കർഷകത്തൊഴിലാളി പെൻഷൻ: വരുമാനപരിധി കൂട്ടി
Monday, June 27, 2016 3:09 PM IST
തിരുവനന്തപുരം: കർഷകത്തൊഴിലാളി പെൻഷൻ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവായി. ഇതനുസരിച്ച് അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം പതിനൊന്നായിരം രൂപയിൽനിന്ന് ഒരു ലക്ഷമാക്കി കൂട്ടി. കൂടാതെ വരുമാന പരിധി കണക്കാക്കുന്നതിന് ഭർത്താവ്/ഭാര്യ, അവിവാഹിതരായ, പ്രായപൂർത്തിയായ ആൺമക്കളും ഉണ്ടെങ്കിൽ അവരുൾപ്പെടെയുളള അപേക്ഷകന്റെ വരുമാനംകൂടി കണക്കിലെടുക്കണം.

കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുന്ന ആളിനു പെൻഷനോടൊപ്പം മറ്റു സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ഏതെങ്കിലും ഒന്നുകൂടി ലഭിക്കാൻ അർഹതയുണ്ടായിരിക്കും. പെൻഷൻ വാങ്ങുന്നയാളിന്റെ വാർഷിക വരുമാനം പെൻഷൻ അനുവദിച്ചതിനു ശേഷം ഏതെങ്കിലും സമയത്ത് ഒരു ലക്ഷം രൂപയിൽ കവിയുകയാണെങ്കിൽ അയാൾ അതിനു ശേഷം പെൻഷന് അർഹനല്ലാതായിത്തീരും. ഈ ഭേദഗതികൾക്ക് 2016 ജൂൺ 23 മുതൽ പ്രാബല്യമുണ്ടായിരിക്കും. മറ്റു വ്യവസ്‌ഥകൾ നിലനിൽക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.


ഇപിഎഫ് പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾ, കർഷക തൊഴിലാളി/കർഷക പെൻഷൻ ഗുണഭോക്‌താക്കൾ, ഹൊണറേറിയംപൻഷൻ കൈപ്പറ്റുന്ന ആംഗൻവാടി ജീവനക്കാർ, ഒരു സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ, ഗ്രാന്റ് ലഭിക്കുന്ന അനാഥ/അഗതി/വൃദ്ധമന്ദിരങ്ങൾ/ക്ഷേമ സ്‌ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് അർഹതാ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെൻഷനുകൂടി അർഹതയുണ്ടായിരിക്കും എന്നു നിഷ്കർഷിച്ചിട്ടുണ്ട്.

എന്നാൽ, ഈ ആനുകൂല്യം കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്നവർക്കു ലഭിക്കുന്നില്ലെന്നു നിരവധി പരാതി സർക്കാരിൽ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.