സർവതന്ത്ര സ്വതന്ത്ര പ്രഖ്യാപനവുമായി പി.സി. ജോർജ്
സർവതന്ത്ര സ്വതന്ത്ര പ്രഖ്യാപനവുമായി പി.സി. ജോർജ്
Wednesday, June 29, 2016 1:08 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം: സർവതന്ത്ര സ്വതന്ത്രനായ പി.സി. ജോർജിന് സാധാരണ സാമാജികരുടെ കെട്ടുപാടുകളൊന്നുമില്ല. പ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിലായാലും ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലായാലും ഇഷ്‌ടം പോലെ നിലപാടുകളെടുക്കാം. ആരോടും ചോദിക്കാനില്ല. കഴിഞ്ഞ സഭയിലെ ചീഫ് വിപ്പിന് ഇപ്പോൾ സ്വന്തം വിപ്പിൽ കാര്യങ്ങൾ തീരുമാനിക്കാം.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ചെയ്തതു പോലെ ജോർജ് ഇന്നലെ ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും വോട്ട് അസാധുവാക്കി. അന്നു ബാലറ്റ് വെറുതെ മടക്കി പെട്ടിയിലിട്ടെങ്കിൽ ഇന്നലെ ഒരു കുറിപ്പോടു കൂടി പെട്ടിയിലിട്ടെന്ന വ്യത്യാസം മാത്രം. ബാലറ്റിൽ നോട്ട എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ജോർജ് ബാലറ്റിൽ എഴുതി ചോദിച്ചത്. സംഗതി അസാധുവാകാൻ അത്ര മാത്രം മതി.

നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ അനുവദിച്ചു കിട്ടിയ ഒരു മിനിറ്റ് മൂന്നു മിനിറ്റ് ആക്കിയ ജോർജ് പ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തില്ല. എന്നാൽ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ചു. രണ്ടു കൂട്ടരും കൂടി ചക്കളത്തിപ്പോരാട്ടം നടത്തി ബിജെപിയെ വിജയിപ്പിച്ചു എന്നായിരുന്നു ജോർജിന്റെ ആരോപണം. രണ്ടും കച്ചവട മനസ്‌ഥിതിക്കാർ. ഭരണപക്ഷത്തു നിന്നു പ്രതിഷേധ ശബ്ദം ഉയർന്നപ്പോൾ ജോർജിന്റെ ഭാവം മാറി. മോദിയുടെ മുന്നിൽ പോയി കൈകൂപ്പി നിന്നതു താനല്ല, പിണറായി വിജയനാണെന്നു ജോർജ് പറഞ്ഞു. ഏതായാലും മൂന്നു മുന്നണികൾക്കും ബദലായി ജനപക്ഷ മുന്നണി ഉയർന്നുവരുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് ജോർജ് പ്രസംഗം അവസാനിപ്പിച്ചത്.

തലശേരി കൂട്ടുമാക്കലിൽ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നലെയും ചർച്ചയിൽ നിറഞ്ഞു നിന്നു. ഇവരെ ക്രിമിനലുകളെന്നു വിളിക്കാൻ ഭരണപക്ഷത്തെ പ്രസംഗകർ മടികാട്ടിയില്ല. ദളിത് വിരോധികളെന്നു ഭരണപക്ഷത്തെ വിളിക്കാൻ കിട്ടിയ അവസരം പ്രതിപക്ഷവും വെറുതെ കളഞ്ഞില്ല.

മുത്തങ്ങ സമരകാലത്ത് ജോഗി എന്ന ആദിവാസിയെ വെടിവച്ചു കൊന്ന സംഭവവും അന്ന് നൂറുകണക്കിന് ആദിവാസി സ്ത്രീകളെ കൈക്കുഞ്ഞുങ്ങളെയുമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചതും ഉയർത്തിക്കാട്ടി വയനാട്ടിൽ നിന്നുള്ള സി.കെ. ശശീന്ദ്രൻ ഭരണപക്ഷത്തു നിന്നു പ്രതിരോധമുയർത്തി. ജയിലിൽ കിടന്ന് ആദിവാസി സ്ത്രീകൾ പ്രസവിച്ച കഥകളും കൊച്ചുകുട്ടികൾ അമ്മമാരിൽ നിന്നു വേർപെട്ടു ജയിലിൽ കഴിയേണ്ടി വന്ന കഥകളും ശശീന്ദ്രൻ വികാരപരമായി അവതരിപ്പിച്ചു. അത്തരം സംഭവങ്ങളും ക്രിമിനലുകളായ സ്ത്രീകളുടെ അറസ്റ്റും ഒരുപോലെ കാണരുതെന്നായിരുന്നു ശശീന്ദ്രന്റെ പക്ഷം. തലശേരി സ്ത്രീകളെ ക്രിമിനലുകൾ എന്നു വിളിക്കരുതെന്ന് സി.എഫ്. തോമസ് അഭ്യർഥിച്ചു.

ഭരണപക്ഷത്തുനിന്ന് എം. നൗഷാദും ക്രിമിനലുകളെ ജയിലിലടച്ചതിനെ ദളിത് വിഷയമാക്കിയെന്നു കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളോടുള്ള സർക്കാരിന്റെ സമീപനം തലശേരി സംഭവത്തിലൂടെ വ്യക്‌തമാകുകയാണെന്ന് വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടി. നാലടി ഉയരവും പെൻസിൽ വണ്ണവുമുള്ള രണ്ടു സ്ത്രീകൾ പാർട്ടി ഓഫീസിൽ കയറി ആക്രമിച്ചു എന്നു പറയുന്നത് ഇ.പി. ജയരാജനെ കോവൂർ കുഞ്ഞുമോൻ അടിച്ചു എന്നു പറയുന്നതു പോലെയാണെന്ന് സജീന്ദ്രൻ പറഞ്ഞപ്പോൾ കോവൂർ കുഞ്ഞുമോൻ പ്രതിഷേധിച്ചു. സഭയ്ക്കുള്ളിലും പിന്നോക്കക്കാരെ സർക്കാർ അവഗണിക്കുന്നതിന്റെ ഉദാഹരണമായി കോവൂർ കുഞ്ഞുമോനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സജീന്ദ്രന്റെ മറുപടി. സ്വന്തമായി ഒരു പാർട്ടി ഉണ്ടായിട്ടും ഇടതുപക്ഷം കുഞ്ഞുമോനു മുൻനിരയിൽ സീറ്റ് കൊടുക്കാത്തത് അവഗണനയല്ലെങ്കിൽ പിന്നെ മറ്റെന്ത്?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുള കണ്ണാടി കൊടുത്തതിന്റെ പേരിൽ പ്രതിപക്ഷത്തു നിന്നുള്ള വിമർശനങ്ങളെ ജയിംസ് മാത്യു നേരിട്ടത് മുസ്്ലിംലീഗുകാർ മോദിക്ക് ഗുജറാത്ത് ഫണ്ട് എന്ന പേരിൽ 25 ലക്ഷം രൂപ കൊടുത്തതു ചൂണ്ടിക്കാട്ടിയാണ്. മാറാട് കലാപ കേസ് സിബിഐക്കു വിടുന്നു എന്നു കേട്ടപ്പോഴായിരുന്നത്രെ പണം നൽകിയത്. ജയിംസ് മാത്യുവിന്റേത് അവസാന പ്രസംഗമായിരുന്നതിനാൽ ഇതിനുള്ള മറുപടി ഇന്നു സഭയിൽ പ്രതീക്ഷിക്കാം.


പുതിയ മെഡിക്കൽ കോളജുകൾക്കെതിരെയുള്ള ഭരണപക്ഷാംഗങ്ങളുടെ എതിർപ്പ് ഉൾക്കൊള്ളാൻ ലീഗുകാരനായ എം. ഉമ്മർക്കു കഴിയുന്നില്ല. മുപ്പത്തിനാലു വർഷത്തിനു ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിൽ പുതിയ മെഡിക്കൽ കോളജ് ഉണ്ടാകുന്നത്. അഞ്ചു കൊല്ലം കൊണ്ട് ആറു പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയെങ്കിൽ ഇവർ ഒരു മാസം കൊണ്ടു മൂന്നെണ്ണം പൂട്ടി. മെഡിക്കൽ കോളജ് എന്താ എൻഡോസൾഫാൻ ഫാക്ടറിയാണെന്നാണോ ഇവർ വിചാരിച്ചിരിക്കുന്നത്? അതോ ആണവ ഫാക്ടറിയോ? ഉമ്മറിനു സംശയം തീരുന്നില്ല. വി.എസ്. അച്യുതാനന്ദന്റെ പദവിയിലും കയറിയൊന്നു തോണ്ടി ഉമ്മർ. ഫിഡൽ കാസ്ട്രോയ്ക്കു പദവി കൊടുക്കുന്നതു നീട്ടിക്കൊണ്ടുപോകരുത്. പ്രസംഗിക്കാൻ സമയം കൊടുക്കാൻ ബക്കറ്റ് പിരിവിനിറങ്ങുന്നതു ശരിയല്ല. ഒരാളുടെ ഒരു മിനിറ്റ്, മറ്റൊരാളിന്റെ രണ്ടു മിനിറ്റ്... ഇങ്ങനെ പിരിച്ചെടുത്ത് പ്രസംഗിപ്പിച്ച് ഇനിയും അപമാനിക്കരുത്: ഉമ്മർ പറഞ്ഞു.

മലബാർ സിമന്റ്സിൽ കഴിഞ്ഞ അഞ്ചു വർഷം കൊടിയ അഴിമതി നടന്നു എന്ന കാര്യത്തിൽ പി.കെ. ശശിക്കു സംശയമില്ല. ഇതിന് ഇടനിലക്കാരനായി നിന്ന ആളെ അറിയാം. പക്ഷേ പേരു പറയില്ല. പേരു പറയാൻ പ്രതിപക്ഷം നിർബന്ധിച്ചെങ്കിലും ഒരു കാരണവശാലും പേരു വെളിപ്പെടുത്തില്ലെന്ന വാശിയിലായിരുന്നു ശശി. ഇടയ്ക്ക് ചാക്കു രാധാകൃഷ്ണന്റെ പേരു പി.സി. ജോർജ് വിളിച്ചുപറഞ്ഞെങ്കിലും ശശി അതു കേട്ടതായി ഭാവിച്ചില്ല.

ഇടതുപക്ഷ സർക്കാർ എന്ന് അധികാരത്തിൽ വന്നാലും നവകേരളം സൃഷ്‌ടിക്കുമെന്നു പറയുന്നതു കേട്ടു സി.എഫ്. തോമസ് മടുത്തു. 57 ൽ ഇ.എം.എസ് സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ്. പിണറായി വന്നപ്പോഴും ഇതു തന്നെ പറയുന്നു. ഇനി എന്നാണ് നവകേരളം വരുന്നതെന്നാണ് സി.എഫിന് അറിയാനുള്ളത്.

എല്ലാവരും പൊത്തിപ്പൊതിഞ്ഞു പറയുന്ന കാര്യം താൻ തുറന്നുപറയാൻ പോകുകയാണെന്നു പറഞ്ഞാണ് തോമസ് ചാണ്ടി ഒരു കാര്യം പറയാൻ തുടങ്ങിയത്. പക്ഷേ അദ്ദേഹവും കാര്യം വ്യക്‌തമായി പറഞ്ഞില്ല. മദ്യമായിരുന്നു പ്രശ്നം. സ്വന്തം റിസോർട്ടിനെ പ്രശ്നം ബാധിച്ചെന്നു തന്നെ പറഞ്ഞുവച്ചു. കോൺഫറൻസുകൾ പോലും ഇല്ലാതായി. ബാർ ലൈസൻസ് ഫീസ് നഷ്‌ടപ്പെടുന്ന പ്രശ്നം മാത്രമല്ലിത്. റൂം ബുക്കിംഗ് കുറയുമ്പോഴും സർക്കാരിനു പണം നഷ്‌ടപ്പെടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനെ ഓർമിപ്പിച്ചു. എന്തായാലും കോൺഫറൻസുകൾ മടക്കിക്കൊണ്ടു വരാൻ നടപടി വേണമെന്നാണ് തോമസ് ചാണ്ടി അഭ്യർഥിച്ചത്.

ബി. സത്യൻ, അടൂർ പ്രകാശ്, ഇ.എസ്. ബിജിമോൾ, ടി.വി. ഇബ്രാഹിം, ആർ. രാമചന്ദ്രൻ, റോജി എം. ജോൺ, പുരുഷൻ കടലുണ്ടി, പി.വി. അൻവർ, കെ. ആൻസലൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

സമയക്ലിപ്തത പാലിക്കുന്നതിൽ തുടർച്ചയായ രണ്ടാം ദിവസവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിജയിച്ചു. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടും സഭ 2.37 നു പിരിഞ്ഞു.

ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല, സംഭവിച്ചുമില്ല. വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഒ. രാജഗോപാൽ ഒരു വിവാദം ഒഴിവാക്കി. പി.സി. ജോർജ് വോട്ട് അസാധുവാക്കി. പ്രതിപക്ഷത്തു രണ്ടു പേർ കുറവായിരുന്നു. ഭരണപക്ഷത്ത് ഒരാൾ കുറവ്. സ്പീക്കർ വോട്ടെടുപ്പിൽ പങ്കെടുത്തുമില്ല. നന്ദിപ്രമേയ ചർച്ച ഇന്നും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.