കള്ളവോട്ടിന് ആഹ്വാനമെന്നു പരാതി: കെ. സുധാകരനെതിരേ കേസ്
കള്ളവോട്ടിന് ആഹ്വാനമെന്നു പരാതി:  കെ. സുധാകരനെതിരേ കേസ്
Tuesday, June 28, 2016 1:12 PM IST
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ ഉദുമയിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന കെ. സുധാകരനെതിരേ കോടതി നിർദേശപ്രകാരം ബേക്കൽ പോലീസ് കേസെടുത്തു. എതിർസ്‌ഥാനാർഥിയും ഉദുമ എംഎൽഎയുമായ കെ.കുഞ്ഞിരാമൻ സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് കെപിസിസി ജനറൽ സെക്രട്ടറി കെ. സുധാകരനെതിരേ കേസെടുത്തത്.

സുധാകരനെതിരേ കുഞ്ഞിരാമൻ ആദ്യം ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേത്തുടർന്ന് എംഎൽഎ ഹോസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (രണ്ട്)യിൽ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസെടുക്കാൻ പോലീസിനോട് നിർദേശിക്കുകയായിരുന്നു. ഐപിസി 171 എഫ് 116 വകുപ്പുകൾ അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആൾമാറാട്ടത്തിനും കള്ളവോട്ട് ചെയ്യുന്നതിനും ആഹ്വാനം ചെയ്യൽ, തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ എന്നിവയാണ് ഈ വകുപ്പുകൾ.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിൽ കെ.സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോയാണ് കേസിനാസ്പദം. കെ.കുഞ്ഞിരാമൻ എംഎൽഎ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിൽ നാട്ടിലില്ലാത്തവരും മരിച്ചവരുമെല്ലാം യുഡിഎഫിനുവേണ്ടി വോട്ട് ചെയ്യണമെന്നും ഒരു വോട്ട് പോലും പാഴാക്കരുതെന്നും കെ.സുധാകരൻ പ്രസംഗിച്ചതായാണ് വീഡിയോയിൽ പ്രചരിച്ചത്. ഇത് പരസ്യമായി കള്ളവോട്ടിനുള്ള ആഹ്വാനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെ.കുഞ്ഞിരാമൻ എംഎൽഎ പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.