സമയത്തിൽ കണിശക്കാരനായി സ്പീക്കർ
സമയത്തിൽ കണിശക്കാരനായി സ്പീക്കർ
Tuesday, June 28, 2016 12:45 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം: സൗമ്യഭാവക്കാരനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടക്കത്തിലേ നിലപാടു വ്യക്‌തമാക്കി. രാവിലെ എട്ടരയ്ക്കു തുടങ്ങി ഉച്ചകഴിഞ്ഞ് 1.30 ന് അവസാനിക്കണമെന്ന ചട്ടം പാലിക്കണം. ചില്ലറ മുറുമുറുപ്പുകളുണ്ടായെങ്കിലും ആദ്യ ദിനം സ്പീക്കർ വിജയിച്ചെന്നു പറയണം. അടിയന്തരപ്രമേയ നോട്ടീസ് ഉണ്ടായിട്ടുപോലും ആദ്യ ദിവസത്തെ നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി സഭ പിരിയുമ്പോൾ സമയം 2.25 മാത്രം.

മുമ്പു പല സ്പീക്കർമാരും പയറ്റി വക്കം പുരുഷോത്തമൻ ഒഴികെ മറ്റെല്ലാവരും പരാജയപ്പെട്ട പരീക്ഷണത്തിൽ ശ്രീരാമകൃഷ്ണൻ വിജയിക്കുമോ എന്ന് ഇപ്പോഴേ പറയാൻ പറ്റില്ല. ഏതായാലും തുടക്കം മോശമായില്ല എന്നു പറയാം. സ്പീക്കർ വടിയെടുത്താൽ വിരളില്ലെന്ന സൂചന പ്രതിപക്ഷത്തുനിന്നു ചിലരെങ്കിലും നൽകുകയും ചെയ്തു.

പതിന്നാലാം നിയമസഭ ഇതിനുമുമ്പു പല ദിവസങ്ങളിലും സമ്മേളിച്ചെങ്കിലും സാധാരണ നടപടിക്രമങ്ങളോടെ സമ്മേളനം നടന്ന ആദ്യദിനമായിരുന്നു ഇന്നലെ. തലശേരിയിൽ ദളിത് പെൺകുട്ടികളെ ജയിലിലാക്കിയ സംഭവം ഉന്നയിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ പ്രതിപക്ഷം ഒടുവിൽ വാക്കൗട്ടോടെ പ്രതിപക്ഷ ദൗത്യം നിറവേറ്റി.

ചർച്ച തുടങ്ങിയതോടെ തെരഞ്ഞെടുപ്പു വിജയത്തിന്റെയും ഒരു മാസത്തെ ഭരണ നേട്ടങ്ങളുടെയും മേനി പറയാൻ ഭരണപക്ഷത്തിനു നൂറു നാവായിരുന്നു. തോൽവിയുടെ ആഘാതത്തിൽ നിന്നു കരകയറിയില്ലെങ്കിലും ആദ്യദിനം പ്രതിപക്ഷവും മോശമാക്കിയില്ല. ഇരുപക്ഷത്തെയും പരിചയസമ്പന്നരുൾപ്പെടെ നിരന്ന നന്ദിപ്രമേയ ചർച്ചയിൽ തെരഞ്ഞെടുപ്പും ബിജെപിയും മുല്ലപ്പെരിയാറും തലശേരി സംഭവവുമെല്ലാം കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.

അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കെ.സി. ജോസഫ് ദളിത് പെൺകുട്ടികളെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന ആക്ഷേപം ഉന്നയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ട നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എന്നാൽ, പിണറായി മുൻനിലപാടിൽ തന്നെ ഉറച്ചുനിന്നു. അതത്ര വലിയ സംഭവമായി പിണറായി ഇപ്പോഴും കാണുന്നില്ലെന്നു മറുപടിയിൽ നിന്നു വ്യക്‌തമായിരുന്നു. ഏതായാലും പ്രതിപക്ഷം വാക്കൗട്ടിലൂടെ പ്രതിഷേധം പ്രകടിപ്പിച്ച് ആ വിഷയം അവസാനിപ്പിച്ചു.

ഗവർണറുടെ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണ് ഇന്നലെ ആരംഭിച്ചത്. പ്രമേയം അവതരിപ്പിച്ച എസ്. ശർമ യുഡിഎഫിനെതിരെ രാഷ്ട്രീയ ആക്രമണം തന്നെ അഴിച്ചുവിട്ടു. നേമത്തു കോൺഗ്രസിനു നഷ്‌ടപ്പെട്ട വോട്ട് സഭയിലിരിപ്പുണ്ടെന്നായിരുന്നു ബിജെപി ബന്ധം ആരോപിച്ചു കൊണ്ട് ശർമ പറഞ്ഞത്. അഴിമതിക്കാർക്കു പേടിസ്വപ്നവും സത്യസന്ധർക്കു വഴികാട്ടിയുമാകും ഇടതു സർക്കാർ എന്നു പറഞ്ഞാണ് ശർമ പ്രസംഗം അവസാനിപ്പിച്ചത്.

പ്രതിപക്ഷത്തു നിന്നു ചർച്ച തുടങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശർമയ്ക്കു മറുപടി കൊടുത്തു. നേമത്തു നിങ്ങളും ഞങ്ങളും തോറ്റു. നിങ്ങൾക്കുണ്ടായ നഷ്‌ടം സ്പീക്കർ തെരഞ്ഞെടുപ്പിൽ ലാഭമായി മാറി: സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ ഇടതുസ്‌ഥാനാർഥിക്കു വോട്ട് ചെയ്തതു സൂചിപ്പിച്ച് തിരുവഞ്ചൂർ പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം എൽഡിഎഫ് ഉയർത്തിയ പ്രചാരണ ബോർഡുകളിൽ ചുരുട്ടിയ മൂന്നു മുഷ്‌ടികൾ കണ്ടിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അതിൽ രണ്ടു മുഷ്‌ടികൾ ചേർന്ന് മൂന്നാമത്തെ മുഷ്‌ടിയോടു മർക്കടമുഷ്‌ടി കാട്ടിയെന്നു തിരുവഞ്ചൂർ പറഞ്ഞത് വി.എസ്. അച്യുതാനന്ദനെ ഉദ്ദേശിച്ചായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നാറുന്ന അഴിമതിക്കഥകളാണ് വി.എസ്. അച്യുതാനന്ദൻ വീണ്ടും ഓർമിപ്പിച്ചത്. അതിനുത്തരവാദികൾ ഏത്തേണ്ട സ്‌ഥലത്തു തന്നെ എത്തുമെന്ന കാര്യത്തിൽ വി.എസിനു സംശയമില്ല. സമയക്ലിപ്തത പാലിക്കുന്നതിൽ കാർക്കശ്യം കാട്ടിയ സ്പീക്കർക്കു പക്ഷേ വി.എസിനെ നിയന്ത്രിക്കുന്നതിനു ചെറിയൊരു ബുദ്ധിമുട്ട്. പ്രതിപക്ഷം ഇതു മുതലെടുക്കുമെന്നായതോടെ തങ്ങളുടെ മറ്റു പ്രസംഗകരുടെ സമയത്തിൽ കുറവുവരുത്താമെന്നു പറഞ്ഞ് മന്ത്രി എ.കെ. ബാലൻ പ്രശ്നപരിഹാരനിർദേശവുമായി മുന്നോട്ടുവന്നു.


മദ്യനയം തിരുത്താൻ മുതിർന്നാൽ വലിയ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകുകയായിരുന്നു മുസ്ലിംലീഗുകാരനായ എൻ. ഷംസുദ്ദീൻ. ഒരു മതപുരോഹിതനെ കൂട്ടുപിടിച്ചു തന്നെ മണ്ണാർക്കാട്ട് തോൽപിക്കുന്നതിനായി യാഥാസ്‌ഥിതിക, തീവ്രവാദ, മൗലികവാദക്കാരുടെ വോട്ടെല്ലാം ഇടതുപക്ഷം പിടിച്ചെന്ന് ഷംസുദ്ദീൻ ആരോപിച്ചു. പക്ഷേ ഇടതുപക്ഷക്കാരുൾപ്പെടെയുള്ള മതേതര വിശ്വാസികൾ വോട്ടു ചെയ്ത് തന്നെ വിജയിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

നാലു മാസം മുമ്പ് യുഡിഎഫ് ഭരണം കേരളത്തിന്റെ സുവർണകാലമെന്നു പറഞ്ഞ ഗവർണറെക്കൊണ്ട് ഇപ്പോൾ അഴിമതി ഭരണമെന്നു പറയിച്ചത് അപമാനകരമായെന്ന് കേരള കോൺഗ്രസ്– എം നേതാവ് കെ.എം. മാണി പറഞ്ഞു. കേരളത്തിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം യുഡിഎഫ് ഭരണത്തിനുള്ള അംഗീകാരമാണ്. കഴിഞ്ഞ കാല ഭരണം കൊണ്ട് കേരളത്തിനു വലിയ പുരോഗതിയുണ്ടായെന്ന കാര്യം വിസ്മരിക്കാനാകില്ലെന്നും മാണി പറഞ്ഞു.

തീവ്രവാദികളുടെ വോട്ടുവാങ്ങിച്ചാണ് ലീഗ് ജയിച്ചുവന്നതെന്നായിരുന്നു ചിറ്റയം ഗോപകുമാറിന്റെ വാദം. നന്ദിപ്രമേയ പ്രമേയത്തെ എതിർക്കുന്നു എന്നു പറയാൻ പോലും പേടിയാണെന്നായിരുന്നു എൻ.എ. നെല്ലിക്കുന്നു പറഞ്ഞത്. എതിർക്കുന്നവരെയെല്ലാം സ്‌ഥലംമാറ്റുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. എൻഡോസൾഫാനെക്കുറിച്ച് ഒരുപാടു പറഞ്ഞ ഇടതുപക്ഷം ഭരണത്തിൽ വന്നപ്പോൾ എൻഡോസൾഫാൻ എന്ന വാക്കു പോലും ആദ്യ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിജെപി രണ്ടാമതു വന്ന കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫിന് കെട്ടിവച്ച കാശു പോയ കാര്യം നെല്ലിക്കുന്ന് ഓർമിപ്പിച്ചു.

ഉമ്മൻ ചാണ്ടിയോടു ജനം കടപ്പെട്ടിരിക്കുന്നു എന്നു പറയുന്ന യുഡിഎഫുകാരോട് പുതുമുഖമായ കെ. രാജൻ പറഞ്ഞതു കേരളത്തിലെ ജനങ്ങൾ കടപ്പെടുകയല്ല, കടത്തിൽ പെടുകയാണു ചെയ്തരിക്കുന്നതെന്നാണ്. അഴിമതി തുടച്ചുനക്കിയവരിൽ നിന്ന് അഴിമതി തുടച്ചുനീക്കുന്നവരിലേക്കുള്ള മാറ്റമാണു കേരളത്തിലുണ്ടായതെന്നും രാജൻ പറഞ്ഞു. യുഡിഎഫ് ഭരണത്തെ പഞ്ചവത്സര വിളയാട്ടം എന്ന വാക്കുപയോഗിച്ചാണ് എം. രാജഗോപാൽ വിശേഷിപ്പിച്ചത്.

സിപിഎം– ബിജെപി ബന്ധം ആരോപിച്ച പി.ടി. തോമസ്, ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു വന്ന പിണറായി വിജയൻ ലോക്നാഥ് ബെഹ്റയെ ഡിജിപി ആക്കിയതിൽ പോലും ചില ധാരണകൾ മണത്തു. വർഗീയ കാർഡ് കളിച്ചാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിലും വിജയിച്ചത് എന്ന് ആരോപിച്ച പി.ടി., അഴിമതി എന്നു പറഞ്ഞ് ഉമ്മൻ ചാണ്ടിയെയോ ഏതെങ്കിലും യുഡിഎഫ് നേതാവിനെയോ ഒന്നു തൊടാൻപോലും സർക്കാരിനു കഴിയില്ലെന്നും പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയും ചർച്ചയിൽ കടന്നുവന്നു. പിണറായി വിജയന് ഇന്നു കേരളത്തിലുള്ളതിനേക്കാൾ കൂടുതൽ പോസ്റ്ററുകൾ തമിഴ്നാട്ടിലാണുള്ളതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോസ്റ്ററിലുള്ളത് എന്താണെന്നു പി.ടി. തോമസ് പറഞ്ഞു: ‘പിണറായി പെരിയ ആളു താൻ, തമിഴ് മക്കൾ ഒരു പൂ കേട്ടേൻ, പിണറായി ഒരു പൂന്തോട്ടം തന്നേൻ.‘

‘നാഥാ നീ വരും കാലൊച്ച കേട്ടു ഞാൻ കാതോർത്തു കാത്തിരുന്നു‘ എന്നു പാടി മന്ത്രിമാരെ കാത്തിരുന്ന സൂര്യസുന്ദരിമാരുടെ കാലം കഴിഞ്ഞെന്നായിരുന്നു എ. പ്രദീപ്കുമാറിന്റെ പക്ഷം.

സി.കെ. നാണു, എൻ. വിജയൻ പിള്ള, പി. ഐഷ പോറ്റി, സി.കെ. ഹരീന്ദ്രൻ, പി. ഉണ്ണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു. നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.