റാഗിംഗ്: കർണാടക പോലീസ് കോതനല്ലൂരിൽ
റാഗിംഗ്: കർണാടക പോലീസ് കോതനല്ലൂരിൽ
Monday, June 27, 2016 3:19 PM IST
കടുത്തുരുത്തി: കർണാടകത്തിലെ ഗുൽബർഗിയിലെ നഴ്സിംഗ് കോളജിൽ മലയാളി പെൺകുട്ടി അശ്വതി റാഗിംഗിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയായ കോട്ടയം കോതനല്ലൂർ സ്വദേശിനിയായ ശിൽപാ ജോസിനെ തേടി കർണാടക പോലീസ് സംഘമെത്തി. കർണാടക പോലീസ് സംഘം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ശിൽപയുടെ വീട്ടിലെത്തിയത്. ഇതേസമയം ശിൽപയെ കർണാടക പോലീസ് സംഘം കസ്റ്റിഡിയിലെടുത്തതായും വാർത്ത പ്രചരിച്ചിരുന്നു. ഗുൽബർഗ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഝാൻവിയും സിഐമാരും ഉൾപെട്ട ആറംഗസംഘമാണ് എത്തിയത്.

കോഴിക്കോട്ടു നിന്നും കന്നട ഭാഷ അറിയുന്ന ഹോം ഗാർഡിനെയും കർണാടക പോലീസ് സംഘം ഒപ്പം കൂട്ടിയിരുന്നു. കടുത്തുരുത്തിയിൽ ഞായറാഴ്ച്ച രാത്രിയിൽ എത്തിയ കർണാടക പോലീസ് സംഘം അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. ഇന്നലെ രാവിലെയോടെയാണ് കടുത്തുരുത്തി സ്റ്റേഷനിൽ നിന്ന് ഒരു എഎസ്ഐയെയും കൂട്ടി സ്‌ഥലത്തെത്തിയത്. കർണാടക പോലീസ് സംഘമെത്തുമ്പോൾ ശിൽപയുടെ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. സമീപത്തുള്ള ബന്ധുക്കളുമായും നാട്ടുകാരുമായും കർണാടകസംഘം ഹോംഗാർഡിന്റെ സഹായത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ശനിയാഴ്ച്ച വരെ വീട്ടിൽ ശിൽപയെയും കുടുംബാംഗങ്ങളെയും കണ്ടതായി അയൽവാസികൾ പറയുന്നുണ്ട്. എന്നാൽ കേസിൽ ശിൽപയും പ്രതിയാണെന്ന തരത്തിൽ പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് കുടുംബം വീട് അടച്ചു സ്‌ഥലം വിട്ടതെന്ന് നാട്ടുകാർ പറയുന്നു. ശിൽപയുടെ അമ്മയുടെ വീട്ടിലും പോലീസ് സംഘമെത്തി. ശിൽപയുടെ വീട്ടിലെ കാർ ഇവരുടെ വീട്ടിൽ കണ്ടെത്തി. സാമ്പത്തികമായി നല്ല നിലയിലാണ് ഇവരുടെ കുടുംബമെന്നും അയൽവാസികളും ബന്ധുക്കളും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.