106–ാം വയസിലും ഏലിയാമ്മച്ചി കൃഷിയിടത്തിൽ!
106–ാം വയസിലും ഏലിയാമ്മച്ചി കൃഷിയിടത്തിൽ!
Sunday, June 26, 2016 12:43 PM IST
<ആ>ജോയി കിഴക്കേൽ

തൊടുപുഴ: ചെയ്യാവുന്ന കാലത്തോളം എല്ലുമുറിയെ പണിയെടുക്കണം.. ഏലിയാമ്മയെന്ന അമ്മച്ചിയുടെ ആഗ്രഹമിതാണ്, ആഗ്രഹം മാത്രമല്ല ശീലവും. ഇപ്പോൾ വയസ് നൂറ്റിയാറിൽ എത്തിയെങ്കിലും ഏലിയാമ്മയുടെ ജീവിതത്തിൽ ഇതിനു മാറ്റമില്ല. കൃഷിയെ സ്നേഹിച്ചു കൊതിതീരാത്ത ജീവിതമാണിത്. ഈ മണ്ണും പ്രകൃതിയും അമ്മയെപ്പോലെയാണീ അമ്മയ്ക്ക്. നൂറ്റിയാറിലെ ചുറുചുറുക്കിന്റെ രഹസ്യം ചോദിച്ചാൽ ചെറുതായൊന്നു ചിരിക്കും. ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഏറെ കാര്യങ്ങൾ.

പുലർച്ചെ അഞ്ചിന് ഉണരും. പിന്നെ കുറേനേരം പ്രാർഥന, ബൈബിൾ വായന. അതിനുശേഷം പള്ളിയിൽ പോകും. വീട്ടിൽ തിരിച്ചെത്തി പ്രഭാതഭക്ഷണം. അതു കഴിഞ്ഞാൽ കുറച്ചുനേരം പത്രവായന. പിന്നെ നേരേ പുരയിടത്തിലേക്ക്. ചേന, ചേമ്പ്, പാവൽ, പയർ, ഇഞ്ചി... ഇങ്ങനെയുള്ള ഏതു കൃഷിയും ചെയ്യാൻ അമ്മച്ചിക്ക് ഇപ്പോഴും ചെറുപ്പത്തിന്റെ ആവേശം.

കൊമ്പൊടിഞ്ഞാൽ ഉണ്ണിപ്പിള്ളിൽ പരേതനായ തോമസിന്റെ ഭാര്യയായ ഏലിയാമ്മ ഇതുവരെ ഒരിക്കൽ മാത്രമേ ആശുപത്രിയുടെ വാതിൽപ്പടി കയറിയിട്ടുള്ളൂ, അതും അത്ര കാര്യമല്ലാത്ത ഒരു രോഗത്തിന്. ഒരു ചെവിക്ക് അൽപം കേൾവിക്കുറുവുണ്ടെങ്കിലും കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല.

ഏലിയാമ്മച്ചിക്കു പെൺമക്കൾ നാല്, ആൺ മക്കൾ രണ്ട്. ആറുമക്കളിൽ സെലിനും തൊമ്മച്ചനുമേ ജീവിച്ചിരിപ്പുള്ളൂ. 1910ലായിരുന്നു ഏലിയാമ്മയുടെ ജനനം. പരേതയായ മേരിയുടെ മകൻ ജെയ്സന്റെ കൂടെയാണ് ഇപ്പോൾ താമസം. ഇടയ്ക്കു തൊടുപുഴ തലയനാടുള്ള ഇളയമകൾ സെലിന്റെ വീട്ടിലെത്തും. കഴിഞ്ഞ ഒരു മാസമായി തലയനാടുള്ള സെലിന്റെ ഭർതൃഗൃഹത്തിലാണു താമസം. സെലിന്റെ മകൾ ജോസിയയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെയാണെങ്കിലും പകൽ സമയങ്ങളിൽ അമ്മച്ചിയെ കാണണമെങ്കിൽ കൃഷിയിടത്തിലെത്തണം.


25–ാം വയസിലായിരുന്നു തൊടുപുഴ അഞ്ചിരി ആക്കപ്പടിക്കൽ വർഗീസ്–അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളായ ഏലിയാമ്മയുടെ വിവാഹം. കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിലായിരുന്നു വിവാഹ ചടങ്ങ്. തലയനാട് ഇടവകയിലെ ഉണ്ണിപ്പിള്ളിൽ തോമസായിരുന്നു വരൻ. ചട്ടയും മുണ്ടും ഉടുത്തായിരുന്നു വിവാഹത്തിനു പോയത്. ഷർട്ടും മുണ്ടുമായിരുന്നു വരന്റെ വേഷം. മൂന്നുചുറ്റുള്ള 153 മണിയുള്ള കൊന്തയായിരുന്നു മാലയായി അണിഞ്ഞത്. വാഴയിലയിലായിരുന്നു സദ്യ. പന്തിപ്പായ നിലത്തു വിരിച്ചു സദ്യ. തലയനാടുനിന്ന് അഞ്ചുകിലോമീറ്റർ നടന്നാണു കല്ലാനിക്കൽ പള്ളിയിൽ വിവാഹത്തിനെത്തിയതെന്നു കേട്ടാൽ ഇപ്പോഴത്തെ വധൂവരൻമാർ ഞെട്ടും. അന്നു ശർക്കരയും തേങ്ങയുമായിരുന്നു മധുരം വച്ചതെന്നും ഏലിയാമ്മ ഓർക്കുന്നു.

എല്ലാ പ്രാവശ്യവും കൃത്യമായി വോട്ടവകാശം വിനിയോഗിച്ചിരുന്ന അമ്മച്ചിക്ക് ഇളയമകളുടെ വീട്ടിലായിരുന്നതിനാൽ ഇത്തവണ ഇടുക്കി അസംബ്ലി മണ്ഡലത്തിൽ വോട്ടുചെയ്യാൻ കഴിയാത്തതിൽ ചെറിയ വിഷമം ഉണ്ട്. മൂന്നുതലമുറകളെ കാണാൻ ഭാഗ്യം സിദ്ധിച്ച ഏലിയാമ്മ മുഖത്തെ പുഞ്ചിരി മായാറേയില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഠിനാധ്വാനം, കൃഷിയോടുള്ള സ്നേഹം, ദൈവാശ്രയത്വം, അടുക്കും ചിട്ടയുമുള്ള ജീവിതം – ഇതാണ് ഈ അമ്മച്ചിയുടെ വിജയരഹസ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.