മഞ്ചേശ്വരത്തു മണൽ മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം
Thursday, June 30, 2016 2:03 PM IST
മഞ്ചേശ്വരം: വാഹനങ്ങളിലെത്തിയ മണൽമാഫിയാ സംഘം വീടിന്റെ ജനൽ അടിച്ചുതകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. മഞ്ചേശ്വരം പാത്തൂർ തലക്കി ബോൾമാറിലെ മജീദിന്റെ വീടിനുനേരെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ വീട്ടുടമ മജീദ് (26), ഭാര്യ ഫൗസിയ (24) എന്നിവരേയും സംഘം ആക്രമിച്ചു. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാനെത്തിയ മജീദിന്റെ മാതാവ് നഫീസ (45), ഭാര്യാസഹോദരൻ സിറാജ് (22) എന്നിവരെയും സംഘം ആക്രമിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം.

നാലു കാറുകളിലായി എത്തിയ 25ഓളം വരുന്ന സംഘം വീടിനുനേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനുമുമ്പ് ബോൾമാർ ജുമാമസ്ജിദിന് സമീപത്തുവച്ച് സംഘം റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തു. വെടിവയ്പിൽ ഒരു പെട്ടിക്കട തകർന്നിട്ടുണ്ട്. പരിസരത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമാണ് വീടിനുനേരെ ആക്രമണം നടത്തിയത്. ഇതിനുശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.


അക്രമിസംഘം എത്തിയ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഘം തിരിച്ചുപോകുമ്പോൾ ബോൾമാർ പള്ളിക്കു സമീപത്തെ പാത്തൂർ പതിമല സ്വദേശി സിദ്ദീഖിന്റെ കാറും അഷ്റഫിന്റെ ബൈക്കും തകർത്തു. പാത്തൂർ മധു നിവാസികളായ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. മണൽകടത്തിനെ ചൊല്ലിയുണ്ടായ വിരോധമാണ് വെടിവയ്പിനും അക്രമത്തിനും കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മംഗളൂരു ബിസി റോഡിൽനിന്ന് കുറുക്കുവഴിയിലൂടെ കേരളത്തിലേക്ക് മണൽ കടത്തുന്നുണ്ടത്രെ. അതിർത്തിയായ പാത്തൂർ വഴിയാണ് മണൽ കടത്തുന്നത്.

ഇതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമത്രെ. അതേസമയം, മാഫിയാ സംഘങ്ങൾ ഈ ഭാഗത്ത് ജനങ്ങളുടെ ജീവന് വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുകയാണെന്നും പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.