ഡിസിഎൽ
ഡിസിഎൽ
Wednesday, June 29, 2016 1:31 PM IST
<ആ>കൊച്ചേട്ടന്റെ കത്ത് / വഴിയെഴുതുന്ന മൊഴികൾ

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

വാ പിളർന്നുവരുന്ന ദിനോസർപോലെ ബുൾഡോസർ ഒരു കുന്ന് കാർന്നുതിന്നുതീർക്കുകയാണ്. വളവിനും കയറ്റത്തിനും കാരണമായ വമ്പൻ കരിങ്കൽപാറയുടെ നെഞ്ചുതുളച്ചു രസിക്കുകയാണ് ഒരു വലിയ ഡ്രില്ലിംഗ് മെഷീൻ.... നീ എത്ര ഉറച്ച പാറയാണെങ്കിലും നിന്നെ ഞാൻ കഷണം കഷണമാക്കും എന്നു പറഞ്ഞാണ് പൊക്ലെയ്ൻ ഗുസ്തിപിടിക്കുന്നത്. ഉറപ്പുള്ള കോൺക്രീറ്റ് പാലത്തിന്റെ അടിത്തറ തേടി എക്സ്കവേറ്റർനിന്നു മണ്ണുതുരക്കുകയാണ്. ഹിറ്റാച്ചിയും ജെ.സി.ബിയും മുഷ്ടിചുരുട്ടിയിടിച്ചു നിരപ്പാക്കിയ വീഥിയിലൂടെ റോളറുകൾ ഉരുണ്ടു കളിക്കുന്നു!

റോഡുപണി നടക്കുന്ന കൂത്താട്ടുകുളം – മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസം നേരിട്ടപ്പോഴാണ് റോഡുപണിയിലെ യന്ത്രമല്ലന്മാരെ അടുത്തുകാണുന്നത്. കുറേ വീതി കൂടിയ സ്‌ഥലത്ത് കോൺക്രീറ്റ് പ്ലാന്റ്, കർബ് മെഷീൻ, ക്രഷിംഗ് മെഷീൻ എന്നിവർ ചേർന്ന് മെറ്റലും സിമന്റും പാചകം ചെയ്യുമ്പോൾ, മെറ്റൽ ട്രക്കുകൾ ഹോട്ടലിലെ വിതരണക്കാരെപ്പോലെ മെറ്റൽ കുഴച്ച് റോഡിലെത്തിച്ച് നിരത്തുകയാണ്.

പലപ്പോഴും പലയിടത്തേക്കും അതിവേഗം കുതിച്ചുപോകുമ്പോൾ, വീതികൂടിയ പണിതീർന്ന റബറൈസ്ഡ് റോഡിൽക്കൂടി യാത്രചെയ്യാനാണ് ഏവർക്കും ഇഷ്ടം. എവിടെയങ്കിലും വഴിപണിമൂലം ഗതാതഗ തടസമുണ്ടായാൽ പിന്നെ ഓരോ വണ്ടിയും അതിഭയാനകമായ ശബ്ദത്തിൽ ഹോണടിച്ച് പരസ്പരം അലറിവിളിക്കുകയാണ്! ട്രാഫിക്ക് ബ്ലോക്കിൽകിടന്ന് അട്ടഹസിക്കുന്ന വാഹനങ്ങളിൽ മലയാളികൾ തന്നെയാണു ഭൂരിപക്ഷവും.

റോഡുപണി എന്ന മഹാകലാവിരുന്നിന്റെ വിസ്മയകരമായ ആവിഷ്കാരത്തെപ്പറ്റി നമ്മൾ പലപ്പോഴും ചിന്തിക്കുന്നില്ല. ഒരിക്കൽ മനുഷ്യൻ തന്റെ കായബലംകൊണ്ടു മാത്രം ചെയ്ത കാര്യങ്ങൾ ഇന്നു യന്ത്രഭീമന്മാർ ശരവേഗത്തിൽ പൂർത്തിയാക്കുകയാണ്. വലിയ വളവുകൾ നിവരുന്നു. പാറകൾ പിളരുന്നു! മല മുറിക്കുന്നു, മരം മുറിക്കുന്നു... നോക്കി നിൽക്കുമ്പോളെന്നപോലെ വളഞ്ഞ വഴികൾ നേരെയാകുന്നു!

മനുഷ്യമസ്തിഷ്കത്തിന്റെ അത്ഭുതസൃഷ്ടികളാണ് ഈ യന്ത്രഭീമന്മാർ. ഇതെല്ലാം നിയന്ത്രിക്കുന്നതും മനുഷ്യർതന്നെ. മനോഹരമായ റോഡു പൂർത്തിയാകുമ്പോൾ നമ്മൾ ഒരു സത്യം മറക്കും. ഈ റോഡു പണിതവർ ഈ റോഡു പോലെ സൗന്ദര്യമുള്ളവരായിരുന്നില്ല എന്ന സത്യം. ടാറും മണ്ണും കരിയും ഓയിലും കട്ടപിടിച്ച വസ്ത്രങ്ങളും ശരീരവുമായി വിരൂപമായ പ്രത്യക്ഷങ്ങളിലൂടെയാണ് ഇത്ര മനോഹരമായ രാജപാതകൾ രൂപപ്പെടുന്നത്. പണിതീർന്ന വഴികളിൽ ഏതെങ്കിലും ഒടിഞ്ഞ യന്ത്രങ്ങളോ, പാഴായ ഉപകരണങ്ങളോ, നമ്മുടെ യാത്രയ്ക്കു തടസമായാൽ എന്തൊരു മുഷിച്ചിലാണ് നമ്മുടെ മനസിന്.

കൂട്ടുകാർ ഓർക്കണം, കാർട്ടൂൺ കഥകളിലും കംപ്യൂട്ടർ ഗെയിമുകളിലും ഒരു വിരൽസ്പർശംകൊണ്ടു മാറിവരുന്ന കാഴ്ചകൾപോലെയല്ല, റോഡുപണി. അതിന് മുന്നൊരുക്കങ്ങൾ ഏറെ വേണം. പണി തുടങ്ങുന്നതിനു മുമ്പേ പഠനം തുടങ്ങണം. മുൻകൂട്ടി വരച്ച വഴികളിലൂടെ മാത്രമേ പണി മുന്നേറുകയുള്ളൂ. ഓരോ ദിനവും വേണ്ട ഉപകരണങ്ങൾ, തൊഴിലാളികൾ, ഇന്ധക്ഷമത എല്ലാം മുൻകൂട്ടി നിശ്ചയിക്കണം.

യാത്ര തുടങ്ങിയിട്ടു വഴിയന്വേഷിക്കുന്നവനല്ല, വഴി അറിഞ്ഞിട്ടു യാത്ര തുടങ്ങുന്നവനാണ് സമയനഷ്ടംകൂടാതെ ലക്ഷ്യത്തിലെത്തുന്നത്. സ്വന്തം വഴി വരക്കാത്തവൻ സദാ ഇടവഴികളിലൂടെയും ഊടുവഴികളിലൂടെയും അലഞ്ഞുതിരിയും.

വഴിപണി, ജീവിതത്തിന്റെ പണിതന്നെ. എന്റെ ഗതാഗത തടസങ്ങൾ നീങ്ങി, രാജപാതകൾ തെളിയുന്നതെങ്ങനെ എന്ന് ഓരോ ദിനവും ഓർത്താൽ, വഴി പിഴയ്ക്കില്ല, നിശ്ചയം!


ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ

<ആ>വഴിത്തല പുതിയ മേഖല;ഉദ്ഘാടനം തിങ്കളാഴ്ച

വഴിത്തല: ദീപിക ബാലസഖ്യം പുതുതായി രൂപീകിരിച്ച വഴിത്തല മേഖലയുടെ ഉദ്ഘാടനം ജൂലൈ നാലാംതീയതി തിങ്കളാഴ്ച രാവിലെ 10–ന് കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നിർവഹിക്കും.

വഴിത്തല സെന്റെ സാബെസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് വരാരപ്പള്ളിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ മാത്യു ടി. പെരുമ്പനാനി മുഖ്യപ്രഭാഷണം നടത്തും.

ഡിസിഎൽ പ്രവിശ്യാകോ–ഓ ർഡിനേറ്റർ പി.ടി. തോമസ്, വഴിത്തല മേഖലാ ഓർഗനൈസർ തോമസ് ജോസഫ്, തൊടുപുഴ മേഖലാ ഓർഗനൈസർ എബി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.

<ആ>ആലപ്പുഴ പ്രവിശ്യാ പ്രവർത്തനോദ്ഘാടനവും ഡയറക്ടേഴ്സ് മീറ്റും ജൂലൈ 9–ന്

ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റും പ്രവർത്തനോദ്ഘാടനവും ജൂലൈ ഒൻപതാംതീയതി ശനിയാഴ്ച രാവിലെ 11–ന് ആലപ്പുഴ ലിയോ തേർട്ടീൻത് എൽപി സ്കൂളിൽ നടക്കും.

പ്രവിശ്യാ പ്രസിഡന്റ് സെൻ കല്ലുപുരയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഈ വർഷത്തെ പ്രവിശ്യാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ഡിസിഎൽ സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ പൊന്നാടയണിയിച്ച് ആദരിക്കും.

കൂടാതെ സമ്പൂർണ മെംബർഷിപ്പ് നടപ്പിലാക്കിയ സ്കൂളുകൾക്കും സ്റ്റാർ അവാർഡുകൾ നേടിയ സ്കൂളുകൾക്കും ഉള്ള ട്രോഫികളും വിതരണംചെയ്യുന്നതാണ്. പ്രവിശ്യാ സെക്രട്ടറി ആനിമ്മ ജോസഫ് സ്വാഗതവും കോ–ഓർഡിനേറ്റർ വി.കെ. മറിയാമ്മ നന്ദിയും പറയും. മേഖലാ ഓർഗനൈസർമാരും പ്രവിശ്യാ സമിതി ഭാരവാഹികളും നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ–ഓർഡിനേറ്ററുമായി 9995484850 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

<ആ>കലയന്താനി മേഖലാ പ്രവർത്തനോദ്ഘാടനം

കലയന്താനി: ഡിസിഎൽ കലയന്താനി മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു.

<ആ>സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു

.ഹെഡ്മാസ്റ്റർ ഗർവാസിസ് കെ. സഖറിയാസ്, പിടിഎ പ്രസിഡന്റ് ഷാജി ഓലിക്കൽ, പ്രവിശ്യാ കോ–ഓർഡിനേറ്റർ പി.ടി. തോമസ്, മേഖലാ ഓർഗനൈസർ ജയ്സൺ ജോസഫ്, ശാഖാ ഡയറക്ടർ ഷൈനി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം പുളിമൂട്ടിൽ സിൽക്സ് എംഡി ഔസേപ്പ് ജോൺ പുളിമൂട്ടിൽ വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നല്കി ഉദ്ഘാടനം ചെയ്തു.

<ആ>തൊടുപുഴ മേഖലാ പ്രവർത്തനോദ്ഘാടനവും തെരഞ്ഞെടുപ്പും നാളെ

തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ തൊടുപുഴ വിമല പബ്ലിക് എൽപി സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് ഒരുമണിക്കു ചേരുന്ന പൊതുസമ്മേളനത്തിൽ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.