വെനസ്വേലയിൽ കൊല്ലപ്പെട്ട മരുന്നു കമ്പനി ഉടമയുടെ സംസ്കാരം ഇന്ന്
വെനസ്വേലയിൽ കൊല്ലപ്പെട്ട മരുന്നു കമ്പനി ഉടമയുടെ സംസ്കാരം ഇന്ന്
Sunday, June 26, 2016 12:31 PM IST
ബദിയഡുക്ക: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കൊല്ലപ്പെട്ട ബദിയഡുക്ക പള്ളത്തടുക്ക സ്വദേശി കുമാരപ്രസാദി(41) ന്റെ മൃതദേഹം വെനസ്വേലയിലെ കുമന നഗരത്തിനടുത്ത ചരചക്രയിലെ ഇവരുടെ ഉടമസ്‌ഥതയിലുള്ള ആയുർവേദ പ്ലാന്റേഷനിൽ ഇന്നു സംസ്കരിക്കുമെന്നു സഹോദരി ഡോ.സുമ പ്രസാദ് അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിച്ചു തറവാട്ടുവളപ്പിൽ സംസ്കരിക്കണമെന്നു ബന്ധുക്കൾ അഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാലും നാട്ടിലേക്കു കൊണ്ടുവരാൻ നിയമ തടസമുള്ളതിനാലുമാണ് വെനസ്വേലയിൽ തന്നെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തതെന്നു ബന്ധുക്കൾ അറിയിച്ചു. മരുന്ന് കമ്പനികൾ തമ്മിലുള്ള കുടിപ്പകമൂലം കുമാരപ്രസാദിനെ(41)യും ഓഫീസ് ജീവനക്കാരി വെനസ്വേല സ്വദേശിനി എറീക്ക മറിയ അരസ് ലത്തിക്കി(48)നെയും അജ്‌ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി സംഘത്തെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. കുമാരപ്രസാദിനെയും എറീക്കയേയും ഒരാഴ്ച മുമ്പ് കാണാതായിരുന്നു. ഇതുസംബന്ധിച്ചു കുമാരപ്രസാദിന്റെ ഉടമസ്‌ഥതയിലുള്ള കമ്പനിയിലെ പാചകക്കാരനായ ബദിയഡുക്ക നീർച്ചാൽ പെർവയിലെ വെങ്കിട്ട കൃഷ്ണഭട്ട് വെനസ്വേല പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവരുടെ ഉടമസ്‌ഥതയിലുള്ള ചര ചക്രയിലെ ആയുർവേദ ആശുപത്രിയുടെ സമീപത്ത് ഇരുവരുടെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖത്തു പ്ലാസ്റ്റിക് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. അജ്‌ഞാത സംഘം തട്ടിക്കൊണ്ടു പോയശേഷം വെടിയുതിർക്കുക യും മരണം ഉറപ്പാക്കാൻ മുഖം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കുഴിച്ചുമൂടിയതെന്നാണു സംശയിക്കുന്നത്.


പ്രശസ്ത സസ്യശാസ്ത്രജ്‌ഞ നും വെനസ്വേലയിൽ ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു കുമാരപ്രസാദിന്റെ പിതാവ് ഡോ.കേശവഭട്ട്. വെനസ്വേലയിലെ പ്രശസ്ത സർവകലാശാലയായ കുമാനയിലെ യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റെ വെനസ്വേലയിൽ വർഷങ്ങളോളം ബോട്ടണി അധ്യാപകനായിരുന്നു കേശവഭട്ട്. സീനിയർ പ്രഫസറായിരിക്കെ നിരവധി മരുന്നുകൾ കണ്ടുപിടിച്ച് ഇദ്ദേഹം പ്രശസ്തനായി. 1987ൽ വിരമിച്ചശേഷം ആയുർവേദ മരുന്ന് ഗവേഷണത്തിൽ ഏർപ്പെട്ടുവരികയായിരുന്നു ഇദ്ദേഹം. 2010 ജൂലൈ 25ന് 75–ാം വയസിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.