കേരള സർവകലാശാലയിൽ ഹോസ്റ്റലുകളുടെ നവീകരണത്തിന് ഒന്നരക്കോടി
Friday, July 1, 2016 2:36 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹോസ്റ്റലുകളുടെ നവീകരണത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചുകൊണ്ടുള്ള കേരള സർവകലാശാലയുടെ 2016–17 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്നലെചേർന്ന സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചു. പദ്ധതിയേതര ഇനത്തിൽ 382.62 കോടി രൂപ വരവും 389.08 കോടി രൂപ ചെലവും 6.46 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് സിൻഡിക്കറ്റംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ ഡോ. റോസമ്മ ഫിലിപ്പാണ് അവതരിപ്പിച്ചത്. വൈസ് ചാൻസലർ പ്രഫ. പി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.

ഗവേഷക വിദ്യാർഥികൾക്ക് സർവകലാശാല ഫണ്ടിൽ നിന്നു നൽകുന്ന ഫെലോഷിപ്പ് 8000 രൂപയിൽ നിന്നു 13,000 രൂപവരെ ഉയർത്തുന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ഇതിനായി 6.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി, ഇന്റർ കോളജ് ടൂർണമെന്റുകൾക്കായി 45 ലക്ഷം രൂപയും സ്പോർട്സ് മെറിറ്റ് അവാർഡുകൾക്കായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിനായി 10 ലക്ഷം രൂപ അനുവദിച്ചു.

അപകട മരണ ഇൻഷ്വറൻസ് കവർ രണ്ട് ലക്ഷം രൂപയിൽ നിന്നു മൂന്നു ലക്ഷം രൂപയായി ഉയർത്തും. യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ടായി 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർവകലാശാലയിലെ വിവിധ പിജി കോഴ്സുകളിലെ റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന മെറിറ്റ് ഡേ നടത്തുന്നതിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മികച്ച കോളജ് യൂണിയന് ജി. കാർത്തികേയൻ മെമ്മോറിയൽ അവാർഡ് നൽകും. ലൈബ്രറികളിൽ ജേണലുകൾ വാങ്ങുന്നതിന് 68 ലക്ഷം രൂപയും ഹെൽത്ത് സെന്റർ മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും പ്രസിൽ ആധുനിക ഉപകരണങ്ങൾ സജ്‌ജീകരിക്കുന്നതിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


പിജി ഡിപ്ലോമ ഇൻ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, പിജി ഡിപ്ലോമ ഇൻ ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ, പിജി ഡിപ്ലേമ ഇൻ ബയോ പ്രോസസ് ടെക്, മലയാളം ലാംഗ്വേജ് കമ്പ്യൂട്ടിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്, എൽഎൽഎം –ഈവനിംഗ്–, എംഎ തീയറ്റർ ആർട്സ്, ഫിലിം സ്റ്റഡീസിൽ ഡിപ്ലോമ കോഴ്സുകൾ, ഇൻഫർമേഷൻ ലിറ്ററസി ഓൺലൈൻ കോഴ്സ്, ഡിപ്ലോമ ഇൻ ജറിയാട്രിക് കൗൺസിലിംഗ്, സർട്ടിഫിക്കറ്റ് ഇൻ ജിയോസ്റ്റാറ്റിസ്റ്റിക്കൽ അനലിറ്റിക്സ്, പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ സ്റ്റഡീസ്, വിവിധ ഷോർട് ടേം കോഴ്സുകൾ എന്നിവ ആരംഭിക്കും. ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേഷൻ സ്കിൽ ഇൻ ഇംഗ്ലീഷ് കോഴ്സ് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്കായി ആരംഭിക്കും. ആലപ്പുഴ ജില്ലയിൽ മുതുകുളത്ത് പുതുതായി യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആരംഭിക്കും.

ജീവനക്കാർക്കുള്ള കോർട്ടേഴ്സുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 1.50 കോടി രൂപ അനുവദിക്കും. കാമ്പസുകളിലെ വൈ–ഫൈ സംവിധാനങ്ങളുടെ വിപുലീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. കാര്യവട്ടത്ത് ചുറ്റുമതിൽ നിർമിക്കുവനായി 75 ലക്ഷം രൂപയും കാമ്പസിലെ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം രൂപയും സെനറ്റ് ഹാൾ നവീകരണത്തിനായി 75 ലക്ഷം രൂപയും ഓഫീസ് അനക്സ് നിർമാണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു. വിവിധ പഠനവകുപ്പുകളിൽ ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.