ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ രൂപീകരിക്കണമെന്നു ശിപാർശ
Tuesday, June 28, 2016 1:00 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: തെലുങ്കാന മാതൃകയിൽ കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ രൂപീകരിക്കണമെന്നു സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കു കൊടുത്തിട്ടുള്ള ആനുകൂല്യങ്ങൾക്കൊപ്പം ജനസംഖ്യാനുപാതികമായി ക്രൈസ്തവ പിന്നോക്കക്കാർക്കും സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ സംസ്‌ഥാന സർക്കാരിനു സമർപ്പിച്ച ശിപാർശയിൽ വ്യക്‌തമാക്കുന്നു. ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങൾ ചേർന്നു തങ്ങളുടെ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുമ്പാണു വിവിധ വിഷയങ്ങളിലുള്ള ശിപാർശകൾ സംസ്‌ഥാന സർക്കാരിനു സമർപ്പിച്ചത്.

സംസ്‌ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക, സാമൂഹ്യ പിന്നോക്കക്കാർക്കു പ്രത്യേകമായ പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും ക്രിസ്ത്യൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ആവശ്യമാണെന്ന് ശിപാർശ വ്യക്‌തമാക്കുന്നു. കമ്മീഷന്റെ മറ്റു ശിപാർശകൾ: ആരാധനാലയങ്ങൾ, സെമിത്തേരി, കബർസ്‌ഥാനുകൾ എന്നിവയുടെ നിർമാണത്തിനു ജില്ലാ കളക്ടറുടെ അനുമതി ആവശ്യമെന്ന നിബന്ധന ഒഴിവാക്കണം. അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്‌ഥാപനങ്ങൾക്കാകണം. ക്രൈസ്തവ മതപഠനകേന്ദ്രങ്ങൾ, സൺഡേ സ്കൂളുകൾ എന്നിവയ്ക്കു ഗ്രാൻഡും മതാധ്യാപകർക്ക് ആനുകൂല്യങ്ങളും നൽകണം.

65 വയസു പൂർത്തിയായ വൈദികർക്കും സന്യസ്തർക്കും വെൽഫെയർ ഫണ്ടും പെൻഷൻ പദ്ധതികളും ആവശ്യമാണ്. കന്യാസ്ത്രീമഠങ്ങൾക്കു സുരക്ഷിതത്വം ഉറപ്പാക്കണം.


വിദേശജോലിക്കു സഹായകമാകുന്നതിനു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സിറിയക്, ലാറ്റിൻ, ഫ്രഞ്ച് ഭാഷകൾ പഠിപ്പിക്കുക. വിശുദ്ധനാടുകൾ സന്ദർശിക്കുന്നവർക്കു സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം.

പട്ടികജാതിക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കണം. പ്രീമെട്രിക് സ്കോളർഷിപ്പ് തുകയും ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പൻഡും വർധിപ്പിക്കണം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ ഭൂരഹിതർക്കു ഭൂമിയും ഭവനനിർമാണത്തിനു സബ്സിഡിയും നൽകണം. ന്യൂനപക്ഷങ്ങളിലെ പിന്നോക്കക്കാർക്കു കോഴ്സുകളുടെ പ്രവേശനത്തിനും ഉദ്യോഗത്തിനുമുള്ള മാർക്കിലും പ്രായത്തിലും ഇളവ് അനുവദിക്കണം. ഈ വിഭാഗത്തിലുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി വിവാഹസഹായനിധി രൂപീകരിക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നടത്തിയ സന്ദർശനങ്ങളുടെയും പഠനങ്ങളുടെയും ലഭിച്ച നിവേദനങ്ങളുടെയും വെളിച്ചത്തിലാണു ഗൗരവമായി പരിഗണിക്കേണ്ട ശിപാർശകൾ തയാറാക്കി സർക്കാരിനു സമർപ്പിച്ചതെന്നു സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. വി.വി. ജോഷി പറഞ്ഞു. പുതിയ സർക്കാർ ശിപാർശകളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ ചെയർമാൻ അഡ്വ. എം. വീരാൻകുട്ടി, അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവർ ചേർന്നാണു ശിപാർശകൾ സർക്കാരിനു സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.