കാവാലത്തിനു തലസ്‌ഥാനത്തിന്റെ അന്ത്യാഞ്ജലി
കാവാലത്തിനു തലസ്‌ഥാനത്തിന്റെ അന്ത്യാഞ്ജലി
Monday, June 27, 2016 3:19 PM IST
തിരുവനന്തപുരം: നാടൻ ശീലുകളും വായ്ത്താരികളും നാട്ടുതനിമയും ഉറക്കെ ഉദ്ഘോഷിച്ച ഗാനങ്ങളുടെ അകമ്പടിയിൽ, നഷ്‌ടതാളത്തിന്റെ ഓർമയിൽ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്കു തലസ്‌ഥാനത്തെ കലാസാംസ്കാരിക ലോകം അന്തിമോപചാരമർപ്പിച്ചു.

പതിറ്റാണ്ടുകളോളം തന്റെ കർമ മണ്ഡലമായിരുന്ന തലസ്‌ഥാനം വിട്ടു കാവാലം ഇനി സ്വന്തം നാടായ കാവാലത്തേക്ക്. ഇന്നു പുലർച്ചെ മൂന്നോടെ തലസ്‌ഥാനത്തുനിന്നു കാവാലത്തേക്കു കൊണ്ടു പോയ അദ്ദേഹത്തിന്റെ ഭൗതികശരീരം കുടുംബ വീട്ടിൽ ഉച്ചയ്ക്ക് 3.30 വരെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നരേം 4.45ന് കാവാലത്തിന്റെ സ്വന്തംവീടായ “ശ്രീഹരിയിലെ’ വീട്ടുവളപ്പിൽ ഒദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

നാട്ടുതനിമ കൊണ്ടു മലയാളനാടകവേദിയെ മാറ്റിപ്പണിത നാടകാചാര്യന്റെ ഭൗതിക ശരീരം ഇന്നലെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ അദ്ദേഹത്തിന്റെ നാടകക്കളരിയായ സോപാനത്തിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തി.

പുലർച്ചെ മുതൽ ക്രമം തെറ്റിയെത്തിയ കാണികൾ നാടകക്കളരിയുടെ അരങ്ങു കൈയടക്കുമ്പോൾ, സദസിന്റെ മധ്യത്തിൽ വെളുത്ത പൂക്കൾകൊണ്ട് അലങ്കരിച്ച നിശബ്ദതയിലായിരുന്നു കാവാലം.

തിരശീലയില്ലാത്ത ശീലങ്ങൾ പകർന്നേകിയ ഗുരുനാഥനു ശിഷ്യർ നൽകിയ സംഗീത സ്നേഹാഞ്ജലിയിലൂടെ കാവാല സംഗീതം വീണ്ടും ‘’ ...കൊമ്പനാനപ്പുറത്തേറി വന്നു...’’. ഘനീഭവിച്ചു നിന്ന ദുഃഖത്തിനിടയിലും, തലയിളക്കിയും വിരലനക്കിയും അന്തിമോപചാരം അർപ്പിക്കാനെത്തിയ പുരുഷാരവും ആ സംഗീതം ഒരിക്കൽക്കൂടി ഏറ്റുവാങ്ങി. സോപാനത്തിലേക്കുള്ള കാവാലത്തിന്റെ അവസാന യാത്രയ്ക്കു കൂട്ടുവന്ന പത്നി ശാരദാമണിക്കും മകൻ കാവാലം ശ്രീകുമാറിനും ഭാര്യയ്ക്കും ബന്ധുക്കൾക്കും ഇടയ്ക്കെങ്കിലും ആ സ്നേഹ താളത്തിനൊപ്പം ചേരാതിരിക്കാൻ കഴിഞ്ഞില്ല.

നാട്ടിൻ പുറത്തിന്റെ തനതു താളം മുഴങ്ങിയ മണിക്കൂറുകളിൽ അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും എത്തിച്ചേർന്നവർ വരിവരിയായി അരങ്ങിൽ നിന്നും സദസിലേക്കു ചുവടുവച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ ബാലൻ, വി.എസ് സുനിൽകുമാർ, ഡോ. തോമസ് ഐസക്, പ്രഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ എം.ബി. രാജേഷ്, ഡോ. ശശിതരൂർ, സുരേഷ് ഗോപി, മുൻ മുഖ്യമന്ത്രിമാരായ വി.എസ.് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, എംഎൽഎമാരായ സി. ദിവാകരൻ, കെ.ബി. ഗണേഷ്കുമാർ, മുകേഷ്, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രതിഭ ഹരി, എ.എം. ആരിഫ്, വി.ഡി. സതീശൻ, കെ.സി. ജോസഫ്, ഒ. രാജഗോപാൽ, കോൺഗ്രസ് നേതാക്കളായ പന്തളം സുധാകരൻ, പാലോട് രവി, മുൻ സ്പീക്കർ എൻ. ശക്‌തൻ, എം.എം. ഹസൻ, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, സിപിഎം നേതാക്കളായ എം.വി. ഗോവിന്ദൻ, എം. വിജയകുമാർ, കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, ബിജെപി നേതാക്കളായ വി. മുരളീധരൻ, കരമന ജയൻ, വി.വി. രാജേഷ്, വി. ശിവൻകുട്ടി, അഭിനേതാക്കളായ നെടുമുടി വേണു, മണിയൻപിള്ള രാജു, എം.ആർ. ഗോപകുമാർ, സംവിധായകരായ ലെനിൻ രാജേന്ദ്രൻ, രാജസേനൻ, ബാലു കിരിയത്ത്, ഷാജി എൻ. കരുൺ, പ്രമോദ് പയ്യന്നൂർ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, രാജീവ്നാഥ്, ബീനാ പോൾ, മേതിൽ ദേവിക, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, കവികളായ മധുസൂദനൻ നായർ, പ്രഭാ വർമ, റോസ്മേരി തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ സോപാനത്തിലെത്തി കാവാലം നാരായണപ്പണിക്കർക്ക അന്തിമോപചാരമർപ്പിച്ചു.


<ആ>കേരളം ഒരിക്കലും കാവാലത്തെ മറക്കില്ലെന്നു ഗവർണർ

തിരുവനന്തപുരം: മലയാളി ജീവിതത്തിന്റെ തനത് നിഷ്കളങ്കതയെയും സൗരഭ്യത്തെയും തിളക്കത്തെയും കലാസൃഷ്‌ടികളിൽ എന്നും നിലനിർത്തിയ അതുല്യപ്രതിഭയായ കാവാലം നാരായണപ്പണിക്കരെ കേരളം ഒരിക്കലും മറക്കില്ലെന്നു ഗവർണർ ജസ്റ്റീസ് പി സദാശിവം.

ക്ലാസിക്കൽ കലാസങ്കൽപ്പങ്ങളെ ജനകീയ ഭാഷയിലൂടെയും ബിംബങ്ങളിലൂടെയും അവതരിപ്പിച്ചു നാടകരംഗത്തിനു പുതിയ ആവിഷ്കാരശൈലി നൽകിയ കാവാലത്തിനു കലാരംഗത്തെയും അക്കദമികലോകത്തെയും ഒരുപോലെ പ്രചോദിപ്പിക്കാനായി – ഗവർണർ സന്ദേശത്തിൽ പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.