സംസ്‌ഥാനത്തുടനീളം നാളികേര പാർക്കുകൾ,തെങ്ങ് മുറിക്കാൻ ആയിരം രൂപ വീതം
സംസ്‌ഥാനത്തുടനീളം നാളികേര പാർക്കുകൾ,തെങ്ങ് മുറിക്കാൻ ആയിരം രൂപ വീതം
Wednesday, June 29, 2016 1:31 PM IST
തിരുവനന്തപുരം: തേങ്ങയിൽ നിന്നും തെങ്ങിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനു സംസ്‌ഥാനത്ത് നാളികേര പാർക്കുകൾ ആരംഭിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. പാറയ്ക്കൽ അബ്ദുള്ളയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

തെങ്ങുകൃഷിയിൽ നിന്നു കർഷകർ വിട്ടുപോകുന്ന സാഹചര്യമുണ്ടാകുന്നതു തടയാനാണു നടപടി. മുറിച്ചുനീക്കുന്ന തെങ്ങൊന്നിന് ആയിരം രൂപ വീതം നൽകാൻ നടപടി സ്വീകരിക്കും. നിലവിൽ 700 രൂപ വീതമാണു നൽകുന്നത്.

നീര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റികൾ സ്‌ഥാപിക്കാൻ നടപടി സ്വീകരിക്കും. കേര കർഷകരുടെ ജലസേചന പദ്ധതിക്കായി 25,000 രൂപ വീതം ആനുകൂല്യം നൽകും. കൃഷി വകുപ്പിന്റെ മുഴുവൻ ഓഫിസുകൾ വഴിയും പച്ചത്തേങ്ങ സംഭരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. കൃഷി വകുപ്പ് ഇതുവരെ 1.24 ലക്ഷം ടൺ പച്ചത്തേങ്ങയാണു സംഭരിച്ചത്. ഇതിൽ 43 കോടി രൂപ കർഷകർക്കു കൊടുത്തു തീർക്കാനുണ്ട്. ഇതിൽ 18 കോടി നൽകി. ബാക്കി തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കും.


ടെക്സ്റ്റയിൽസ് മില്ലുകൾ നവീകരിക്കാനും ഇവയ്ക്ക് ആവശ്യമായ പഞ്ഞി വാങ്ങാനും 13 കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മോൻസ് ജോസഫിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. കോട്ടയം ടെക്സ്റ്റയിൽസിന് 357 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

നദികളിലെ മാലിന്യം ഒഴുക്കുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നദികളിലേക്ക് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവു പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് അൻവർ സാദത്തിന്റെ സബ് മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.