ഇരട്ട പദവിയിലെ പ്രശ്നങ്ങൾ ചീഫ് സെക്രട്ടറി പരിശോധിക്കും
Wednesday, June 29, 2016 1:55 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ സംസ്‌ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാക്കിയാലുണ്ടാകുന്ന ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട സാങ്കേതികത്വം പരിശോധിക്കാൻ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.

നിയമസഭാംഗമായ അച്യുതാനന്ദനെ കാബിനറ്റ് റാങ്കുള്ള ഭരണ പരിഷ്കാര കമ്മീഷന്റെ ചെയർമാനാക്കുമ്പോഴുള്ള ഇരട്ടപ്പദവി പ്രശ്നം പരിഹരിക്കാനാണു നിർദേശം. ഭരണപരിഷ്കാര സമിതി അധ്യക്ഷനെന്ന നിലയിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റാനും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനും കേരള റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ ആക്ട് 1951 അനുസരിച്ചു തടസമുണ്ടെങ്കിൽ സിറ്റിംഗ് ഫീസും വാഹന വാടകയും മാത്രം ഈടാക്കി കാബിനറ്റ് പദവി സ്വീകരിക്കാം. ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയാൽ വി.എസിനെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കാൻ നിയമത്തിൽ വ്യവസ്‌ഥയുണ്ട്. അല്ലെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തണം.


ഇതേക്കുറിച്ചു വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണു ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്‌ഥാന നേതൃയോഗം സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.