്ത ഏഴാംകൂലികൾ കഴിഞ്ഞ അഞ്ചുവർഷം നിരങ്ങിയതാണ് ആശുപത്രിയുടെ ഇന്നത്തെ ശോച്യാവസ്‌ഥയ്ക്കു കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു എല്ലാവരെയും പണം വാങ്ങിയാണ് ഇവിടെ നിയമിച്ചത്. അതല്ലെങ്കിൽ ചില നേതാക്കൾക്കു താത്പര്യമുള്ളവരെ മാത്രമാണ് നിയമിച്ചത്.


എൽഡിഎഫ് സർക്കാർ യോഗ്യതയുടെ അടിസ്‌ഥാനത്തിലാണ് ആളുകളെ നിയമിച്ചത്. ഉത്തരവാദിത്വപ്പെട്ട സ്‌ഥാനത്തിരുന്നു തോന്ന്യവാസം കാണിച്ചവർക്കെതിരേ അന്വേഷണം നടത്തും. അസ്‌ഥിവാരം തോണ്ടിയ ഈ സ്‌ഥാപനത്തെ പുനരുദ്ധരിക്കുമെന്നും ജോലി സ്‌ഥിരത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വെൽഫെയർ കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവർണാ പ്രതാപൻ, ആശുപത്രി സെക്രട്ടറി കെ.ബി. വിശ്വേശ്വര പണിക്കർ, ഫിനാൻസ് ഓഫീസർ സുവിൽസുന്ദർ, ഡോ. ഫസൽ റഹ്മാൻ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.