പി.സി. ജോർജിന്റെ മൊഴി വാസ്തവവിരുദ്ധമെന്നു ജോസ് കെ. മാണി
പി.സി. ജോർജിന്റെ മൊഴി വാസ്തവവിരുദ്ധമെന്നു ജോസ് കെ. മാണി
Thursday, June 30, 2016 1:24 PM IST
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുമായി ബന്ധപ്പെടുത്തി മുൻ ഗവ. ചീഫ് വിപ്പ് പി.സി. ജോർജ് തനിക്കെതിരേ നൽകിയ മൊഴി വസ്തുതാവിരുദ്ധവും കളവുമാണെന്ന് ജോസ് കെ. മാണി എംപി സോളാർ കമ്മീഷനിൽ മൊഴി നൽകി. സരിത ജയിലിൽ വച്ചെഴുതി എന്നു പറയുന്ന കത്തിൽ തന്റെ പേര് ഉണ്ടായിരുന്നുവെന്ന ജോർജിന്റെ മൊഴിയും ജോസ് കെ. മാണി നിഷേധിച്ചു.

അതേസമയം ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതൽ 2013 ഫെബ്രുവരി രണ്ടു വരെ ആറു തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നതിനു കമ്മീഷൻ അഭിഭാഷകൻ സി. ഹരികുമാർ രേഖകൾ കാണിച്ചു.

സരിത ജയിലിൽ വച്ചെഴുതി എന്നു പറയുന്ന കത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയോ അതിൽ തന്റെ പേര് പരാമർശിക്കുന്നതായോ തനിക്കറിയില്ല. എന്നാൽ, തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടെ സരിത ഉയർത്തിക്കാട്ടിയ കത്തിൽ തന്റെ പേര് ഉണ്ടായിരുന്നതായി പലരും പറഞ്ഞു താൻ കേട്ടിട്ടുണ്ട്. പി.സി. ജോർജിനെതിരേ പാർട്ടി തലത്തിൽ നടപടിയെടുത്തിരുന്നു. പാർട്ടിവിരുദ്ധമായ പ്രവർത്തനങ്ങളും പി.സി. ജോർജ് നടത്തിയിരുന്നു. അതിനുശേഷമാണ് തനിക്കെതിരേ മേൽപറഞ്ഞ ആരോപ ണങ്ങൾ അദ്ദേഹം ഉന്നയിച്ചതെന്നും ജോസ് കെ. മാണി കമ്മീഷനിൽ മൊഴി നൽകി.


ടീം സോളാർ കമ്പനിയെപ്പറ്റി താൻ കേട്ടിട്ടില്ല. ആ കമ്പനിയുടെ ഡയറക്ടർ ബിജുവിനെ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലക്ഷ്മി നായരെന്ന പേരിൽ ഒരു സ്ത്രീ അവരുടെ സോളാർ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്‌ഥാപനം തന്റെ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപെടുന്ന കടുത്തുരുത്തി ഭാഗത്ത് സ്‌ഥാപിക്കുകയാണെന്നു പറഞ്ഞും അതിന്റെ ഉദ്ഘാടനകർമം നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടും തന്നെ സമീപിച്ചിരുന്നു. എന്നാൽ, താൻ അസൗകര്യം അറിയിച്ചു. പിന്നീട് അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ. മാണി എംപി മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.