കൊച്ചി മെട്രോ: രണ്ടാമത്തെ ട്രെയിൻ കോച്ചുകൾ നാളെ പുറപ്പെടും
കൊച്ചി മെട്രോ: രണ്ടാമത്തെ ട്രെയിൻ കോച്ചുകൾ നാളെ പുറപ്പെടും
Sunday, June 26, 2016 12:31 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി നിർമിച്ച രണ്ടാമത്തെ ട്രെയിനിന്റെ കോച്ചുകളും പേറിയുള്ള ട്രെയിലറുകൾ നാളെ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽനിന്നു കൊച്ചിയിലേക്കു തിരിക്കും. എട്ടു മുതൽ പത്തു ദിവസങ്ങൾകൊണ്ടു കൊച്ചിയിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ കോച്ചുകൾ നിർമിക്കാനായി കരാർ എടുത്തിരിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ അൽസ്റ്റോമിന്റെ ശ്രീസിറ്റിയിലെ പ്ലാന്റിൽനിന്നു മൂന്നു കൂറ്റൻ ട്രെയിലറുകളിലായിട്ടായിരിക്കും ഇവ കൊണ്ടുവരുന്നത്. കുറഞ്ഞ വേഗത്തിൽ രാത്രി സമയത്തു മാത്രമേ ട്രെയിലറുകൾ ഓടിക്കാൻ സാധിക്കൂ എന്നതിനാലാണ് ഇത്രയും ദിവസങ്ങൾ വേണ്ടിവരികയെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) അധികൃതർ വ്യക്‌തമാക്കി. കൊച്ചി മെട്രോ ട്രെയിനുകൾ ദൈനംദിനം കൊണ്ടുവന്നിടുന്നതിനും പരിശോധിക്കാനുമായി ആലുവയ്ക്കടുത്തു മുട്ടത്തു നിർമാണം പൂർത്തിയായി വരുന്ന യാർഡിലേക്കാണു രണ്ടാമത്തെ ട്രെയിനും എത്തിക്കുന്നത്. കോച്ചുകൾ ഇവിടെ എത്തിച്ചശേഷം കൂട്ടിയോജിപ്പിക്കൽ അടക്കമുള്ള ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഏഴു മുതൽ 10 ദിവസം വരെ വേണ്ടിവരും.

ഇനിമുതൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഓരോ ട്രെയിനുകൾ കൊച്ചിയിലെത്തിക്കുന്നതിനാണു കെഎംആർഎൽ പദ്ധതിയിടുന്നത്. ആദ്യഘട്ടം എന്ന നിലയിൽ ഇങ്ങനെ ഒമ്പതു ട്രെയിനുകൾ എത്തിക്കും. ആലുവ മുതൽ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള നിർദിഷ്ട ആദ്യഘട്ട പാതയിൽ സർവീസ് നടത്താനായി ഇത്രയും ട്രെയിനുകൾ മാത്രം മതിയാകുമെന്നും കെഎംആർഎൽ അധികൃതർ കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരി 10നാണ് കൊച്ചി മെട്രോയ്ക്കുള്ള ആദ്യ ട്രെയിൻ കൊച്ചിയിൽ എത്തിച്ചത്.

നിലവിൽ ഇടപ്പള്ളി ലുലുമാൾ വരെയുള്ള മെട്രോ പാതയിൽ അപ്ലൈൻ മാത്രം ഉപയോഗിച്ചുള്ള ട്രയൽറൺ നടത്തിക്കഴിഞ്ഞു. ഡൗൺ ലൈൻ എന്ന് അറിയപ്പെടുന്ന മടക്കപ്പാതയുടെ നിർമാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. രണ്ടാമത്തെ ട്രെയിൻ കൂടി എത്തിക്കഴിയുമ്പോൾ ഒന്നിലേറെ ട്രെയിനുകൾ ഉപയോഗിച്ച് ഓരേ സമയം പരീക്ഷണ ഓട്ടം നടത്താനാകും. നിലവിൽ ഒരു ട്രെയിൻ ഉപയോഗിച്ചു മാത്രമാണു പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.


മുട്ടം യാർഡിൽ പ്രത്യേകം തയാറാക്കിയിട്ടുള്ള റെയിലുകൾ ഘടിപ്പിച്ചിട്ടുള്ള പ്ലാറ്റ്ഫോമിലേക്കായിരിക്കും കോച്ചുകൾ കൊണ്ടുവന്നുവയ്ക്കുക. അവിടെനിന്നു കോച്ചിന്റെ പിൻഭാഗത്തു ബാറ്ററികൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന എൻജിൻ ഘടിപ്പിച്ചു കോച്ചുകളെ ഇൻസ്പെക്ഷൻ ബേയിലേക്കു തള്ളി നീക്കും. തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ പരിശോധനകളും മറ്റു ജോലികളും പൂർത്തിയാക്കുന്നതിന് ഒരാഴ്ചയെങ്കിലും എടുക്കും. ഇവിടെ വച്ചു കോച്ചുകളുടെ പരിശോധനകളും കൂട്ടിച്ചേർക്കാനുള്ള ഭാഗങ്ങൾ ഘടിപ്പിക്കുന്ന ജോലികളും നടക്കും. കോച്ചുകൾ തമ്മിൽ കൂട്ടി യോജിപ്പിക്കുന്നതും ഇവിടെവച്ചുതന്നെ ആയിരിക്കും. കോച്ചുകൾക്കകത്തെ സൂചകങ്ങളും ഡിസ്പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെവച്ചാകും ഒരുക്കുക.

ഇലക്ട്രിക്കൽ, മെക്കാനിക്കൽ സജ്‌ജീകരണങ്ങളും ഈ ഘട്ടത്തിൽ ഘടിപ്പിക്കും. ഇതിനുശേഷം മുട്ടം യാർഡിനകത്ത് തയാറാക്കിയിട്ടുള്ള ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ടെസ്റ്റ് ട്രാക്കിൽ ‘’ട്രെയിൻ ഓടിച്ചുനോക്കും. അതിനു ശേഷമായിരിക്കും തൂണുകൾക്കു മീതെയുള്ള മെട്രോ പാതയിലൂടെ രണ്ടാം വണ്ടി ഓടിക്കുക. അടുത്ത മാസം പകുതിയോടെ ഇതു സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 2015 മാർച്ചിലാണ് കോച്ചുകളുടെ നിർമാണം തുടങ്ങിയത്. ഓരോ കോച്ചിനും 22 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുണ്ട്. ഒരു കോച്ചിനു മാത്രം എട്ടു കോടി രൂപയാണു വില. ഇത്തരം മൂന്നു കോച്ചുകൾ ചേർന്നതാണ് ഒരു ട്രെയിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.