അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ നടപടി: മന്ത്രി മേഴ്സിക്കുട്ടിയമ്മ
അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ നടപടി: മന്ത്രി മേഴ്സിക്കുട്ടിയമ്മ
Tuesday, June 28, 2016 1:07 PM IST
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷന്റെയും കാപ്പക്സിന്റെയും അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ വേഗത്തിൽ തുറക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു.

മേഖലയിലെ അസംസ്കൃത വസ്തുവായ തോട്ടണ്ടി വാങ്ങാൻ ടെൻഡർ വ്യവസ്‌ഥകളിൽ മാറ്റം വരുത്തും. കഴിഞ്ഞ ദിവസം നടന്ന ടെൻഡർ നടപടികളിൽ ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. കൂടുതൽ പേരെ പങ്കെടുപ്പിച്ചു ടെൻഡർ വ്യവസ്‌ഥ മത്സരാധിഷ്ഠിതമാക്കാൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തി ഏഴു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കശുവണ്ടി മേഖലയിലെ എല്ലാ ജപ്തി നടപടികളും ആറു മാസത്തേക്കു നിർത്തിവയ്ക്കാൻ ബാങ്ക് തല സ്റ്റിയറിംഗ് കമ്മിറ്റിയുമായി ഇന്നു ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി ഫാക്ടറികൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന ഐഷാപോറ്റിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

<ആ>അടിയന്തരപ്രമേയം: നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം

അടിയന്തര പ്രമേയവും മന്ത്രിമാരുടെ മറുപടി അടക്കമുള്ള നടപടികളും അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ നടപടിക്രമങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയക്രമം പൂർണമായി പ്രാവർത്തികമാക്കാൻ കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചതായി സ്പീക്കർ നിയമസഭയെ അറിയിച്ചു.

രാവിലെ 8.30ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1.30ന് അവസാനിക്കുന്ന തരത്തിലാണു നിയമസഭാ സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ, പലപ്പോഴും സഭ അനന്തമായി നീളുകയാണ്. ശൂന്യവേള ആരംഭിക്കുന്ന 9.30നു തുടങ്ങുന്ന അടിയന്തര പ്രമേയവും തുടർനടപടികളും പത്തിനകം തീർക്കണം. വെളളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്തു സബ്മിഷനുകളും വെള്ളിയാഴ്ചകളിൽ എട്ടെണ്ണവും അവതരിപ്പിക്കാൻ അനുമതി നൽകും.

പത്തരയോടെ ശൂന്യവേള സമാപിക്കണം. ചർച്ചകളിൽ പങ്കെടുത്തു പ്രസംഗിക്കുന്നവർ വിഷയപരിധിയിൽ നിന്നു സംസാരിക്കണം. അംഗത്തിന്റെ സമയം അവസാനിക്കുന്നതിന് ഒരു മിനിറ്റ് മുമ്പു മുന്നറിയിപ്പു നൽകും. തുടർന്നും അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത അംഗത്തെ പ്രസംഗിക്കാൻ ക്ഷണിക്കും. എന്നാൽ, കക്ഷി നേതാക്കൾക്കും മന്ത്രിമാർക്കും സമയക്രമത്തിന്റെ കാര്യത്തിൽ ഇളവുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.

<ആ>അങ്കമാലി ബൈപ്പാസ്: രണ്ടു മാസത്തിനകം നടപടി

അങ്കമാലി നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ കരയാംപറമ്പ് മുതൽ നെടുമ്പാശേരി വരെ 45 മീറ്റർ വീതിയിൽ 5.97 കിലോമീറ്റർ നീളത്തിൽ ബൈപ്പാസ് റോഡ് നിർമ്മിക്കുന്നതിന് 1600 കോടി രൂപയുടെ പദ്ധതിക്ക് രണ്ടു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ലഭ്യമാക്കി നടപടികൾ ആരംഭിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. റോജി എം. ജോണിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.


കിറ്റ്കോയാണ് കൺസൾട്ടന്റ്. പ്രാഥമിക റിപ്പോർട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. രണ്ടു ഘട്ടമായാണ് നിർമാണം. ആദ്യഘട്ടത്തിൽ കരയാംപറമ്പ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് റോഡ് നിർമ്മിക്കുക. പൊതു– സ്വകാര്യപങ്കാളിത്തതോടെയാണു നിർമാണമെന്നും മന്ത്രി അറിയിച്ചു.

<ആ>കൊല്ലങ്കോട് ബൈപ്പാസിന് 2.64 കോടി രൂപ

നെന്മാറയിലെ കൊല്ലങ്കോട് ബൈപ്പാസ് നിർമാണത്തിനായി 14.06 ഹെക്ടർ സ്‌ഥലം സ്വകാര്യവ്യക്‌തികളിൽ നിന്ന് ഏറ്റെടുക്കാൻ ആദ്യ ഗഡുവായി 2.64 കോടി രൂപ അനുവദിച്ചതായി കെ. ബാബുവിന്റെ സബ്മിഷനു മറുപടിയായി പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അറിയിച്ചു. 30 മീറ്റർ വീതിയിൽ 4.7 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ്. ഇതിനായി 14.57 ഹെക്ടർ സ്‌ഥലം ഏറ്റെടുക്കേണ്ടിവരും. ഇതിൽ 14.06 ഹെക്ടറും സ്വകാര്യഭൂമിയാണ്. സ്‌ഥലം ഏറ്റെടുക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

<ആ>ഫാക്ട് സ്വകാര്യവത്കരണം: കേന്ദ്രത്തിൽ സമ്മർദം ചെലുത്തും

ഫാക്ടിനെ സ്വകാര്യവത്കരിക്കുന്നതിനെതിരേ കേന്ദ്ര സർക്കാരിൽ ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ചു സമ്മർദ്ദം ചെലുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഫാക്ട് സ്വകാര്യവത്കരിക്കുമെന്ന ഔദ്യോഗികമായ ഒരു അറിയിപ്പും സംസ്‌ഥാന സർക്കാരിനു ലഭിച്ചിട്ടില്ല. എന്നാൽ ഫാക്ട് അടക്കം 22 പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുമെന്ന പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുല്ലപ്പടി– തമ്മനം വഴി സീപോർട്ട്– എയർപോർട്ട് റോഡിൽ എത്തിച്ചേരുന്ന നാലുവരിപ്പാത 45 മീറ്റർ വീതിയിൽ നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ജി. സുധാകരൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടാകും നിർമാണം. വിശദമായ പദ്ധതിരേഖ തയാറാക്കുമെന്നും പി.ടി. തോമസിനെ മന്ത്രി അറിയിച്ചു.

അങ്കമാലി ബൈപ്പാസ് നിർമാണത്തിനു വിശദമായ പദ്ധതി രേഖ രണ്ടു മാസത്തിനകം സമർപ്പിക്കാൻ നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ബൈപ്പാസ് നിർമാണം പൂർത്തിയാക്കാൻ 1090 കോടി രൂപ വേണ്ടി വരുമെന്നാണു കരുതുന്നതെന്നും റോജി എം. ജോണിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.