ഇ– സിഗററ്റ് നിരോധിക്കും
Thursday, June 30, 2016 1:24 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് (ഇ–സിഗററ്റ്) നിരോധിക്കാൻ തീരുമാനം. അർബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോർട്ടുകളെ തുടർന്നാണ് ഇ – സിഗററ്റ് നിരോധിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചത്.

ഇ–സിഗററ്റിന്റെ ഉൽപ്പാദനം, വിൽപ്പന, വിപണനം, പരസ്യപ്പെടുത്തൽ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.

യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്‌ഥാനത്ത് ഇ–സിഗററ്റ് വിപണി വ്യാപകമാവുന്നുവെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കൾ വലിക്കാൻ ഇ–സിഗററ്റ് ഉപയോഗിച്ചുവരുന്നതായി സംസ്‌ഥാന ഡ്രഗ് എൻഫോഴ്സസ് കണ്ടെത്തിയിരുന്നു. കുട്ടികളിൽ ഇ–സിഗററ്റ് ഉപയോഗം ക്രമേണ സാധാരണ സിഗററ്റടക്കം പുകയില ഉൽപ്പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.


കാഴ്ചയിൽ യഥാർഥ സിഗററ്റിനെപ്പോലെ തോന്നിപ്പിക്കുന്ന ഇ–സിഗററ്റ് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണമാണ്. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ–സിഗററ്റിൽ ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്. സംസ്‌ഥാനത്തെ യുവാക്കൾക്കിടയിൽ ഇ–സിഗററ്റ് ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി വർധിക്കുന്നത് ആശങ്കാജനകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.