ദളിത് സഹോദരിമാരെ ജയിലിൽ അടച്ച സംഭവം: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നു സുധീരൻ
ദളിത് സഹോദരിമാരെ ജയിലിൽ അടച്ച സംഭവം: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നു സുധീരൻ
Wednesday, June 29, 2016 1:31 PM IST
തിരുവനന്തപുരം: തലശേരിയിൽ ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തിൽ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചതെന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ. കെപിസിസി ആസ്‌ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണു മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം നേതാക്കളും അവരുടെ ആജ്‌ഞാനുവർത്തികളായ പോലീസ് ഉദ്യോഗസ്‌ഥരും തട്ടിക്കൂട്ടിയ കള്ളക്കഥകൾ അതേപടി ആവർത്തിച്ച മുഖ്യമന്ത്രിയുടെ നിലപാട് ആ സ്‌ഥാനത്തിലിരിക്കുന്ന ആർക്കും യോജിച്ചതല്ല. സഹോദരിമാരുടെ അറസ്റ്റ്, ജാമ്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി തന്നിൽ നിന്ന് ആരും നീതി പ്രതീക്ഷിക്കണ്ട എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. തുല്യനീതി എല്ലാവർക്കും നൽകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേവലം വെറും വാക്കായി മാറി.

തെരഞ്ഞെടുപ്പ് സമയത്തും തുടർന്ന് അധികാരത്തിലെത്തിയപ്പോഴും ഇവന്റ് മാനേജ്മെന്റ് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് പിണറായി വിജയൻ സംസാരിച്ചതെങ്കിൽ ഇപ്പോൾ അദ്ദേഹത്തിന്റെ തനിനിറം പ്രകടമായെന്നും സുധീരൻ പറഞ്ഞു. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലനാകുന്ന പിണറായി വിജയന്റെ സ്ത്രീസുരക്ഷയും ദളിത് സുരക്ഷയും ഇതാണോയെന്നു വ്യക്‌തമായ മറുപടി പറയാൻ അദ്ദേഹം ബാധ്യസ്‌ഥനാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.


മോദിയുടെ ഫാസിസ്റ്റ് ശൈലിയെ പ്രതിരോധിക്കുമെന്നു പറയുന്ന സീതാറാം യെച്ചൂരിക്ക് ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം അണികളുടെ അസഹിഷ്ണുത ഇല്ലാതാക്കാൻ ശ്രമിക്കണം. ഫാസിസത്തിന് എതിരായി ആഹ്വാനം ചെയ്ത സീതാറാം യെച്ചൂരി മറ്റുള്ളവരുടെ സംഘടന പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പാർട്ടി ഗ്രാമങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ തയാറാകുമോയെന്നും സുധീരൻ ചോദിച്ചു.

അസഹിഷ്ണുതയുടെ ഭാഗമാണ് സർക്കാർ നടത്തുന്ന കൂട്ടസ്‌ഥലം മാറ്റം. എൻജിഒ മേഖലയിൽ മാത്രമായി മൂവായിരത്തോളം പേരെ സ്‌ഥലംമാറ്റി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അനുവർത്തിക്കുന്ന അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്നതെ ന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.