ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ നൽകേണ്ടെന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം
ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ നൽകേണ്ടെന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം
Wednesday, June 29, 2016 2:04 PM IST
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാർക്ക് ഓഗസ്റ്റ് ഒന്നു മുതൽ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നൽകേണ്ടെന്നു നിർദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെ പമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.എണ്ണക്കമ്പനി പ്രതിനിധികൾ നിർദേശം നടപ്പാക്കുന്ന കാര്യം ഉറപ്പുനൽകിയതായി ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു.
അതേസമയം, തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിൽ പുനഃപരിശോധിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.

എല്ലാ പെട്രോൾ പമ്പുകളിലും പുതിയ നിയന്ത്രണം സംബന്ധിച്ച് ബോർഡ് പ്രദർശിപ്പിക്കും. പമ്പുകളിൽ ഹെൽമറ്റില്ലാതെ എത്തി ഇന്ധനത്തിനായി ബഹളം കൂട്ടുന്നവരെ നേരിടാനായി എൻഫോഴ്സ്മെന്റ് വിഭാഗത്തെയും ക്രമീകരിക്കും.


ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽനിന്നു കുറ്റത്തിെൻറ സ്വഭാവം അനുസരിച്ച് 100 രൂപ മുതൽ 1000 വരെ രൂപ പിഴ ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഒന്നിൽ കൂടുതൽ പ്രാവശ്യം ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ലൈസൻസ് റദ്ദാക്കാനും ആലോചിക്കുന്നുണ്ടെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. സംസ്‌ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരിൽ പകുതിയോളവും ബൈക്ക് യാത്രക്കാരാണെന്നാണ് കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.