എസ്ബിഐ എടിഎംകൗണ്ടർ ബോംബ് വച്ചു തകർത്തു
എസ്ബിഐ എടിഎംകൗണ്ടർ ബോംബ് വച്ചു തകർത്തു
Sunday, June 26, 2016 12:43 PM IST
നെടുമ്പാശേരി: ദേശീയപാത 47നോടു ചേർന്ന് ആലുവ ദേശം കവലയിലുള്ള എസ്ബിഐയുടെ എടിഎം കൗണ്ടർ കഴിഞ്ഞ രാത്രി ബോംബ് വച്ചു തകർത്തു. ലോക്കർ പൊട്ടാതിരുന്നതിനാൽ പണം അപഹരിക്കാൻ കഴിഞ്ഞില്ല. കവർച്ചാ സംഘം രക്ഷപ്പെട്ടു. സ്ഫോടനത്തിൽ തകർന്ന എടിഎമ്മിന്റെ മുകൾ ഭാഗവും പുറംചട്ടയും 12 മീറ്റർ വരെ ദൂരത്തേക്കു തെറിച്ചുവീണിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവമെന്നു നെടുമ്പാശേരി സിഐ വി.എസ്. ഷാജു പറഞ്ഞു. ബൈക്കിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടുപേരാണു ബോംബ് വച്ചതെന്നാണ് അറിവായിട്ടുള്ളത്. ഹെൽമറ്റ് വച്ചയാൾ കൗണ്ടറിലേക്കു പ്രവേശിക്കുന്ന അവ്യക്‌ത ചിത്രം ലഭിച്ചിട്ടുണ്ട്. പണം എടുക്കാനെന്ന വ്യാജേന വന്നവർ സിസിടിവി കാമറയിൽ തങ്ങളുടെ ചിത്രം പതിയാതിരിക്കാൻ പുകപോലെ പരക്കുന്ന വാതകമോ മറ്റോ എടിഎമ്മിനകത്തു തുറന്നു വിട്ടെന്നു സംശയമുണ്ട്. അതിനു ശേഷം കുത്തിപൊളിക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടതുകൊണ്ട് ബോംബ് വച്ചു പുറത്തേക്കിറങ്ങുകയായിരുന്നു. ഒന്നോ രണ്ടോ മിനിറ്റിനു ശേഷമാണ് സ്ഫോടനമുണ്ടായത്. ഇതോടെ ഇവർ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കുറച്ചുസമയം കഴിഞ്ഞ് ഇവർ തിരിച്ചെത്തിയെന്നാണു സൂചന.


ബോംബ് പൊട്ടി എടിഎം തകർന്നെങ്കിൽ കവർച്ച നടത്താനാണു തിരിച്ചെത്തിയതെന്നു സംശയിക്കുന്നു. എന്നാൽ, നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ആ വഴി വരികയും പോലീസ് ജീപ്പു കണ്ടതോടെ ഇവർ രക്ഷപ്പെടുകയുമായിരുന്നുവെന്നു പറയുന്നു. പാറമടയിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നു സംശയിക്കുന്നു. സമാനമായ മോഷണശ്രമം മറ്റു ചില സ്‌ഥലങ്ങളിലും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. ഡിജിപി ലോക്നാഥ് ബഹ്റ, ഐജി ശ്രീജിത്ത്, റൂറൽ എസ്പി സി.എൻ. ഉണ്ണിരാജ എന്നിവരും ഇന്നലെ പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.