മദ്യനയം: സത്യസന്ധമായ ജനഹിത പരിശോധനയ്ക്കു സർക്കാർ തയാറാകണമെന്നു വി.എം. സുധീരൻ
മദ്യനയം: സത്യസന്ധമായ ജനഹിത പരിശോധനയ്ക്കു സർക്കാർ തയാറാകണമെന്നു വി.എം. സുധീരൻ
Sunday, June 26, 2016 12:43 PM IST
തിരുവനന്തപുരം: മദ്യനയ രൂപീകരണത്തിനായി സത്യസന്ധമായ ജനഹിത പരിശോധന നടത്താൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

സ്വാർഥതാത്പര്യക്കാരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കാതെ കൃത്യമായ അജൻഡയും മാർഗനിർദേശങ്ങളും തയാറാക്കി മദ്യവർജനം വേണോ മദ്യനിരോധനം വേണോ എന്ന വിഷയത്തിൽ ജനഹിത പരിശോധന നടത്താൻ സർക്കാർ തയാറാകണം. മദ്യലോബിയുമായി ചേർന്നു തയാറാക്കിയ തിരക്കഥയുടെ അടിസ്‌ഥാനത്തിലാണു മദ്യനയ രൂപീകരണത്തിൽ ജനാഭിപ്രായം തേടുമെന്ന് എൽഡിഎഫ് സർക്കാർ പറയുന്നത്. മദ്യലോബിയുമായി അവിശുദ്ധ ബന്ധമാണു സിപിഎമ്മിനുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് അവർ മദ്യലോബിയുമായി ധാരണയിലെത്തി ചില ഉറപ്പുകൾ നൽകി. അതു നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ മദ്യനയ ശ്രമം.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം ഈ നിലപാടിനെ എതിർത്തിരുന്നു. പിന്നീട് സംസ്‌ഥാന ഘടകത്തിന്റെ സമർദത്തിനു വഴങ്ങി യെച്ചൂരിക്കു തീരുമാനം മാറ്റേണ്ടി വന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനു ഗുണഫലങ്ങളില്ലെന്ന വ്യജപ്രചാരണം സിപിഎമ്മിന്റെ ഭാഗത്തുനിന്നു വന്നുകൊണ്ടിരിക്കുന്നു. സർക്കാരിന്റെ നയപ്രഖ്യപന വേളയിൽ പോലും ഗവർണറെക്കൊണ്ട് ഇതു പറയിച്ചു.


ഇന്റർനാഷണൽ സെന്റർ ഫോർ ആൽക്കഹോൾ പോളിസിയും ഗ്ലോബൽ ആൾക്കഹോൾ പ്രൊഡ്യൂസേഴ്സ് ഗ്രൂപ്പും ചേർന്ന് ഇന്റർനാഷണൽ അലയൻസ് ഫോർ റെസ്പോൺസിബിൾ ഡ്രിങ്കേഴ്സിനു വേണ്ടി പ്രവർത്തിക്കുന്നു. ഇതിന്റെ പ്രചാരകരായി നയരൂപീകരണ വിദഗ്ധരേയും രാഷ്ട്രീയ നേതാക്കളെയും തൊഴിലാളികളെയും മാധ്യമപ്രവർത്തകരെയും സ്വാധീനിക്കുന്നുണ്ടെന്നും സുധീരൻ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി അധ്യക്ഷത വഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, വി.എസ്. ശിവകുമാർ, അഡ്വ. ജോൺസൺ ഏബ്രഹാം, പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ, മരിയാപുരം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.