സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനം തടയാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനം തടയാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
Sunday, June 26, 2016 12:49 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന ശക്‌തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചാരണത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം വിജെടി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ലഹരി മാഫിയ വലിയ വിപത്താണു സൃഷ്‌ടിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും ലഹരിയുടെ അടിമകളാക്കുന്നു.

മദ്യവും മയക്കുമരുന്നും കടന്ന് വേദനസംഹാരികളും മറ്റ് അപകടകരമായ ഉത്പന്നങ്ങളും യുവതലമുറ ഉപയോഗിക്കുന്ന അപകടകരമായ സ്‌ഥിതിയുണ്ട്. ഇതിനെതിരേ ശക്‌തമായ ബോധവത്കരണ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കും. എക്സൈസിനും പോലീസിനുമൊപ്പം പൊതുജനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധ സംഘടനകളും സാമൂഹിക, രാഷ്ട്രീയ സംഘടനകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ലഹരി ഉപയോഗം ശക്‌തമായി തടയാൻ സർക്കാർ എക്സൈസ് വകുപ്പിനും പോലീസിനും പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, വി.എസ്. ശിവകുമാർ എംഎൽഎ, എക്സൈസ് അഡീഷണൽ കമ്മീഷണർ കെ. ജീവൻ ബാബു എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള എക്സൈസ് വകുപ്പിന്റെ അവാർഡുകൾ സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, സ്കൂളുകൾ എന്നിവർക്കു മുഖ്യമന്ത്രി സമ്മാനിച്ചു. ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്‌ഞയും ചൊല്ലിയ ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്. തുടർന്നു സ്കൂൾ വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുള്ള ബോധവത്കരണ ക്ലാസുകളും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.