നിരണത്തു ഗുണ്ടാസംഘം അഴിഞ്ഞാടി; നിരവധിപേർക്കു വെട്ടേറ്റു
നിരണത്തു ഗുണ്ടാസംഘം അഴിഞ്ഞാടി; നിരവധിപേർക്കു വെട്ടേറ്റു
Wednesday, June 29, 2016 1:55 PM IST
തിരുവല്ല: നിരണത്തു ചൊവ്വാഴ്ച രാത്രിയുണ്ടായ ഗുണ്ടാവിളയാട്ടത്തിൽ വെട്ടേറ്റതു നിരപരാധികൾക്ക്. വഴിയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവറുമാണ് ആക്രമണത്തിനിരയായത്. നിരപരാധികൾ ആക്രമിക്കപ്പെട്ടതു സംബന്ധിച്ചു കൂടുതൽ സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന സംശയത്തിലാണു പോലീസ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. അരമണിക്കൂറോളം പൊതുനിരത്തിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമായിരുന്നു അക്രമികളുടെ വിളയാട്ടം.

തിരുവല്ല നിരണം സെൻട്രൽ വീട്ടിൽ ചാക്കോ തോമസ് (45), എടത്വ തലവടി കുന്തിരിക്കൽ കറുകയിൽ വൈശാഖൻ (28), ഹരിപ്പാട് പള്ളിപ്പാട് കടവത്ര വീട്ടിൽ ഫിലിപ്പോസ് ജോർജ് (65), ഹരിപ്പാട് കടവത്രയിൽ വിജയൻ (61) എന്നിവർക്കാണു വെട്ടേറ്റത്. തലയ്ക്കും ശരീരഭാഗങ്ങളിലും ഗുരുതരമായി വെട്ടേറ്റ ഇവരെ തിരുവല്ല, പരുമല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിരണം പഞ്ചായത്ത് മുക്കിൽ നമ്പർപ്ലേറ്റ് മറച്ച ടവേര കാറിലെത്തിയ 12 അംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. മാരകായുധങ്ങളുമായി വാഹനത്തിനു പുറത്തിറങ്ങിയ സംഘം വഴിയിൽനിന്നവർക്കും കാൽനടയാത്രക്കാർക്കും നേരേ തിരിഞ്ഞു. റോഡിൽ പാർക്കു ചെയ്തിരുന്ന കാറും ജംഗ്ഷനിലെ നീലകണ്ഠ സ്റ്റോഴ്സും അടിച്ചു തകർത്തു. കടയ്ക്കു സമീപമിരുന്ന ഒരു ബൈക്കും അക്രമികൾ തകർത്തു. അക്രമം കണ്ടു ബൈക്ക് നിർത്തിയ സ്വകാര്യ കേബിൾനെറ്റ് വർക്ക് ജീവനക്കാരനായ വൈശാഖനെ ഗുരുതരമായി ആക്രമിച്ചു. ശരീരഭാഗങ്ങളിൽ വെട്ടേറ്റ നിരവധി പാടുകളും മറ്റു പരിക്കുകളും ഇയാൾക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ വൈശാഖൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ ചാക്കോ തോമസ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഓട്ടോറിക്ഷയുമായി പഞ്ചായത്ത് മുക്കിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ഫിലിപ്പോസ് ജോർജും വിജയ നും ആക്രമണത്തിനിര യായി. അക്രമികളിൽ നിന്നു രക്ഷപ്പെടാൻ ഭയന്നോടിയവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.


സംഭവത്തിന്റെ കാരണം ഇവ്യക്‌തമല്ലാത്ത തിനാൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനമെങ്കിലും നിരപരാധികൾ ആക്രമിക്കപ്പെട്ടതു സംബന്ധിച്ചു വിശദീകരണം ഇല്ല. നിരണം കേന്ദ്രീകരിച്ചുള്ള സംഘവുമായി പ്രശ്നത്തിലായ ആലപ്പുഴ ജില്ലയിൽനിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന സംശയം പോലീസിനുണ്ട്.

അതേസമയം, ഗുണ്ടാ സംഘത്തെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. രണ്ടുദിവസത്തിനകം ഇവരെ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസംമുമ്പ് നിരണത്തുനിന്നുള്ള ഒരു സംഘം ഹരിപ്പാട്ടെത്തി ആക്രമണം നടത്തിയിരുന്നു. പ്രത്യാക്രമണമാകാ ഇതെന്നു പോലീസ് കരുതുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പി പി.കെ. പ്രശാന്ത് എന്നിവർ സ്‌ഥലം സന്ദർശിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.