സൈലന്റ്വാലി വനമേഖലയിൽ അപൂർവ തവള
സൈലന്റ്വാലി വനമേഖലയിൽ അപൂർവ തവള
Tuesday, June 28, 2016 1:12 PM IST
എടത്തനാട്ടുകര(പാലക്കാട്): അത്യപൂർവ വർഗത്തിൽപ്പെട്ട പത്തു കോടിയോളം വർഷം പഴക്കമുള്ള ജീവവിഭാഗത്തിലെ പന്നിമൂക്കൻ തവളയെ (പിഗ് നോസ്ഡ് ഫ്രോഗ്) സഹ്യപർവത നിരയിലെ സൈലന്റ് വാലി ബഫർസോണിൽപ്പെട്ട വെള്ളച്ചാട്ടപ്പാറയിൽ കണ്ടെത്തി.

അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര ഉപ്പുകുളത്ത് കപ്പി ഭാഗത്തു പുളിയൻതോടിന്റെ ഉത്ഭവസ്‌ഥാനത്തിനടുത്താണ് പന്നിമൂക്കൻ തവളയെ കണ്ടെത്തിയത്. ഇതിന്റെ ശാസ്ത്രീയനാമം നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്നാണ്. പർപ്പിൾ ഫ്രോഗ് എന്നും ഇതിനു പേരുണ്ട്. പാതാളത്തവള എന്നുകൂടി പേരുള്ള ഇവ പ്രജനനസമയത്തു മാത്രമാണു ഭൗമോപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മഴക്കാലത്തിന്റെ ആരംഭത്തിലാണ് ഈ ജീവി മണ്ണുതുരന്ന് ഭൂമിയിൽ പ്രത്യക്ഷപ്പെടുക. കിണർ കുഴിക്കുന്ന സമയത്ത്, മുമ്പ് ഈ ജീവിയുടെ സാന്നിധ്യം ഈ മേഖലയിൽ കണ്ടിരുന്നെങ്കിലും തിരിച്ചറിയുന്നത് ഇപ്പോഴാണ്.

ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന ഈ ഉഭയജീവിയുടെ സാന്നിധ്യം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് മലയോരമേഖലയിൽ മുമ്പ് കണ്ടെത്തിയിരുന്നു. ഇടുക്കി ജില്ലയിൽ പലഭാഗത്തും, കോതമംഗലം, എരുമേലി എന്നിവിടങ്ങളിലും തൃശൂർ പട്ടിക്കാട്ടും തമിഴ്നാട് ആനമലയിലെ ശങ്കരൻകുട്ടത്തും ഈ തവളയെ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ ജീവിയുടെ ആകാര സവിശേഷതകൾ തന്നെയാണ് അതിന്റെ പേരിനു കാരണം. ധൂമനിറവും പന്നിയുടെ മുഖത്തോടുള്ള സാമ്യവും ഇതിന് പന്നിമൂക്കൻ എന്ന പേരു ലഭിക്കാൻ കാരണമായി. ആൺതവളയെ അപേക്ഷിച്ച് പെൺതവളയ്ക്കാണ് ഏറെ വലുപ്പം. ഒരു തവള ഒരു സീസണിൽ 4000 ത്തോളം ലാർവകൾ പുറപ്പെടുവിക്കും.


പ്രജനനത്തിനുശേഷം അപ്രത്യക്ഷമാകുന്ന തവളകൾ വീണ്ടും അടുത്ത സീസണിൽ പ്രത്യക്ഷപ്പെടും. ചിലർ ഈ ജീവിയെ മൊട്ടത്തലയൻ ആമ എന്നും വിളിക്കുമത്രെ.

പ്രകൃതിസ്നേഹിയും പരിസ്‌ഥിതിപഠനത്തിൽ താത്പര്യമുള്ളയാളുമായ എടത്തനാട്ടുകര പുത്തൻപള്ള പി.പി. സുബൈർമാസ്റ്ററുടെ മകൻ നിഹാൽ ജുബിന്റെ അന്വേഷണമാണ് ഈ അത്യപൂർവജീവിയുടെ സാന്നിധ്യം ഈ വനമേഖലയിൽ കണ്ടെത്താനിടയാക്കിയത്. ഈറോഡ് എക്സൽ കോളജിൽ മൂന്നാംവർഷ പെട്രോകെമിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ് നിഹാൽ ജുബിൻ.

ഇത്തരം ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും തനിക്കു പ്രചോദനമായതു സ്കൂൾ നേച്ചർക്ലബ്ബുകളിൽ പ്രവർത്തിച്ചതിന്റെ അനുഭവവും കേരള വനഗവേഷണ കേന്ദ്രം (കെഎഫ്ആർഐ) ഉഭയജീവിഗവേഷകൻ സന്ദീപ് ദാസിന്റെ പ്രചോദനവുമാണെന്നു നിഹാൽ ജുബിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.