വി. ശശി ഡെപ്യൂട്ടി സ്പീക്കർ
വി. ശശി ഡെപ്യൂട്ടി സ്പീക്കർ
Wednesday, June 29, 2016 1:08 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐയിലെ വി. ശശി തെരഞ്ഞെടുക്കപ്പെട്ടു. വി. ശശിക്ക് 90 വോട്ടും എതിർസ്‌ഥാനാർഥി യുഡിഎഫിലെ ഐ.സി. ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ബിജെപി അംഗം ഒ. രാജഗോപാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നപ്പോൾ, സ്വതന്ത്ര അംഗം പി.സി. ജോർജ് നോട്ട എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നു ബാലറ്റിൽ എഴുതി വോട്ട് അസാധുവാക്കി.

സ്പീക്കർ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ വോട്ടു ചോർച്ച ഇക്കുറിയുണ്ടായില്ല. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വോട്ട് ചെയ്തില്ല. ആരോഗ്യപ്രശ്നത്തെത്തുടർന്നു ജനതാദൾ– എസിലെ കെ. കൃഷ്ണൻകുട്ടി വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നാമനിർദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന്റെ വോട്ട് അടക്കം എൽഡിഎഫിന് 90 വോട്ട് ലഭിച്ചു. വിദേശത്തേയ്ക്കു പോയ അനുപ് ജേക്കബും സി. മമ്മൂട്ടിയും ഒഴികെയുള്ളവരുടെ 45 വോട്ട് യുഡിഎഫിനു ലഭിച്ചു.

നിയമസഭാ സമ്മേളന ഹാളിൽ സ്പീക്കറുടെ ചേംബറിലായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷിനേതാക്കളും ആദ്യം വോട്ട് ചെയ്തു. പിന്നാലെ സീറ്റിന്റെ ക്രമം അനുസരിച്ചു എംഎൽഎമാരും. തുടർന്നു സ്പീക്കറുടെ നിയന്ത്രണത്തിൽ വോട്ടെണ്ണൽ. എൽഡിഎഫിനെ പ്രതിനിധീകരിച്ച് ഇ.എസ്. ബിജിമോളും യുഡിഎഫിനു വേണ്ടി വി.പി. സജീന്ദ്രനും വോട്ടെണ്ണൽ നിരീക്ഷിക്കാനെത്തി. ആശയക്കുഴപ്പത്തെത്തുടർന്നു രണ്ടു തവണ വോട്ടെണ്ണേണ്ടി വന്നു.


ബാലറ്റ് പേപ്പറിൽ നോട്ട എന്തുകൊണ്ടില്ലെന്നു മാത്രം എഴുതി ജോർജ് വോട്ടു അസാധുവാക്കി. സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് പേപ്പർ മടക്കി പെട്ടിയിലിടുകയായിരുന്നു പി.സി.ജോർജ് ചെയതത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ എൽഡിഎഫിലെ പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതു ബിജെപിക്കുള്ളിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ചിറയിൻകീഴിന്റെ പ്രതിനിധിയായി രണ്ടാം തവണയാണു വി. ശശി (65) നിയമസഭയിലെത്തുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനായി വിരമിച്ച അദ്ദേഹം കയർ ബോർഡ്, നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷൻ എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. പി.കെ. രാഘവൻ പട്ടികജാതി–വർഗ വികസന മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, കേരള കർഷക തൊഴിലാളി വികസന ബോർഡ് എന്നിവയിൽ അംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.