കണ്ണൂർ കളക്ടറേറ്റും പെട്രോൾ ടാങ്കും തകർക്കുമെന്നു ഭീഷണിക്കത്ത്
Wednesday, June 29, 2016 1:08 PM IST
കണ്ണൂർ: കണ്ണൂർ കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോർപറേഷന്റെ സംഭരണ ടാങ്കും തകർക്കുമെന്നു ഭീഷണി മുഴക്കി ജില്ലാ കളക്ടർക്ക് അജ്‌ഞാതന്റെ കത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റിൽ ലഭിച്ചത്. വെള്ളക്കടലാസിൽ എഴുതിയ കത്ത് ആരാണ് അയച്ചതെന്നു സൂചനയില്ല. ജില്ലാ കളക്ടർ അവർകൾക്ക് എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ‘ഇവിടെ കർഷകരെ ജപ്തി ചെയ്യുന്നു, ഇതു തുടർന്നാൽ കളക്ടറേറ്റും ഭാരത് പെട്രോളിയം കോർപറേഷന്റെ കണ്ണൂരിലെ ടാങ്കും തകർക്കാൻ പദ്ധതിയിടുന്നു, അതിനാൽ സൂക്ഷിക്കുക’ എന്നാണ് നാലുവരിയിലുള്ള കത്തിലുള്ളത്. ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിലുള്ള കത്തിൽ അഞ്ചു രൂപയുടെ സ്റ്റാമ്പാണ് ഒട്ടിച്ചിരിക്കുന്നത്. കത്ത് എവിടെനിന്നാണു പോസ്റ്റ് ചെയ്തതെന്നു വ്യക്‌തമായിട്ടില്ല. കളക്ടർ പി. ബാലകിരണിനു കിട്ടിയ കത്ത് ജില്ലാ പോലീസ് സൂപ്രണ്ടിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.