പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു
പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു
Wednesday, June 29, 2016 1:31 PM IST
പെരുമ്പാവൂർ: പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ യും പേരക്കുട്ടിയും തത്ക്ഷണം മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പായിപ്ര കവല കോട്ടേപറമ്പിൽ വീട്ടിൽ കുഞ്ഞുമൈതീന്റെ ഭാര്യ നൂർജഹാൻ (നൂർജി – 55) ഇവരുടെ മകളുടെ മകൻ മുഹമ്മദ് റിസ്വാൻ (നാല്) എന്നിവരാണു മരിച്ചത്. നൂർജഹാന്റെ മകൻ ഹാറൂൺ അഫ്സൽ (27), റിസ്വാന്റെ പിതാവ് മുളവൂർ കുറ്റിലഞ്ഞിക്കുടിയിൽ വീട്ടിൽ അബ്ദുള്ള (44), മാതാവ് റഹുൽസി (30) എന്നിവരെ പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

എംസി റോഡിൽ പുല്ലുവഴി തായ്ക്കരചിറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെയായിരുന്നു അപകടം. പെരുന്നാൾ ആഘോഷത്തിനായി വസ്ത്രം വാങ്ങാനാണ് കുടുംബം പെരുമ്പാവൂരിൽ എത്തിയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ കോതമംഗലം അടിവാടിനടുത്തുള്ള ബന്ധുവിന്റെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്നു ഷോപ്പിംഗ് പാതിവഴിയിൽ നിർത്തി വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എതിരേ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നൂർജഹാനും പേരക്കുട്ടിയും കാറിൽനിന്ന് തെറിച്ച് റോഡിലേക്ക് വീണു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാർ കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.


മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം നൂർജഹാന്റെ കബറടക്കം ഇന്നു പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിലും മുഹമ്മദ് റിസ്വാന്റെ കബറടക്കം ഇന്നു മുളവൂർ സെൻട്രൽ ജുമാ മസ്ജിദിലും നടക്കും. പെരുമറ്റം വി.എം. പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് മുഹമ്മദ് റിസ്വാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.