നിയമംകൊണ്ടു മാത്രം ലഹരിയെ ചെറുക്കാനാവില്ല: മന്ത്രി
നിയമംകൊണ്ടു മാത്രം ലഹരിയെ ചെറുക്കാനാവില്ല: മന്ത്രി
Sunday, June 26, 2016 12:31 PM IST
കോഴിക്കോട്: നിയമം കൊണ്ട് മാത്രം ലഹരിയെ ചെറുക്കാനാവില്ലെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിലുള്ള നിയമ വ്യവസ്‌ഥകൾക്കു മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നും മദ്യാസക്‌തിയും തടയാൻ വിദ്യാർഥി കേന്ദ്രീകൃത ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെയും സന്നദ്ധപ്രവർത്തകരെയും സഹകരിപ്പിച്ചുകൊണ്ടുള്ള പൊതുബോധവത്കരണത്തിനു പുറമെയാണ് വിദ്യാർഥി കേന്ദ്രീകൃത ബോധവത്കരണം. നിയമംമൂലം നിരോധിച്ചതുകൊണ്ടു മാത്രം ഈ ദൂഷ്യം തടയാനാവില്ലെന്നാണ് ഈ സർക്കാരിന്റെ വ്യക്‌തമായ നിലപാട്. നിയമവും ശിക്ഷയും ബോധവത്കരണവും ശക്തമാക്കിക്കൊണ്ടുള്ള ബഹുമുഖ പോരാട്ടമാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.


മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മയക്കുമരുന്നുമായി പിടിക്കപ്പടുന്നവർക്ക് എളുപ്പം രക്ഷപ്പെടാവുന്ന വ്യവസ്‌ഥകളുള്ള നിയമമാണ് നിലവിലുള്ളതെന്നും ഇതിൽ വ്യവസ്‌ഥചെയ്ത ശിക്ഷ താരതമ്യേന ലഘുവാണ്. ശിക്ഷ കർശനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജോയിന്റ് എക്സൈസ് കമ്മീഷണർ പി.വി മുരളീധരൻ, കൗൺസിലർ സുഷമ എസ്. ജേക്കബ്, ഡോ.അബ്ദുല്ല ചെറയക്കാട്ട്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സുരേഷ്, കെ.മുരളീധരൻ, കെ.രതീഷ്, കെ.സി കരുണാകരൻ, ജി. ഹരികൃഷ്ണപ്പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.