വിമാന ഇന്ധനവുമായി ടാങ്കർ ലോറി മറിഞ്ഞു
വിമാന ഇന്ധനവുമായി ടാങ്കർ ലോറി മറിഞ്ഞു
Thursday, June 30, 2016 1:31 PM IST
തിരൂർ: വിമാനഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു താനൂരിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ 4.30 ഓടെ താനൂർ ജ്യോതി തിയറ്ററിന് സമീപത്തെ ഇരട്ട വളവിലാണ് ടാങ്കർ നിയന്ത്രണം വിട്ട് തലകീഴ് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ കേബിൾകുഴിയിലേക്കാണു മറിഞ്ഞത്. ടാങ്കറിൽനിന്നു വൻ തോതിൽ ഇന്ധനം ചോർന്നു.

കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുകയായിരുന്ന വിമാനഇന്ധനമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവർ ചേർത്തല സ്വദേശി ബി.സനീഷ്, ക്ലീനർ ചാലക്കുടി സ്വദേശി പി.ആർ.അരുൺ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ലോറിയിൽ നിന്നും ചേർന്ന ഇന്ധനത്തിന് രാവിലെ 10.30 നാണു തീപിടിച്ചത്. ആളപായമില്ല. പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് അപകടസാധ്യത കുറവുള്ള ഇന്ധനമാണ് ഏവിയേഷൻ ഫ്യുവൽ.

ക്രെയിൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബാക്കിയുള്ള ഇന്ധനം പുറത്തേക്കൊഴുകി തീഗോളമായി. സമീപത്തെ മരങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പരിസരത്തെ നാലുവീടുകളുടെ ചുമരുകളും ജനൽചില്ലുകളും തകർന്നു. തെങ്ങിലകത്ത് കോയയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.


വീട്ടിൽ നിർത്തിയിട്ട കാറിന്റെ പിൻ വശവും ബൈക്കും കത്തിനശിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന മന്മേലകത്ത് ഷാജിയുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വാതിലുകളും നശിച്ചു. ടാങ്കറിൽ നിന്നുള്ള ഇന്ധനം റോഡരികിലെ ചാലിലൂടെ സമീപത്തെ കനോലി കനാലിലേക്കാണ് ഒഴുകിയത്.

അപകടം ഉണ്ടായതിനെത്തുടർന്ന് സ്‌ഥലത്തെ വൈദ്യുതി ബന്ധം അടിയന്തരമായി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ മുതൽ തന്നെ ടാങ്കറിൽനിന്ന് ഇന്ധനം ചോർന്നിരുന്നെങ്കിലും സംഭവം ആരും അത്ര കാര്യമാക്കിയില്ല. അപകടസാധ്യത ഇല്ലെന്ന വിവരമാണ് നാട്ടുകാർക്കു ലഭിച്ചത്. ഇതേത്തുടർന്ന് സമീപത്തെ സ്വകാര്യ സ്കൂൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രദേശത്ത് ജനം തടിച്ച് കൂടിയതോടെ താനൂരിലെ എല്ലാ റോഡുകളിലും വാഹന ഗതാഗതം സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.