നാലു സ്കൂളുകളുടെ ഏറ്റെടുക്കൽ: നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
Wednesday, June 29, 2016 1:55 PM IST
തിരുവനന്തപുരം: അടച്ചുപൂട്ടാൻ ഹൈക്കോടതി നിർദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എയുപിഎസ് അടക്കം മൂന്നു സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു പാസാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നാലു സ്കൂളുകളുടെ ഭൂമി അടക്കം ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചു നഷ്‌ടപരിഹാരം നൽകേണ്ടി വരും. ഇതിനായി മാർക്കറ്റ് വിലയുടെ അടിസ്‌ഥാനത്തിൽ വില നിശ്ചയിക്കേണ്ടി വരും.

മലാപ്പറമ്പ് സ്കൂളിനൊപ്പം കോഴിക്കോട് പാലോട്ട് എയുപിഎസ്; തൃശൂർ വേളൂർ പിഎംഎൽപിഎസ്; മലപ്പുറം മങ്ങാട്ടുമുറി എംഎൽപിഎസ് എന്നിവയാണ് ഏറ്റെടുക്കുന്നത്. നിലവിലുള്ള നിയമപ്രകാരം ഒരു വർഷം മുമ്പ് നോട്ടീസ് നല്കിയാൽ സ്കൂൾ പൂട്ടാൻ മാനേജർക്ക് അവകാശമുണ്ട്. ഈ നിയമം ഭേദഗതി ചെയ്യുക എളുപ്പമല്ലാത്തതിനാലാണ് നിയമസഭയുടെ അനുമതിയോടെ നഷ്‌ടപരിഹാരം നിശ്ചയിക്കുന്നത്.


മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കാൻ ആറു കോടിയോളം രൂപ മാനേജ്മെന്റിന് നഷ്‌ടപരിഹാരമായി നൽകേണ്ടിവരുമെന്നു നേരത്തേ പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചിരുന്നു. നാലു സ്കൂളുകൾ കൂടി ഏറ്റെടുക്കാൻ 20 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കമ്പനി, ബോർഡ്, കോർപറേഷൻ എന്നിവയിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം നിയമാനുസൃതമായി അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഔദ്യോഗിക അംഗങ്ങൾ കാലാവധി തീരുന്നതുവരെ തുടരും. അഡ്വ. ജി. പ്രകാശിനെ സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസലായി നിയമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.