റബർ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയതിൽ പ്രതിഷേധം
Tuesday, June 28, 2016 1:07 PM IST
കോട്ടയം: തകർച്ച നേരിടുന്ന റബർ മേഖലയ്ക്കു വൻ പ്രഹരം ഏൽപ്പിച്ചുകൊണ്ട് ആസിയാൻ അംഗരാജ്യമായ മലേഷ്യയിൽ നിന്ന് ഇന്ത്യ–മലേഷ്യ സംയോജിത സാമ്പത്തിക കരാറുപ്രകാരം വിവിധ റബറധിഷ്ഠിത ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ പരിപൂർണ്ണമായി എടുത്തുകളഞ്ഞ് 21ന് എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിനുവേണ്ടി കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നോട്ടിഫിക്കേഷൻ കാർഷികമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വരുംനാളുകളിൽ രാജ്യാന്തര കാർഷിക ഉല്പന്ന കമ്പോളമായി ഇന്ത്യ മാറുമ്പോൾ കാർഷികോല്പാദന മേഖല തകരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ.

ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്രവ്യാപാരക്കരാറുണ്ട്. ഇതരരാജ്യങ്ങളുമായി സംയുക്‌ത ഉടമ്പടികൾ വേറെയും. സെപ്റ്റംബറിൽ പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും സംയുക്‌തമായി റീജണൽ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ലാവോസിൽ ഒപ്പുവയ്ക്കുകയാണ്. 2011ൽ യുപിഎ സർക്കാരിന്റ കാലത്ത് ആരംഭിച്ച ചർച്ചകൾ ഇതിനോടകം 12 റൗണ്ട് പൂർത്തിയായി. നികുതിരഹിത സ്വതന്ത്രവ്യാപാരമാണ് ഉടമ്പടി ലക്ഷ്യം വയ്ക്കുന്നത്.

നിയന്ത്രണമില്ലാത്തതും നികുതിരഹിതവുമായ ഉത്പന്ന ഇറക്കുമതിക്ക് ഇന്ത്യയുടെ കമ്പോളം തുറന്നുകൊടുക്കുമ്പോൾ വൻപ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ കാർഷികമേഖലയും പ്രത്യേകിച്ച് കേരളത്തിലെ റബർ കർഷകരുമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രകൃതിദത്ത റബർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ആസിയാൻ രാജ്യങ്ങളിൽ നിന്നുമാണ്. തായ്ലൻഡിൽ നിന്നുള്ള റബർ ഇറക്കുമതി ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ പച്ചക്കൊടികാട്ടിയത് ജൂൺ ആദ്യവാരമാണ്. ഇന്ത്യ–മലേഷ്യ സംയോജിത സാമ്പത്തിക ഉടമ്പടിയുടെ ഭാഗമായാണ് റബർ ഉത്പന്നങ്ങളുടെ നികുതി 40/2016 കസ്റ്റംസ് നോട്ടിഫിക്കേഷനിലൂടെ എടുത്തുകളഞ്ഞത്.


ജൂലൈ മുതൽ നികുതി രഹിത ഉത്പന്ന ഇറക്കുമതി നിലവിൽ വരും. ലോകവ്യാപാരക്കരാറിൽ ബൗണ്ട് റേറ്റായി പ്രഖ്യാപിച്ചിരിക്കുന്ന പ്രകൃതിദത്ത അസംസ്കൃത റബറിന്റെ 25ശതമാനം ഇറക്കുമതിച്ചുങ്കം സംയുക്‌ത കരാറിലൂടെ എടുത്തുമാറ്റാവുന്നതാണ്. 25ശതമാനത്തിൽ നിന്ന് ഇറക്കുമതി നികുതി പൂജ്യത്തിൽ കൊണ്ടുവരുന്നതിന് അംഗരാഷ്ട്രങ്ങളുടെ അംഗീകാരം ആവശ്യമില്ല.

വരുംനാളുകളിൽ പ്രകൃതിദത്ത റബറിന്റെ നികുതിരഹിത ഇറക്കുമതിക്ക് സാധ്യതയേറുന്നതിന്റെ മുന്നോടിയാണ് കേന്ദ്രസർക്കാരിന്റ ഈ നോട്ടിഫിക്കേഷനെന്നും കർഷകദ്രോഹനടപടിയിൽ നിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്നും കഴിഞ്ഞ നാളുകളിൽ ആസിയാൻ കരാറുകളെ പിന്തുണച്ചവർ നിലപാട് വ്യക്‌തമാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

<ആ>തീരുമാനം പിൻവലിക്കണം: സുധീരൻ

തിരുവനന്തപുരം: വിജ്‌ഞാപനം പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇന്ത്യ–മലേഷ്യ സമഗ്ര സാമ്പത്തിക സഹകരണ കരാർ (ഐഎംസിഇസിഎ) പ്രകാരമുള്ള ഈ നടപടി വിലത്തകർച്ചമൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ വിജ്‌ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.

റബർ മേഖലയെ തകർക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. നികുതിയില്ലാതെ റബർ ഇറക്കുമതി ചെയ്യുന്നത് ചെറുകിട റബർ വ്യവസായങ്ങൾ മുഴുവൻ തകരുന്നതിന് ഇടയാകും. നരേന്ദ്രമോദിയുടെ മേക്കിംഗ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്‌തിതന്നെ ഇല്ലാതാക്കുന്നതാണ് ഈ വിജ്‌ഞാപനമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.