ഇതരസംസ്‌ഥാന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തും: തൊഴിൽ മന്ത്രി
ഇതരസംസ്‌ഥാന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തും: തൊഴിൽ മന്ത്രി
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: ഇതര സംസ്‌ഥാന തൊഴിലാളികളെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ജെയിംസ് മാത്യുവിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതര സംസ്‌ഥാനത്തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സംവിധാനമൊരുക്കും. കുടിയേറ്റ തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചെങ്കിലും 53,136 പേർ മാത്രമേ ഇതുവരെ അംഗമായിട്ടുള്ളൂ. സംസ്‌ഥാനത്ത് എത്ര ഇതര സംസ്‌ഥാന തൊഴിലാളികൾ ഉണ്ടെന്നതിനു കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഇവരുടെ സംഖ്യ 25 ലക്ഷം കവിയുമെന്നാണ് കണ്ടെത്തിയത്.

ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്ന പാലക്കാട് ജില്ലയിലെ അപ്നാ ഘർ പദ്ധതി സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇവരുടെ സഹായത്തിനായി ഹെൽപ് ലൈനു രൂപം നൽകുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നവിധം പരിഷ്കരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. വി.ഡി സതീശന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

സ്കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില സ്കൂളുകളിൽ നിലവിലുള്ള ഷിഫ്റ്റ് സമ്പ്രദായം ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.


പീരുമേട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിലവിലുള്ള ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന ഇ.എസ്. ബിജിമോളുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകരുടെ കുറവും ക്ലാസുമുറികളുടെ അസൗകര്യവും പരിഹരിക്കുന്നതിന് അനുസരിച്ചു ഷിഫ്റ്റ് സമ്പ്രദായം പൂർണമായി പരിഹരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചവത്സര ക്രിമിനോളജി ബിഎ– എൽഎൽബി വിദ്യാർഥികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ സാധിക്കാത്തതു എംജി സർവകലാശാലയുടെ നിരുത്തരവാദപരമായ സമീപനം മൂലമാണെന്നും ഇക്കാര്യം ചാൻസലർ കൂടിയായ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും നിയമ മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

നിയമ പഠനത്തിൽ ബാർ കൗൺസിൽ നിഷ്കർഷിച്ച നിയമേതര വിഷയങ്ങൾ കോഴ്സിൽ ഉൾപ്പെടുത്താൻ എംജി സർവകലാശാല തയാറാകാത്തതാണ് വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ ആകാൻ കാരണമായത്. പാഠ്യവിഷയത്തിൽ മാറ്റം വരുത്തണമെന്നു രണ്ടു വർഷം മുൻപു ബാർ കൗൺസിൽ ഓഫ് ഇന്ത്യ സർവകലാശാലയെ അറിയിച്ചിരുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെന്നും എം. സ്വരാജിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു. ഹൈബി ഈഡനും വിഷയം അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.