എൻജിനിയറിംഗ് പ്രവേശനം: സർക്കാർ നിലപാട് അംഗീകരിക്കില്ല–മാനേജ്മെന്റ് അസോസിയേഷൻ
Sunday, June 26, 2016 12:49 PM IST
കൊച്ചി: സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനത്തിൽ സർക്കാർ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നു സ്വാശ്രയ എൻജിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷൻ. പ്രവേശന പരീക്ഷ മാനദണ്ഡമാക്കാതെ പ്ലസ്ടു യോഗ്യതയുള്ളവരിൽനിന്ന് ഒഴിവ് വരുന്ന സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകളെ അനുവദിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ കൊച്ചിയിൽ ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനം പൂർണമായും പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാവണം എന്നാണ് മാനേജ്മെന്റുകളോടു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ നിർദേശം പാലിക്കുമ്പോൾ 45,000ഓളം സീറ്റുകളിൽ ഒഴിവു വരും. അങ്ങനെവന്നാൽ കോളജുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നു ജനറൽ ബോഡി യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം 18,000 സീറ്റുകൾ ഒഴിഞ്ഞുകിടന്ന സാഹചര്യം കൂടി പരിഗണിക്കണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ മാത്രമാണ് ഇത്തരം നിയന്ത്രണങ്ങളുള്ളത്. സർക്കാരിന്റെ ഈ നിലപാട് വിദ്യാർഥികളെ അന്യസംസ്‌ഥാനങ്ങളിലേക്കു പറഞ്ഞുവിടാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിൽ സംസ്‌ഥാന പൊതുപ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണു പ്രവേശനം നടക്കുന്നത്. ശേഷിക്കുന്ന എൻആർഐ ക്വോട്ടയുൾപ്പെടെയുള്ള 50 ശതമാനം മാനേജ്മെന്റുകൾക്കുള്ളത്.


സംസ്‌ഥാന സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ മാനേജ്മെന്റ്് സീറ്റിലും പ്രവേശിപ്പിക്കാവൂ എന്നാണു സർക്കാർ നിലപാട്. എന്നാൽ, പ്രവേശന പരീക്ഷയുടെ സമീകരണ പ്രക്രിയയ്ക്ക് മുമ്പുള്ള പട്ടികയിൽനിന്നു പ്രവേശനം അനുവദിക്കണമെന്നാണു മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്. ഈ നിലപാടിനെച്ചൊല്ലി സീറ്റ് പങ്കിടൽ ചർച്ച അലസുകയായിരുന്നു. പ്രവേശന പരീക്ഷയിൽ യോഗ്യത നേടാൻ പത്ത് മാർക്കാണു നിശ്ചയിച്ചത്. പ്ലസ്ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് കൂടി ചേർക്കുന്ന സമീകരണ പ്രക്രിയയ്ക്കു മുമ്പുള്ള പട്ടിക പരിഗണിച്ചാൽ യോഗ്യത നേടാത്ത കുട്ടികൾക്കു വരെ മാനേജ്മെന്റ് സീറ്റിൽ പ്രവേശത്തിനു സാഹചര്യമൊരുങ്ങും.

കഴിഞ്ഞ വർഷം സർക്കാർ സമീകരണ പ്രക്രിയയ്ക്ക് മുമ്പുള്ള പട്ടികയിൽനിന്നു മാനേജ്മെന്റ് സീറ്റിലേക്കു പ്രവേശം അനുവദിച്ചിരുന്നു. ഇതേ കരാർ ഈ വർഷവും വേണമെന്നാണു മാനേജ്മെന്റ് കോളജുകളുടെ ആവശ്യം. പ്രവേശന കാര്യത്തിൽ അസോസിയേഷനിൽ ഭിന്നതയില്ല. അസോസിയേഷനിൽ അംഗങ്ങളായവരിൽ 49 കോളജുകൾ 75,000 രൂപ ഫീസിൽ 25,000 രൂപ സ്കോളർഷിപ്പായി നൽകാൻ സന്നദ്ധരായി ഒപ്പുവച്ചിട്ടുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് പ്രഫ.കെ.ശശികുമാർ, സെക്രട്ടറി കെ.എം. മൂസ, ട്രഷറർ പി.ജെ. പൗലോസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.