ജിഷവധം: സുഹൃത്തിനും പങ്കെന്നു പ്രതിയുടെ മൊഴി
ജിഷവധം: സുഹൃത്തിനും പങ്കെന്നു പ്രതിയുടെ മൊഴി
Sunday, June 26, 2016 12:49 PM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/പെരുമ്പാവൂർ: ജിഷയെ കൊലപ്പെടുത്തിയതിൽ സുഹൃത്ത് അനാറുൾ ഇസ്ലാമിനും പങ്കുണ്ടെന്നു അമീറുൾ ഇസ്ലാം അന്വേഷണ സംഘത്തിനു മൊഴി നൽകിയതായാണു സൂചന. ജിഷയുടെ ശരീരത്തിൽ ഏഴു പരിക്കുകൾ മാത്രമാണു താൻ ഉണ്ടാക്കിയിട്ടുള്ളതെന്നാണ് അമീറിന്റെ പുതിയ വെളിപ്പെടുത്തലെന്ന് അറിയുന്നു. പരിശോധനയിൽ 33ഓളം പരിക്കുകളാണു ജിഷയുടെ ശരീരത്തിൽ കണ്ടെത്തിയത്.

അമീറുൾ ഇസ്ലാം പറയുന്നതു ശരിയാണെങ്കിൽ ശേഷിക്കുന്ന പരിക്കുകൾ അനാർ ഉണ്ടാക്കിയതാണെന്ന് അനുമാനിക്കേണ്ടി വരും. എന്നാൽ, അടിക്കടി മൊഴിമാറ്റുകയും പരസ്പര വിരുദ്ധമായ രീതിയിൽ കാര്യങ്ങൾ വിവരിക്കുകയും ചെയ്യുന്ന അമീറിന്റെ മൊഴി അപ്പടി വിശ്വാസത്തിലെടുക്കാനും പോലീസ് തയാറായിട്ടില്ല. ഇതുവരെ കൊലപാതകത്തിനു പ്രേരണയാകുന്ന തരത്തിലെ ഇടപെടൽ മാത്രമാണ് അനാറുളിന്റെ ഭാഗത്തുനിന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാൽ, അമീറുളിന്റെ പുതിയ മൊഴികളുടെ അടിസ്‌ഥാനത്തിൽ ഇയാളുടെ പങ്കാളിത്തം ഉണ്ടെങ്കിൽ അത് ഉറപ്പാക്കാനുള്ള ശ്രമവും പോലീസ് തുടങ്ങിയിട്ടുണ്ട്.

പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിനുള്ളിൽനിന്നു കണ്ടെടുത്ത വിരൽപ്പാടുകൾ അമീറുളിനെ കൂടാതെ മറ്റൊരാൾകൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയം ഉയർത്തിയിരുന്നു.

എന്നാൽ, ഇതു കൃത്യത്തിൽ പങ്കുചേർന്ന ആളുടെ ആകാനിടയില്ലെന്നും സംഭവദിവസം വീട്ടിൽ എത്തിയ ആരുടെയെങ്കിലും ആകാമെന്നുമായിരുന്നു പോലീസ് നിഗമനം.

എന്നാൽ, അമീറുളിന്റെ പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത പോലീസ് ഉറപ്പാക്കേണ്ടി വരും.

അതേസമയം, അമീർ പറയുന്നതു പോലെയാണെങ്കിൽ അനാർ എന്തിനുവേണ്ടി ഈ കൊലപാതകത്തിൽ പങ്കാളിയായി എന്നതടക്കമുള്ള ചോദ്യങ്ങളും അന്വേഷണ സംഘത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്.

പോലീസ് ആസാമിൽ ഉൾപ്പെടെ പോയി തെരച്ചിൽ നടത്തിയെങ്കിലും അനാറിനെ കണ്ടെത്താനുള്ള ശ്രമം ഇനിയും ഫലം കണ്ടിട്ടില്ല. പ്രതി അമീറുളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത് ഈ മാസം 30 വരെയാണ്. കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപായി തന്നെ നുണ പരിശോധനയ്ക്കായി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.


<ആ> പ്രതിയുടെ നുണപരിശോധന നടത്താൻ നീക്കം

കൊച്ചി/പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ നീക്കം തുടങ്ങി. പ്രതി നിരന്തരം മൊഴി മാറ്റി പറഞ്ഞ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്ന സാഹചര്യത്തിലാണു ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുന്നത്. എന്നാൽ, ഇതിനു കോടതിയുടെ അനുമതി ആവശ്യമാണ്. ഇതു ലഭ്യമാക്കാനുള്ള നടപടി ഉടൻ തുടങ്ങും.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊച്ചിയിലുണ്ടായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകളിലാണു പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണു സൂചന. പ്രതിയുടെ ഡിഎൻഎ വീണ്ടും പരിശോധിക്കാൻ വെള്ളിയാഴ്ച പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു.

സാഹചര്യതെളിവുകൾ സംഘടിപ്പിക്കാൻ കഴിയാതെ അന്വേഷണസംഘം കുഴങ്ങുന്ന പശ്ചാത്തലത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകളെ അടിസ്‌ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണു തീരുമാനം. കൃത്യം നടത്തുന്നതിന് ഉപയോഗിച്ച ആയുധവും അപ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഉൾപ്പെടെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ സംബന്ധിച്ചും പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്. നുണപരിശോധനാ ഫലം തെളിവായി കോടതി സ്വീകരിക്കില്ലെങ്കിലും ഇതിലൂടെ അന്വേഷണത്തെ സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം കിട്ടിയില്ലെങ്കിൽ പോലും ഡിഎൻഎ പരിശോധന പോലുള്ള ശാസ്ത്രീയ രീതികളെ അവലംബിച്ചുകൊണ്ടു മാത്രം കൂടുതൽ നടപടികളിലേക്കു പോകാമെന്നു പോലീസ് കരുതുന്നു. സൗമ്യ കേസിലും മറ്റും ദൃക്സാക്ഷികളും മറ്റും ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ പിൻബലം പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുത്തതും പോലീസിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.